Top

ഹിഷാമിന്റെ ശബ്ദത്തില്‍ കേസരിയയുടെ മലയാളം വേര്‍ഷന്‍; 'ബ്രഹ്മാസ്ത്ര'ടീമിന് നന്ദി പറഞ്ഞ് ഗായകന്‍

കുങ്കുമമാകെ എന്ന ഗാനത്തിന്റെ അവസാന ഭാഗം സിദ്ദ് ശ്രീറാമും ചേര്‍ന്നാണ് പാടിയിരിക്കുന്നത്

18 July 2022 5:26 AM GMT
ഫിൽമി റിപ്പോർട്ടർ

ഹിഷാമിന്റെ ശബ്ദത്തില്‍ കേസരിയയുടെ മലയാളം വേര്‍ഷന്‍; ബ്രഹ്മാസ്ത്രടീമിന് നന്ദി പറഞ്ഞ് ഗായകന്‍
X

ബോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം 'ബ്രഹ്മാസ്ത്ര'യിലെ പ്രണയ ഗാനം കേസരിയ കഴിഞ്ഞ ദിവമാണ് റിലീസ് ചെയ്തത്. താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീറും ഒന്നിച്ച ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വിവധ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിലെ ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ ആലപിക്കുന്നത് ഹേഷാം അബ്ദുള്‍ വഹാബ് ആണ്. കുങ്കുമമാകെ എന്ന ഗാനത്തിന്റെ അവസാന ഭാഗം സിദ്ദ് ശ്രീറാമും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ഇങ്ങനെ ഒരു അവസരം നല്‍കിയതിന് സിനിമയുടെ ടീമിന് നന്ദി പറയുകയാണ് ഹേഷാം.

'വൈറല്‍ ആയ കേസരിയ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചതില്‍ വളരെ സന്തോഷമുണ്ട്, പ്രീതാം സര്‍ എന്നെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് വളരെ മികച്ച അനുഭവമായിരുന്നു. നിങ്ങള്‍ എന്നെ ആദ്യമായി വിളിച്ചപ്പോള്‍ എനിക്കുണ്ടായ വികാരം ഇപ്പോഴും ഓര്‍ക്കുന്നു. നിങ്ങളുടെ സംഗീതം എല്ലായ്‌പ്പോഴും ഒരു പ്രചോദനമാണ്. അതിന്റെ ഭാഗമാകുന്നതില്‍ സന്തോഷവുമുണ്ട്' ഹേഷാം സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

കേസരിയ എന്ന ഗാനം ഹിന്ദിയില്‍ ആലപിച്ചിരിക്കുന്നത് അര്‍ജിത് സിംഗ് ആണ്. പ്രീതം സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് അമിതാഭ് ഭട്ടാചാര്യയാണ് വരികള്‍ എഴുതിയിരിക്കുന്നത്. ആലിയ ഭട്ടും റണ്‍ബിര്‍ കപൂറും നായിക നായകന്മാരായി ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണ് 'ബ്രഹ്മാസ്ത്ര'. മൂന്ന് ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 'ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയേറ്ററുകളില്‍ എത്തുക.

അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയി, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇന്ത്യന്‍ പുരാണങ്ങളിലെ സങ്കല്‍പ്പങ്ങളും ഇന്നത്തെ ലോകവും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു പക്കാ ഫാന്റസി ചിത്രം തന്നെയാകും ഇത്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Story Highlights; Hesham Abdul Wahab croons the Malayalam version of Kesariya from Brahmastra

Next Story