

നാട്ടിലെ വീടോ പറമ്പോ വിൽക്കുമ്പോൾ കിട്ടുന്ന ലാഭത്തിന്റെ വലിയൊരു പങ്ക് നികുതിയായി പോകുമല്ലോ എന്നതാണോ നിങ്ങളുടെ വിഷമം? എന്നാൽ പേടിക്കേണ്ട, കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ പ്രവാസികൾക്ക് ഈ നികുതി ബാധ്യത നിയമപരമായി തന്നെ പൂജ്യത്തിലേക്ക് എത്തിക്കാം.

ഇന്ത്യയിൽ പ്രവാസി ഇന്ത്യക്കാരുടെ മൂലധന നേട്ട നികുതി നേരിട്ട് ഒഴിവാക്കിയിട്ടില്ല. എന്നാൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 54, 54F, 54EC എന്നിവ പ്രകാരം ദീർഘകാല മൂലധന നേട്ടം (LTCG) കൃത്യമായ രീതിയിൽ പുനർനിക്ഷേപിക്കുന്നതിലൂടെ നികുതി ബാധ്യത പൂജ്യമായി കുറയ്ക്കാൻ സാധിക്കും.
റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ, സർക്കാർ അംഗീകൃത ബോണ്ടുകൾ എന്നിവയിലെ നിക്ഷേപങ്ങൾക്കോ അല്ലെങ്കിൽ ഇരട്ട നികുതി ഒഴിവാക്കൽ കരാർ (DTAA) പ്രകാരമുള്ള ആനുകൂല്യങ്ങൾക്കോ ആണ് ഇത്തരം ഇളവുകൾ പ്രധാനമായും ലഭിക്കുന്നത്. ഈ നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് വഴി എൻആർഐകൾക്ക് വലിയൊരു തുക നികുതി ലാഭിക്കാൻ സാധിക്കും. ചില കേസുകളിൽ നികുതി നൽകുന്നത് പൂർണമായും ഒഴിവാക്കാനാകും.

എന്തൊക്കെ ചെയ്യണം?
പ്രവാസി സ്വത്ത് വിൽക്കുമ്പോൾ സ്രോതസ്സിൽ തന്നെ നികുതി (TDS) ഈടാക്കും. എന്നാൽ നികുതി ബാധ്യത കുറവാണെങ്കിൽ, കുറഞ്ഞ നിരക്കിൽ നികുതി ഈടാക്കുന്നതിനായി ലോവർ വിത്ത്‌ഹോൾഡിംഗ് ടാക്സ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാവുന്നതാണ്.
അതുപോലെ വസ്തുവകകൾ വിറ്റ തുക വീണ്ടും നിക്ഷേപിക്കുന്നതിലൂടെ നികുതി ലാഭിക്കാം.

നികുതി ഇളവ് ലഭിക്കാനുള്ള പുനർനിക്ഷേപങ്ങൾക്ക് കർശനമായ സമയപരിധിയുണ്ട്. വസ്തു വിൽക്കുന്നതിന് ഒരു വർഷം മുമ്പോ അല്ലെങ്കിൽ രണ്ട് വർഷത്തിനുള്ളിലോ പുതിയ വീട് വാങ്ങിയിരിക്കണം. നിർമ്മാണമാണെങ്കിൽ അത് 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയും വേണം.
54 EC എങ്ങിനെ ഉപകരിക്കും?
ആദായനികുതി നിയമത്തിലെ സെക്ഷൻ 54EC, എൻആർഐകൾക്ക് (NRI) തങ്ങളുടെ ദീർഘകാല മൂലധന നേട്ട നികുതി (LTCG) ലാഭിക്കുന്നതിന് ഏറ്റവും സുരക്ഷിതമായ മാർഗ്ഗമാണ്. ഇന്ത്യയിലെ വസ്തുവകകൾ (ഭൂമി അല്ലെങ്കിൽ കെട്ടിടം) വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന്മേലുള്ള നികുതി കുറയ്ക്കാൻ ഈ വകുപ്പ് സഹായിക്കുന്നു.
വസ്തു വിറ്റ് 6 മാസത്തിനുള്ളിൽ നിശ്ചിത ബോണ്ടുകളിൽ നിക്ഷേപം നടത്തണം. എൻഎച്ച്എഐ (NHAI), ആർഇസി (REC), പിഎഫ്സി (PFC) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോണ്ടുകളിലാണ് നിക്ഷേപിക്കേണ്ടത്. ഒരു സാമ്പത്തിക വർഷം പരമാവധി 50 ലക്ഷം രൂപ വരെ മാത്രമേ ഇത്തരത്തിൽ നിക്ഷേപിക്കാൻ സാധിക്കൂ. ഈ നിക്ഷേപത്തിന് 5 വർഷത്തെ ലോക്ക്-ഇൻ കാലാവധിയുണ്ട്.അതായത് ഈ സമയത്തിനുള്ളിൽ തുക പിൻവലിക്കാൻ സാധിക്കില്ല. മറ്റൊരു വസ്തു വാങ്ങാതെ തന്നെ നികുതി ഇളവ് നേടാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം.
54F ഏതുതരം ആസ്തികളിൽ ഇളവ് ലഭിക്കും ?
നിക്ഷേപകർക്കും പ്രവാസി ഇന്ത്യക്കാർക്കും (NRI) ആദായനികുതി നിയമത്തിലെ സെക്ഷൻ 54F വഴി വലിയ രീതിയിലുള്ള നികുതി ലാഭിക്കാൻ സാധിക്കും. വീടല്ലാത്ത മറ്റ് ആസ്തികൾ (റെസിഡൻഷ്യൽ പ്രോപ്പർട്ടി ഒഴികെയുള്ളവ) വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന്മേലുള്ള നികുതി ഒഴിവാക്കാൻ ഈ വകുപ്പ് സഹായിക്കുന്നു.

ഓഹരികൾ ,ബോണ്ടുകൾ, സ്വർണ്ണം, വാണിജ്യ ആവശ്യങ്ങൾക്കുള്ള ഭൂമി തുടങ്ങിയവയുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന ദീർഘകാല മൂലധന നേട്ടത്തിന് (LTCG) ഈ ഇളവ് ലഭിക്കും. വിറ്റ ആസ്തിയുടെ മൊത്തം തുക ഇന്ത്യയിലെ ഒരു പുതിയ റെസിഡൻഷ്യൽ വീട് വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ വേണ്ടി ഉപയോഗിക്കണം.
വസ്തു വിൽക്കുന്നതിന് ഒരു വർഷം മുമ്പോ അല്ലെങ്കിൽ രണ്ട് വർഷത്തിനുള്ളിലോ പുതിയ വീട് വാങ്ങിയിരിക്കണം. വീട് നിർമ്മിക്കുകയാണെങ്കിൽ മൂന്ന് വർഷത്തിനുള്ളിൽ അത് പൂർത്തിയാക്കിയിരിക്കണം. മൊത്തം തുകയും വീടിനായി വിനിയോഗിച്ചാൽ നികുതി പൂർണ്ണമായും ഒഴിവാക്കാം. ഭാഗികമായാണ് നിക്ഷേപിക്കുന്നതെങ്കിൽ ആ അനുപാതത്തിലുള്ള ഇളവ് മാത്രമേ ലഭിക്കൂ.
Content Highlights:How NRIs Can Save Capital Gains Tax When Selling Property in India: Sections 54, 54F & 54EC Explained