

ഇന്ത്യക്കാർക്ക് ചെലവ് ചുരുക്കി യാത്ര ചെയ്യാൻ ഭാരത് ടാക്സി എത്തി കഴിഞ്ഞു. സഹകരണ ഉടമസ്ഥാ മാതൃകയിലുള്ള പദ്ധതി കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആപ്പ് ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമായി ആണ് ഭാരത് ടാക്സി പ്രവർത്തിക്കുന്നത്. ഊബർ, ഒല ആപ്പുകളെക്കാൾ 20മുതൽ 30 ശതമാനം വരെ നിരക്ക് കുറവായിരിക്കും എന്നത് തന്നെയാണ് പ്രധാന സവിശേഷതകളിലൊന്ന്. നാല് കി.മീ.വരെയുള്ള യാത്രകൾക്ക് 30 രൂപയും നാലുമുതൽ 12 കിമീവരെയുള്ള യാത്രകൾക്ക് 23 രൂപവീതവും 12 കിമീറ്ററിന് മുകളിൽ കിലോമീറ്ററിന് 18 രൂപവീതവുമാണ് നിരക്ക് ഈടാക്കുക.

വൺ-വേ ഡ്രോപ്പുകൾ, മൾട്ടി-ഡേ റൗണ്ട്-ട്രിപ്പ് ഔട്ട്‌സ്റ്റേഷൻ യാത്രകൾ തുടങ്ങിയവ ഭാരത് ടാക്സി ഉറപ്പാക്കുന്നു. വിമാനത്താവളങ്ങൾക്കുള്ള പ്രത്യേക പിക്കപ്പ്, ഡ്രോപ്പ് സേവനങ്ങളും ലഭ്യമാണ്. ഹാച്ച്ബാക്കുകൾ സെഡാനുകൾ എസ്‌യുവികൾ ടെമ്പോ ട്രാവലേഴ്‌സ് എന്നിവയുൾപ്പെടെ വിവിധ തരം വാഹനങ്ങൾ ഭാരത് ടാക്സിക്കുണ്ട്.

ഓൺലൈൻ ടാക്സി സേവനങ്ങൾക്കുള്ള നിരക്കിൽ 30 ശതമാനം തുക ഇടനിലക്കാരിലേക്ക് കമ്മിഷൻ ഇനത്തിൽ നീക്കിവെക്കപ്പെടുമ്പോൾ ഭാരത് ടാക്സിയിൽ വിഹിതം പൂർണമായും ഡ്രൈവർമാരിലേക്കെത്തും. നിശ്ചിത നിരക്കു മാത്രമേ ഭാരത് ടാക്സി വഴി ഈടാക്കു.'ഡ്രൈവർ തന്നെ ഉടമ' എന്ന ആശയമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്.
ആപ്പിലാകുമോ ഒല, ഊബർ ?
വിദേശ നിക്ഷേപവും ഉബർ,ഒല സേവനങ്ങൾ ഇപ്പോൾ രാജ്യത്തിന്റെ എല്ലാ സ്ഥലങ്ങളിലും ലഭ്യമാകുന്നതിനാലും, ഭാരത് ടാക്സിക്ക് ആദ്യ വർഷങ്ങളിൽ കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം. അതേസമയം ഒല, ഉബർ തുടങ്ങിയവയ്ക്ക് ബദലായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭാരത് ടാക്സി സർവീസുകളുടെ ലാഭം നേരിട്ട് ഡ്രൈവർമാർക്ക് ലഭ്യമാകുന്ന പദ്ധതി എന്നതിനാൽ തന്നെ 3 ലക്ഷം ഡ്രൈവർമാർ ഇതിനോടകം തന്നെ ഭാരത് ടാക്സിയുട ഭാഗമായി കഴിഞ്ഞു. കൂടാതെ 1 ലക്ഷം പേർ ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തു.
തിരക്കുള്ള ദിവസങ്ങളിലും, കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് ഒല, ഊബർ എന്നിവ നിരക്കുകൾ കൂട്ടുന്നതുപോലെ, ഭാരത് ടാക്സി നിരക്കുകൾ കുത്തനെ കൂട്ടില്ല. ഡ്രൈവർമാർ തന്നെ ഓഹരി ഉടമകൾ ആകുന്നതിനാൽ, കാർ ബുക്ക് ചെയ്‌താൽ അത് റദ്ദാക്കുകയോ, കൂടുതൽ പണം ആവശ്യപ്പെടുകയോ ചെയ്യാനുള്ള സാധ്യത കുറവായിരിക്കും. സുതാര്യമായ നിരക്കുകൾ ആയതിനാൽ യാത്രക്കാരുടെ പോക്കറ്റ് കാലിയാകില്ലെന്ന് ചുരുക്കം.
രണ്ട് മാസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷമാണ് ഭാരത് ടാക്സി യാഥാർഥ്യമാകുന്നത് .ഡൽഹി, മുംബൈ, ബാംഗ്ലൂർ, പൂനെ, ചെന്നൈ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള 100-ലധികം നഗരങ്ങളിൽ ആണ് ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ചു തുടങ്ങുക. നിലവിൽ ഡൽഹി-എൻസിആർ, അഹമ്മദാബാദ്, രാജ്കോട്ട് എന്നിവിടങ്ങളിൽ ടാക്സി സേവനം ലഭ്യമാണ്. പിന്നീട് കാശ്മീർ മുതൽ കന്യാകുമാരി വരെ ലഭ്യമാകും. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, +91-9696000999 എന്ന നമ്പറിൽ 24x7 ഹെൽപ്പ്‌ലൈനിലൂടെയോ അല്ലെങ്കിൽ ആൻഡ്രോയിഡ് ആപ്പ് വഴിയോ ബുക്ക് ചെയ്യാം.
Content Highlights : Union Minister Amit Shah launches Bharat Taxi, first cooperative-led ride-hailing platform