
ഇന്ത്യന്‍ വ്യവസായി രത്തന്‍ ടാറ്റയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ ടാറ്റയുമായി ബന്ധപ്പെട്ട് വന്‍വിവാദങ്ങളാണ് ഉയര്‍ന്നുവരുന്നത്. ടാറ്റയുടെ ആസ്ഥാനമായ മുംബൈയിലെ ബോംബെ ഹൗസില്‍ ഒരു കാലത്ത് പാരമ്പര്യവും പൈതൃകവുമാണ് തലയുയര്‍ത്തി നിന്നതെങ്കില്‍ ദിവസം കഴിയും തോറും പുതിയ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തലപ്പൊക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദീര്‍ഘകാലമായി ഐക്യം, രാജ്യത്തിന്റെ വികസനം, കോര്‍പ്പറേറ്റ് ഉത്തരവാദിത്തം എന്നിവയിലെല്ലാം പേരെടുത്ത ടാറ്റ ഗ്രൂപ്പില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കടന്നുകൂടിയതാണ് ഇപ്പോള്‍ പുറത്ത് വലിയ ചര്‍ച്ചയായിരിക്കുന്നത്. ടാറ്റ സണ്‍സ് പ്രിന്‍സിപ്പള്‍ ഷെയര്‍ഹോള്‍ഡര്‍റായ ടാറ്റ ട്രസ്റ്റിലെ ട്രസ്റ്റികള്‍ക്കിടയിലാണ് പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ഉള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ ഒരുവശത്ത് കനക്കുമ്പോള്‍ പുറത്ത് വരും വര്‍ഷങ്ങളില്‍ ടാറ്റാ ഗ്രൂപ്പ് ഈ പ്രശ്‌നങ്ങളുമായി എങ്ങനെ മുന്നോട്ടു പോകുമെന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
ടാറ്റ സണ്‍സിന്റെ 66 ശതമാനവും സ്വന്തമാക്കിയ ടാറ്റ ട്രസ്റ്റിലാണ് അധികാര വടംവലികള്‍ നടക്കുന്നത്. ബോര്‍ഡ് അപ്പോയിന്റ്‌മെന്റുകളിലാണ് നിലവില്‍ തര്‍ക്കം ഉയര്‍ന്നത്. നിലവില്‍ ട്രസ്റ്റികള്‍ രണ്ട് വിഭാഗങ്ങളായ സ്ഥിതിവിശേഷമാണുള്ളത്. ടാറ്റയുടെ പൈതൃകത്തിന്റെ യഥാര്‍ത്ഥ സത്തയ്ക്ക് വേണ്ടിയാണ് തങ്ങള്‍ പ്രതിരോധം സൃഷ്ടിക്കുന്നതെന്നാണ് ഇരുവിഭാഗങ്ങളുടെയും വാദം.
ടാറ്റ ട്രസ്റ്റിന്റെ തലപ്പത്ത്, ചെയർമാന്‍ സ്ഥാനം അലങ്കരിക്കുന്നത് രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരനായ നോയല്‍ ടാറ്റയാണ്. ടാറ്റ സണ്‍സിന്റെ ബോര്‍ഡിലും അദ്ദേഹമുണ്ട്. ഇദ്ദേഹത്തിന്റെ മകനും മകളും ടാറ്റ ട്രസ്റ്റ് ബോര്‍ഡിലുണ്ട്. ടാറ്റ സണ്‍സ് ബോര്‍ഡ് അംഗവും ടാറ്റാ ട്രസ്റ്റിൻ്റെ ട്രസ്റ്റിയുമായ ടിവിഎസ് ഗ്രൂപ്പ് മേധാവി വേണു ശ്രീനിവാസന്‍ നോയല്‍ ടാറ്റയ്‌ക്കൊപ്പമാണ് നിലകൊള്ളുന്നത്. ഇവര്‍ക്കൊപ്പമാണ് മുന്‍ പ്രതിരോധ സെക്രട്ടറിയും ടാറ്റ ട്രസ്റ്റിൻ്റെ ട്രസ്റ്റിയുമായ വിജയ് സിങും നില്‍ക്കുന്നത്. മറുവിഭാഗത്തെ നയിക്കുന്നത് മെഹ്‌ലി മിസ്ത്രിയാണ്. രത്തന്‍ ടാറ്റയുടെ അടുത്ത സുഹൃത്തും ടാറ്റാ ട്രസ്റ്റിൻ്റെ ട്രസ്റ്റിയുമായ മിസ്ത്രി ടാറ്റാ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. എന്നാല്‍ നോയലിനാണ് മേല്‍ക്കൊയ്മ ലഭിച്ചത്. സൈറസ് മിസ്ത്രിയുടെയും ഷപൂര്‍ മിസ്ത്രിയുടെയും സഹോദരിയെയാണ് നോയല്‍ ടാറ്റ വിവാഹം കഴിച്ചിരിക്കുന്നത്. ഇവരുടെ ഫസ്റ്റ് കസിനാണ് മെഹ്‌ലി മിസ്ത്രി.
ടാറ്റാ ട്രസ്റ്റിലെ ട്രസ്റ്റിയായ പ്രമിത് ജാവേരി, ജഹാംഗീര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ജഹാംഗീര്‍ എച്ച് സി ജഹാംഗീര്‍, അഭിഭാഷകനായ ദാരിയസ് ഖംബാട്ട, ഷപൂര്‍ മിസ്ത്രി നേതൃത്വം നല്‍കുന്ന ഷപൂര്‍ദി പല്ലോന്‍ജി ഗ്രൂപ്പ് എന്നിവര്‍ മെഹ്‌ലി മിസ്ത്രിയെയാണ് പിന്തുണയ്ക്കുന്നത്. ടാറ്റ നിലനിര്‍ത്തിപ്പോന്ന രീതികള്‍ പിന്തുടര്‍ന്ന് പോയാല്‍ മതിയെന്ന നിലപാടിലാണ് നോയലും കൂട്ടരും. ആധുനികതയുടെയും സുതാര്യതയുടെയും പേര് പറഞ്ഞ് ടാറ്റയുടെ പ്രസിദ്ധമായ പാരമ്പര്യ രീതികളെ മാറ്റനാവില്ലെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ ഭരണപരമായും ഉത്തരവാദിത്വപരമായും ടാറ്റ സമകാലീനമായ നിലവാരത്തിലേയ്ക്ക് മാറണമെന്നാണ് മറുവിഭാഗം വാദിക്കുന്നത്. ടാറ്റാ ബോര്‍ഡ് സണ്‍സില്‍ ഒഴിഞ്ഞു കിടന്ന പദവികളില്‍ നോയല്‍ ടാറ്റ നിര്‍ദേശിച്ച മൂന്ന് പേരെ മെഹ്‌ലി ക്യാമ്പ് എതിര്‍ത്തു. അതേസമയം ഡയറക്ടര്‍ സ്ഥാനത്തുണ്ടായിരുന്ന വിജയ് സിങ് സ്ഥാനം രാജിവച്ചതായാണ് വിവരം. ഇദ്ദേഹത്തെ പുനര്‍നിയമിക്കാനുള്ള തീരുമാനം മിസ്ത്രിയും സംഘവും തടയുകയായിരുന്നു.
Content Highlights: The Tata Trusts are embroiled in turmoil amid internal disputes within the group