
നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ച് നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കരണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇനിമുതല്‍ 5%, 18% എന്നിങ്ങനെ രണ്ട് ജിഎസ്ടി സ്ലാബുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. 12%, 28% എന്നീ സ്ലാബുകള്‍ ഒഴിവാക്കി. സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ നിരവധി ഉത്പന്നങ്ങള്‍ക്കാണ് ഇതോടുകൂടി വില കുറയുന്നത്.
ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കും നല്‍കുന്നതിന്റെ ഭാഗമായി അമുല്‍ ബ്രാന്‍ഡിന് കീഴില്‍ സ്ഥിതി ചെയ്യുന്ന ഗുജറാത്ത് സഹകരണ പാല്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) നെയ്യ്, ബട്ടര്‍ ഐസ്‌ക്രീം, ബേക്കറി, ഫ്രോസണ്‍ ലഘുഭക്ഷണങ്ങള്‍ എന്നിവയുള്‍പ്പെടെ 700 ലധികം ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പന വില കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. പുതിയ വില സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.
വെണ്ണ, നെയ്യ്, യുഎച്ച്ടി പാല്‍, ഐസ്‌ക്രീം, ചീസ്, പനീര്‍, ചോക്ലേറ്റുകള്‍, ബേക്കറി ഉത്പന്നങ്ങള്‍, ഫ്രോസണ്‍ ഡയറി, ചീസി ചിപ്‌സ് ഐറ്റംസ്, കണ്ടന്‍സ്ഡ് മില്‍ക്ക്, നിലക്കടല സ്‌പ്രെഡ്, മാര്‍ട്ട് ബേസഡ് ഡ്രിങ്ക്‌സ് തുടങ്ങിയ ഉല്‍പ്പന്ന വിഭാഗങ്ങളിലായാണ് ജിസിഎംഎംഎഫ് ഈ പരിഷ്‌കരണം കൊണ്ടുവന്നിരിക്കുന്നത്.
വെണ്ണയുടെ (100 ഗ്രാം) എംആര്‍പി 62 രൂപയില്‍ നിന്ന് 58 രൂപയായി കുറച്ചു. നെയ്യ് വില ലിറ്ററിന് 40 രൂപ കുറച്ചു 610 രൂപയാക്കി. അമുല്‍ സംസ്‌കരിച്ച ചീസ് ബ്ലോക്കിന്റെ (1 കിലോ) എംആര്‍പി കിലോയ്ക്ക് 30 രൂപ കുറച്ചു 545 രൂപയായി. ഫ്രോസണ്‍ പനീറിന്റെ (200 ഗ്രാം) പുതിയ എംആര്‍പി സെപ്റ്റംബര്‍ 22 മുതല്‍ നിലവില്‍ 99 രൂപയില്‍ നിന്ന് 95 രൂപയായിരിക്കും. ഇന്ത്യയിലുടനീളമുള്ള വിതരണക്കാര്‍, അമുല്‍ പാര്‍ലറുകള്‍, ചില്ലറ വ്യാപാരികള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് അമുള്‍ വിലമാറ്റത്തിന്റെ നിര്‍ദേശം നല്‍കി.
അതേസമയം, മില്‍മ പാലിനും വില കൂട്ടില്ല. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില്‍ പാലിന് വില കൂട്ടിയാല്‍ അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. വിദഗ്ധ സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് തീരുമാനമെന്നും കെ എസ് മണി വ്യക്തമാക്കി.
ടൂത്ത് പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഹെയര്‍ ഓയില്‍, സൈക്കിള്‍, പാസ്ത, ന്യൂഡില്‍സ്, നെയ്യ്, വെണ്ണ, കോഫി, ചോക്ലേറ്റ് എന്നിവ ഇനിമുതല്‍ 5% ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടും. വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സുകളെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടിവികള്‍ക്ക് 18 ശതമാനമായിരിക്കും ഇനി ജിഎസ്ടി. 1200 സിസിക്ക് താഴെയുളള കാറുകള്‍ക്കും 350 സിസിയ്ക്ക് താഴെയുളള ബൈക്കുകള്‍ക്കും ജിഎസ്ടി 18 ശതമാനമായി കുറയും. ട്രാക്ടറുകള്‍, കൃഷിയാവശ്യത്തിനുളള യന്ത്രങ്ങള്‍ തുടങ്ങിയവയുടെ നികുതി അഞ്ച് ശതമാനമാകും. സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍, ശീതള പാനീയങ്ങള്‍ എന്നിവയുടെ നികുതി 40 ശതമാനമായിരിക്കും. രാജ്യത്തെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ജിഎസ്ടി നിരക്കില്‍ പരിഷ്‌കാരങ്ങള്‍ നടത്തിയതെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
Content Highlights: Amul reduces prices of products following GST reforms