മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ

വിവിധ സ്റ്റേഷനുകളിലായി 30ഓളം കേസികളില്‍ പ്രതിയാണ് ജിമ്മൻ കിച്ചു എന്ന കിഷോര്‍
മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ

മലപ്പുറം: ജില്ലയിലെ വിവിധയിടങ്ങളിലായി കവർച്ച പതിവാക്കിയ അന്തർജില്ലാ മോഷ്ടാവ് പിടിയിൽ. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടില്‍ കിഷോര്‍ എന്ന ജിമ്മൻ കിച്ചു (25)ആണ് അറസ്റ്റിലായത്. മലപ്പുറം ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലുമായി ഒരുമാസക്കാലമായി പതിവായി കവർച്ച നടത്തിയിരുന്നു. മോഷണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വിവിധയിടങ്ങളിലെ 200ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പരപ്പനങ്ങാടിയിൽ നിന്ന് ജിമ്മൻ കിച്ചു പിടിയിലായത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും സാഹസികമായി കീഴിപ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതൊടൊപ്പം പ്രതിയുടെ കൈവശമുണ്ടായിരുന്ന ആഡംബര ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രാസലഹരിക്കടിമയാണ് പിടിയിലായ ജിമ്മൻ കിച്ചു. മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ആര്‍ഭാടജീവിതമാണ് നയിച്ചിരുന്നത്. മോഷണം നടത്തി ലഭിക്കുന്ന തുക ഉപയോഗിച്ച് കിക്ക് ബോക്‌സിങ് പരിശീലനത്തിനും പെണ്‍സുഹൃത്തുക്കളുമായി കറങ്ങിനടക്കുന്നതിനുമായായിരുന്നു വിനിയോ​ഗിച്ചിരുന്നത്. വിവിധയിടങ്ങളിലായി നിരവധി കേസുകളിൽ പ്രതിയാണ് ജിമ്മൻ കിച്ചുവെന്ന കിഷോർ.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പലം, കൊണ്ടോട്ടി, വാഴക്കാട്, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂര്‍, അത്തോളി, കസബ, കൊടുവള്ളി, നല്ലളം, കൊയിലാണ്ടി, ഫറോക്ക്, മേപ്പയൂര്‍ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലായി 30ഓളം കേസുകളാണ് ജിമ്മൻ കിച്ചുവിൻ്റെ പേരിലുള്ളത്. അറസ്റ്റിലായ ജിമ്മൻ കിച്ചുവിനെ ജില്ലയുടെ അകത്തും പുറത്തുമായി ചോദ്യംചെയ്തു. ഇതോടെ അടുത്തിടെ നടന്ന 15-ഓളം മോഷണങ്ങൾ കണ്ടെത്താനും തുമ്പായി.

കേസ് അന്വേഷിക്കുന്നതിനായി ജില്ലാ പൊലീസ് മേധാവി എസ് ശശിധരൻ അന്വേഷണ സംഘത്തെ രൂപീകരിക്കാൻ നിർദേശിച്ചു. തുടർന്ന് മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. മലപ്പുറം ഡിവൈ എസ് പി ടി മനോജ്, മലപ്പുറം ഇന്‍സ്‌പെക്ടര്‍ ജോബി തോമസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി ആര്‍ ദിനേശ്കുമാര്‍, അജയന്‍, എഎസ്ഐ മാരായ വിവേക്, തുളസി, സോണിയ, പ്രത്യേക അന്വേഷണസംഘാംഗങ്ങളായ ഐ കെ ദിനേശ്, പി സലീം, ആര്‍ ഷഹേഷ്, കെ കെ ജസീര്‍ എന്നിവരടങ്ങിയതാണ് അന്വേഷണ സംഘം. ഈ സംഘത്തിൻ്റെ വിദ​ഗ്ധമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടാനായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com