ലങ്കയിലുമുണ്ട് ഒരു ലിറ്റിൽ ഇം​ഗ്ല‌ണ്ട്; കാഴ്ചയിൽ വിസ്മയിപ്പിക്കുന്ന നോറ ഇലിയ

ഇംഗ്ലണ്ടിലെ നാട്ടിൻപുറ കാഴ്ചകളെ ഓർമിപ്പിക്കും ശ്രീലങ്കയിലെ ഈ നാട്ടിൻപുറം

ലങ്കയിലുമുണ്ട് ഒരു ലിറ്റിൽ ഇം​ഗ്ല‌ണ്ട്; കാഴ്ചയിൽ വിസ്മയിപ്പിക്കുന്ന നോറ ഇലിയ
എ പി നദീറ
1 min read|01 Jan 2025, 06:25 pm
dot image

സദാ തണുത്ത കാലാവസ്ഥ, മഞ്ഞു പാളികൾ മൂടിയ പ്രഭാതം, പച്ചപ്പ്‌ പൊതിഞ്ഞ കാഴ്ചകൾ, തടാകങ്ങൾ, കൊളോണിയൽ വാസ്തു കലയിൽ വിരിഞ്ഞ വീടുകളും കെട്ടിടങ്ങളും. ഇംഗ്ലണ്ടിലെ നാട്ടിൻപുറ കാഴ്ചകളെ ഓർമിപ്പിക്കും ശ്രീലങ്കയിലെ ഈ നാട്ടിൻപുറം. ശ്രീലങ്കയിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ പിദുരുതലഗല അഥവാ മൗണ്ട് പെഡ്രോയുടെ താഴ്വരയിലാണ് നോറ ഇലിയ എന്ന പഴയ ബ്രിട്ടീഷ്‌ കോളനി. ശ്രീലങ്കയിലെത്തുന്ന വിനോദ സഞ്ചാരികൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത സ്വർഗമാണ് കൊളോണിയൽ ശേഷിപ്പുകൾ തനിമയൊട്ടും ചോരാതെ കാത്തു സൂക്ഷിക്കുന്ന നോറ ഇലിയ. ശ്രീലങ്കയിലെ മധ്യ പ്രവിശ്യയായ പഴയ കാൻഡിയൻ സാമ്രാജ്യത്തിന്റെ ഭാഗമാണ് ഈ പ്രദേശം.

ശ്രീലങ്കയിൽ ബ്രിട്ടീഷുകാരെ ഏറ്റവും ആകർഷിച്ച പ്രദേശങ്ങളിൽ ഒന്നായിരുന്നു ഇത്. ഇംഗ്ലണ്ടിലെ കാലാവസ്ഥയുടെ സാമ്യമുള്ള അന്തരീക്ഷം അവരെ ഇവിടെയൊരു കൊച്ചു സ്വർഗം തീർക്കാൻ പ്രേരിപ്പിച്ചു. സമുദ്ര നിരപ്പിൽ നിന്ന് 6128 അടി ഉയരത്തിൽ അങ്ങനെ പത്തൊൻമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നോറ ഇലിയ രൂപം കൊണ്ടു. പ്രദേശത്തെ മണ്ണും ഭൂപ്രകൃതിയും കാലാവസ്ഥയും തേയില കൃഷിക്ക് അനുയോജ്യമെന്നു മനസ്സിലാക്കിയതോടെ താഴ്വരയാകെ വൈകാതെ പച്ചപ്പണിഞ്ഞു. വിശാലമായ കുന്നുകളിലും പുൽമേടുകളിലും ബ്രിട്ടീഷുകാർ അതിമനോഹരങ്ങളായ കെട്ടിടങ്ങളും പണിതുയർത്തി.

ക്വീൻസ് കോട്ടേജ്, ജനറൽ ഹൗസ്, ഹിൽ ക്ലബ്, പോസ്റ്റ് ഓഫീസ്‌ തുടങ്ങിയവയെല്ലാം വിക്ടോറിയൻ സാമ്രാജ്യത്തത്തിന്റെ അടയാളങ്ങൾ പേറി ഇന്നും നോറ ഇലിയയിൽ തലയുയർത്തി നിൽപ്പുണ്ട്. ഇവമാത്രമല്ല ആധുനിക കാലത്തു പണി കഴിപ്പിച്ച കെട്ടിടങ്ങൾക്കും പഴേ കൊളോണിയൽ ഛായ തന്നെ. സർക്കാർ വക കെട്ടിടങ്ങളായാലും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടമായാലും നോറ ഇലിയയിൽ എല്ലാത്തിനും കൊളോണിയൽ സ്പർശം. മറ്റൊരു വാസ്തു ശൈലിയും ആരും ഇതുവരെ ഇവിടെ പരീക്ഷിച്ചിട്ടേ ഇല്ല.

ഇന്ത്യയുമായി നോറ ഇലിയക്കുള്ള ബന്ധം തേയില തോട്ടങ്ങളുമായും സീത ഇലിയയിലെ സീതമ്മൻ ക്ഷേത്രവുമായും കെട്ടുപിണഞ്ഞു കിടക്കുന്നു. ബ്രിട്ടീഷ് കാലത്ത് തേയില തോട്ടങ്ങളിൽ ജോലി ചെയ്യുന്നതിനായി ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ നിന്ന് കുടിയേറിയവരുടെ ഇപ്പോഴത്തെ തലമുറയിൽ നിരവധിപേരാണ് നോറഇലിയയിൽ ഉള്ളത്. ഇപ്പോഴും തേയില തോട്ടങ്ങളിലും തേയില ഫാക്ടറികളിലും അവർ ജോലി ചെയ്യുന്നു. സിംഹള വംശജരാണ് തോട്ടങ്ങളെല്ലാം കൈവശം വെച്ചിരിക്കുന്നത്. ശ്രീലങ്കയെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ തേയില കയറ്റുമതി രാജ്യമാക്കി മാറ്റുന്നതിൽ വലിയ പങ്കാണ് നോറ ഇലിയയിലെ ഈ തോട്ടങ്ങൾക്ക്. സിലോൺ ടി എന്ന ഭൗമ സൂചിക ടാഗിൽ നമുക്ക് ലഭിക്കുന്ന വൻകിട തേയില ബ്രാൻഡുകളെല്ലാം നോറ ഇലിയയിൽ നിന്നാണ് . ശ്രീലങ്കയുടെ ഇരുനൂറു വർഷത്തിലധികം പഴക്കമുള്ള തേയില ഉത്പാദന ചരിത്രം പറഞ്ഞു തരാൻ നോറ ഇലിയയിൽ സഞ്ചാരിയെ കാത്തിരിപ്പുണ്ട് പഴയതും പുതിയതുമായ നിരവധി തേയില ഫാക്ടറികൾ.

രാമായണ കഥയുമായാണ് നോറഇലിയക്ക് ഇന്ത്യയുമായുള്ള മറ്റൊരു ബന്ധം. രാവണൻ സീതയെ തട്ടിക്കൊണ്ടു വന്നു ഒളിപ്പിച്ച്‌ പാർപ്പിച്ചതായി കരുതപ്പെടുന്ന അശോകവനം നോറഇലിയയിലാണ്. സീത ദേവി ശ്രീരാമന്റെ വരവ് കാത്തിരുന്ന ഇടം സീത അമ്മൻ ക്ഷേത്രം കൊണ്ട് അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട് ഇവിടെ. അയോധ്യയിൽ നിന്ന് തുടങ്ങുന്ന രാമായണ യാത്ര നടത്തുന്ന തീർത്ഥാടകരുടെ പ്രധാന കേന്ദ്രം കൂടിയാണ് രണ്ടായിരം വർഷം പഴക്കമുള്ള തമിഴ് വാസ്തു ശൈലിയിൽ നിർമിച്ച ഈ ക്ഷേത്രം.

യൂറോപ്യൻ രാജ്യങ്ങളിലെ ലാൻഡ്സ്കേപ്പും അവിടങ്ങളിൽ വിളയുന്നതിന് സമാനമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും പൂക്കളുമൊക്കെ മനസ്സുകുളിർക്കുന്ന അനുഭവം സമ്മാനിക്കും. നോറ ഇലിയയിലെ കൊളോണിയൽ കാലത്തു പണിത പോസ്റ്റ് ഓഫീസ് കെട്ടിടം ശ്രീലങ്കയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ആണ്. ഇപ്പോഴും പ്രവർത്തിക്കുന്ന ഈ കെട്ടിടം സഞ്ചാരികളുടെ സെൽഫി പോയിന്റാണ്. 1894ൽ നിർമ്മിച്ച പോസ്‌റ്റോഫീസിൽ അന്ന് ഉപയോഗിച്ച വസ്തുക്കളൊക്കെയും ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഈ പോസ്റ്റ് ഓഫീസിൽ നിന്ന് നിങ്ങളുടെ മേൽവിലാസത്തിലേക്കോ പ്രിയപ്പെട്ടവരുടെ മേൽവിലാസത്തിലേക്കോ ഒരു പോസ്റ്റ് കാർഡ് വരണമെന്ന് ആഗ്രഹമുണ്ടോ? അതിനും ഇവിടെ സജ്ജീകരണമുണ്ട് .

നോറ ഇലിയയിലേക്ക് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ നിന്ന് റോഡ് മാർഗവും റെയിൽ മാർഗവും എത്തിച്ചേരാനാകും. ട്രെയിനിലും ബസിലും ആറ് മണിക്കൂറോളം യാത്ര ചെയ്യണം. നോറഇലിയയിലേക്കുള്ള യാത്ര തന്നെ വേറിട്ട അനുഭവമായതിനാൽ ട്രെയിൻ യാത്രയാണ് സഞ്ചാരികൾ തിരഞ്ഞെടുക്കുക. വളഞ്ഞു പുളഞ്ഞുള്ള ചുരങ്ങളും ബ്രിട്ടീഷ് കാല നിർമിതിയായ റെയിൽ പാളങ്ങളും വേറിട്ട അനുഭവം സമ്മാനിക്കും. ടാക്സിയിൽ രണ്ടര മണിക്കൂർ കൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്താനാകുമെങ്കിലും ട്രെയിൻ യാത്രയോളം ആനന്ദം കിട്ടില്ല . ഇന്ത്യയിലെ 350 രൂപ മുതൽ 700 രൂപ വരെ ചിലവാക്കിയാൽ നല്ല താമസ സ്ഥലങ്ങൾ ലഭിക്കും. വിദേശ വിനോദ സഞ്ചാര കേന്ദ്രമായതിനാൽ വൃത്തിയുടെ കാര്യത്തിൽ ആശങ്ക വേണ്ട. നോറ ഇലിയ ചുറ്റി കറങ്ങാൻ സ്‌കൂട്ടിയും ബൈക്കും ഒക്കെ പോക്കറ്റ് കീറാതെ വാടകക്ക് ലഭിക്കും. മഴക്കാലത്തും മഞ്ഞു കാലത്തും വേനലിലുമൊക്കെ നിങ്ങളെ ഒരുപോലെ സ്വാഗതം ചെയ്യും ലങ്കയുടെ ലിറ്റിൽ ഇംഗ്ലണ്ട്.

Content Highlights: Nora Ilia, which keeps the colonial remnants intact, is a paradise that tourists visiting Sri Lanka should never miss. The region was part of the old Kandyan Empire in the central province of Sri Lanka

dot image
To advertise here,contact us
dot image