
ഇന്നത്തെ ജെനറേഷനിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കാതെ മുന്നോട്ട് പോകുന്നവർ വളരെ കുറവാണ്. കുട്ടികളിലടക്കം ഇന്ന് സ്മാർട്ട് ഫോൺ സാധാരണമാണ്. എന്നാൽ ചെറുപ്പത്തിൽ തന്നെ സ്മാർട്ട് ഫോൺ സ്വന്തമാക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് പഠനം.
ചെറുപ്പത്തിൽ തന്നെ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ആദ്യ ഫോൺ ലഭിക്കുന്നതുതൊട്ട് പ്രായം കൂടുന്തോറും അപകടസാധ്യത വർധിക്കുമെന്നും ഏറ്റവും പുതിയ പഠനം കണ്ടെത്തി.
13 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സ്മാർട്ട് ഫോൺ ഉപയോഗം പരിമിതപ്പെടുത്തണമെന്നും എഐ അധികമില്ലാത്ത കുട്ടികളുടെ ഫോൺ പോലുള്ള ബദലുകൾ കണ്ടെത്തുന്നതിനുള്ള ആവശ്യകതയും ഈ പഠനത്തിൽ ഊന്നി പറയുന്നു. ഒന്നിലധികം രാജ്യങ്ങളിലെ 12നും 24 നും ഇടയിൽ പ്രായമുള്ള 1,30000 പേരിൽ നിന്നുള്ള മാനസികാരോഗ്യ ഡാറ്റ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഇതിൽ ഇന്ത്യയിൽ നിന്നുള്ള 14000 പേരും ഉൾപ്പെടും.
12 വയസ്സോ അതിൽ താഴെയോ പ്രായമുള്ളപ്പോൾ ആദ്യമായി സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ആക്രമണ സ്വഭാവം, യാഥാർഥ്യത്തിൽ നിന്നുള്ള അകൽച്ച, വിഭ്രാന്തി, ആത്മഹത്യാ ചിന്തകൾ എന്നിവ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.
ലോകത്ത് എല്ലായിടത്തും വ്യത്യസ്ത സംസ്‌കാരങ്ങളിലും, ഭാഷകളിലും ഇത് പൊതുവായ കാഴ്ച്ചയാണ്. 'ജേണൽ ഓഫ് ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് കേപ്പബിലിറ്റീസി'ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
Content Highlights- studies says children under 13 should n't be exposed to smartphones