
ഇന്ത്യയിലെ ഏറ്റവും വലിയ ജയില്‍, മോഷണക്കേസ് പ്രതികള്‍ മുതല്‍ രാജ്യത്തെ ഹൈപ്രൊഫൈല്‍ കേസുകളിലെ കുറ്റവാളികള്‍ വരെ പാര്‍ക്കുന്ന ഇടം, തിഹാര്‍ ജയില്‍.. തിഹാറിനെ ചുറ്റിപ്പറ്റി നിരവധി കഥകളാണുള്ളത്. ഇപ്പോഴിതാ ഗാസിയാബാദില്‍ നിന്നുള്ള സൈക്കോളജി ഇന്റേണായ ദിയ കഹാലി എന്ന പെണ്‍കുട്ടി തിഹാര്‍ ജയിലിലെ തടവുകാര്‍ക്കൊപ്പം നടത്തിയ കൂടിക്കാഴ്ചകളെ കുറിച്ച് വിവരിക്കുകയാണ്. രണ്ടാഴ്ചത്തെ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായാണ് ദിയ ജയിലിലെത്തിയത്. ജയിലനകത്തുണ്ടായ അനുഭവം കണ്ണുതുറപ്പിച്ചെന്ന് ദിയ പറയുന്നു. പുരുഷന്മാരുടെ യൂണിറ്റിലാണ് ദിയ എത്തിയത്. ദിയയും അവള്‍ക്ക് സുരക്ഷയ്ക്കായെത്തിയ വനിതാസുരക്ഷാ ഉദ്യോഗസ്ഥയും മാത്രമായിരുന്നു ആ യൂണിറ്റിലെ ആകെയുള്ള സ്ത്രീകള്‍.
'പുരുഷന്മാര്‍ മാത്രമുള്ള യൂണിറ്റിലെ രണ്ടു സ്ത്രീകളില്‍ ഒരാളാകുക എന്നത് കണ്ണുതുറപ്പിക്കുന്നതായിരുന്നു. ഒരസമയം പ്രത്യക്ഷരാണെന്നും അപ്രത്യക്ഷരാണെന്നും തോന്നുന്ന അനുഭവം.തടവുകാര്‍ ഞങ്ങളെ ഗൗനിക്കുന്നുണ്ടായില്ല, ചിലപ്പോള്‍ ജീവനക്കാരും എന്നാല്‍ എല്ലായ്‌പ്പോഴും ഞങ്ങള്‍ക്ക് മുകളില്‍ ഒരു കണ്ണുള്ളതായി അനുഭവപ്പെട്ടിരുന്നു.' കുറിപ്പില്‍ ദിയ പറയുന്നു. എല്ലായ്‌പ്പോഴും മാര്‍ഗനിര്‍ദേശങ്ങള്‍ക്കുവേണ്ടി ചോദിച്ചിരുന്നതിനെ പറ്റഎിയും എല്ലാ നിര്‍ദേശങ്ങളും രണ്ടുതവണ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനെ പറ്റിയും എല്ലായ്‌പ്പോഴും സ്വന്തം സുരക്ഷിതത്വത്തിന് പ്രധാന്യം നല്‍കിപ്പോകുന്നതിനെ പറ്റിയും ദിയ കുറിപ്പില്‍ പറയുന്നുണ്ട്.
തടവുകാരെ അഭിമുഖം ചെയ്യുക, അവരുടെ കഥകള്‍ ക്രോഡീകരിക്കുക, വീക്ക്‌ലി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുക എന്നിവയായിരുന്നു ദിയയുടെ ജോലികള്‍. ചിലപ്പോഴെല്ലാം ഡോക്ടര്‍മാരില്‍ നിന്ന് നേരിടേണ്ടി വരുന്ന ചോദ്യങ്ങള്‍ക്കായി തനിക്ക് കഠിനാധ്വാനം ചെയ്യേണ്ടി വന്നതായും അവര്‍ പറയുന്നു. സൈക്യാട്രിയെ കുറിച്ചുള്ള നീരജ് അഹൂജയുടെ പുസ്തകമാണ് തനിക്ക് പലപ്പോഴും ജീവനാഡിയായിട്ടുള്ളതെന്നും ദിയ പറയുന്നുണ്ട്.
'തടവുകാര്‍ എല്ലായ്‌പ്പോഴും മനസ്സുതുറക്കാന്‍ സന്നദ്ധരായിരിക്കില്ലെന്നും ദിയ പറയുന്നു. ചിലപ്പോള്‍ അവരുടെ നിശബ്ദതയെ അല്ലെങ്കില്‍ അവരുടെ സംശയത്തെ ചിലപ്പോള്‍ അവരുടെ ആധിപത്യത്തെയെല്ലാം നേരിടേണ്ടി വന്നേക്കാം. ശാന്തതയോടെ ഇരിക്കുക, ആത്മവിശ്വാസം പാലിക്കുക, ജാഗ്രത ഒരിക്കലും കൈവിടരുത്. പൊലീസ് മേധാവികളുടെ അപ്രതീക്ഷിതമായ പിന്തുണ എനിക്ക് ലഭിച്ചു. അതൊരു വലിയമാറ്റത്തിന് കാരണമായി. അതുകൊണ്ട് തീര്‍ച്ചയായും ആശയവിനിയം എല്ലായ്‌പ്പോഴും തുറന്നതാക്കുക.' ദിയ കുറിപ്പില്‍ പറയുന്നു
തീഹാറില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ചില ടിപ്പുകളും തന്റെ കുറിപ്പില്‍ ദിയ പങ്കുവയ്ക്കുന്നുണ്ട്.
ദിയ ലിങ്ക്ഡ്ഇനില്‍ പങ്കുവച്ച കുറിപ്പ് വളരെ വേഗമാണ് വൈറലായത്. ദിയയുടെ കുറിപ്പ് ഇന്റേണ്‍ഷിപ്പ് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് വളരെ സഹായകരമാണെന്ന് നിരവധി പേര്‍ പറയുന്നു.
Content Highlights: Female Intern's Unique Experience at Tihar Jail