
'എന്റെ ശരീരത്തിന് എന്തോ പറ്റിയിട്ടുണ്ടല്ലോ, എന്തോ കുറവുണ്ടല്ലോ? ഇങ്ങനെയുളള തോന്നല്‍ ഇടയ്ക്കിടെ ഉണ്ടാവാറുണ്ടോ. എന്നാല്‍ ആ തോന്നല്‍ വെറുതെയാവില്ല. ശരീരം തന്നെ കാണിച്ചുതരുന്ന ലക്ഷണങ്ങളില്‍ നിന്നാണ് നമുക്ക് സ്വയം ആരോഗ്യത്തെക്കുറിച്ച് ഇത്തരം തോന്നലുണ്ടാവുന്നത്. ക്ഷീണവും മുടികൊഴിച്ചിലും ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന അസുഖങ്ങളും ഒക്കെ ശരീരം കാണിച്ചുതരുന്ന മുന്നറിയിപ്പ് സൂചനകളാണ്. നമ്മുടെ ശരീരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍. പ്രോട്ടീന്‍ ശരീരത്തില്‍ ഹോര്‍മോണുകളും എന്‍സൈമുകളും ഉത്പാദിപ്പിക്കാനും പേശികള്‍ നിര്‍മ്മിക്കാനും അവ നന്നാക്കാനും, മുടി, ചര്‍മ്മം , നഖങ്ങള്‍ എന്നിവ ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കുന്നവയാണ്.
പ്രോട്ടീന്റെ കുറവ് ശരീരത്തെ എന്തെല്ലാം രീതിയില്‍ ബാധിക്കും
പേശികളുടെ ബലഹീനതയും ക്ഷീണവും
പേശികളുടെ വലിപ്പം വര്‍ദ്ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും പ്രോട്ടീന്‍ പ്രധാനമാണ്. ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകള്‍ ലഭിക്കുന്നതിന് വേണ്ടി ശരീരം പേശികളെ തകര്‍ക്കാന്‍ തുടങ്ങും. ഇത് പേശികളുടെ ഭാരം കുറയ്ക്കാനും ബലഹീനത അനുഭവപ്പെടാനും ക്ഷീണിതനാകാനും ഇടയാക്കും. അതുകൊണ്ട് ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിനും, ഊര്‍ജ്ജത്തോടെ നില്‍ക്കാനും നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാം. പേശികളുടെ അളവ് കുറയുന്നത് നിങ്ങളെ ദുര്‍ബമാക്കുകയും കാലക്രമേണ ആരോഗ്യം ക്ഷയിക്കുന്നതിനും കാരണമാകും. പ്രത്യേകിച്ച് പ്രായമായവരില്‍.
പ്രതിരോധശേഷി കുറയുന്നു
ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കുന്ന രോഗപ്രതിരോധ കോശങ്ങളും ആന്റിബോഡികളും നിര്‍മ്മിക്കാന്‍ പ്രോട്ടീന്‍ ആവശ്യമാണ്. ആവശ്യത്തിന് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ ശരീരത്തിന് ഈ പ്രതിരോധ കോശങ്ങളെ ശരിയായി നിര്‍മ്മിക്കാന്‍ കഴിയില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് അസുഖം വരാനും അസുഖം വന്നാല്‍ സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയമെടുക്കാനും സാധ്യതയുണ്ട്. പ്രോട്ടീന്റെ കുറവ് ക്ഷീണം തോന്നാനും കാരണമില്ലാതെ തളര്‍ച്ച തോന്നാനും ഇടയാകും. മാത്രമല്ല മുറിവുകള്‍ ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യാം.
മുടികൊഴിച്ചില്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ ദുര്‍ബലമായ നഖങ്ങള്‍
ആരോഗ്യകരമായ മുടി, ചര്‍മ്മം, നഖങ്ങള്‍ എന്നിവയ്ക്കെല്ലാം പ്രോട്ടീന്‍ വളരെ ആവശ്യമാണ്. ആവശ്യത്തിന് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍, മുടി കനംകുറഞ്ഞതായി മാറുകയും കൂടുതല്‍ കൊഴിഞ്ഞുപോകുകയും ചെയ്യാം. ചര്‍മ്മം വരണ്ടുപോകാനും അടര്‍ന്നുപോകാനും സാധ്യതയുണ്ട്. മാത്രമല്ല നഖങ്ങള്‍ ആരോഗ്യം കുറഞ്ഞ് എളുപ്പത്തില്‍ പൊട്ടിപ്പോകുകയും ചെയ്യാം.
എഡിമ
ആവശ്യത്തിന് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍, ശരീരത്തിലെ കോശങ്ങള്‍ അവയില്‍ ദ്രാവകം നിലനിര്‍ത്തുന്നു. ഇത് പാദങ്ങള്‍ക്കും കണങ്കാലുകളും ഒക്കെ നീര് വന്നതുപോലെ വീര്‍ക്കാന്‍ ഇടയാക്കും. പ്രോട്ടീന്‍ ശരീരത്തിലെ ദ്രാവകങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ദ്രാവകങ്ങള്‍ അടുത്തുള്ള കലകളിലേക്ക് ഒഴുകിയെത്തി അവ വീര്‍ക്കാനും വേദനാജനകമാകാനും സാധ്യതയുണ്ട്.
മതിയായ പ്രോട്ടീന്റെ അഭാവം പേശികളെയും രോഗപ്രതിരോധ സംവിധാനത്തെയും ശരീരത്തിന്റെ രൂപത്തെയും ഊര്‍ജ്ജ നിലയേയും തുടങ്ങി ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളെയും ബാധിക്കും. ശരീരം ശക്തവും ആരോഗ്യകരവും സന്തുലിതവുമായി നിലനിര്‍ത്താന്‍, ദിവസവും ദിവസവും പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്.
Content Highlights :What happens if the body doesn't get enough protein?