
പ്രഭാതഭക്ഷണം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് നമുക്ക് അറിയാമല്ലോ. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശാരീരിക-മാനസിക പ്രശ്‌നങ്ങൾക്ക് വഴി തെളിക്കുമെന്നതും തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാൽ, ഒഴിവാക്കാൻ പാടില്ലല്ലോ എന്ന് കരുതി മാത്രം പ്രഭാതഭക്ഷണമായി എന്തെങ്കിലുമൊക്കെ കഴിക്കുന്നവരുമുണ്ട്. പക്ഷെ അതിലും ഒരു പ്രശ്‌നമുണ്ട്. പ്രഭാതഭക്ഷണമായി കഴിക്കുന്ന സാധനങ്ങളിൽ ഒഴിവാക്കേണ്ട ചില ചില ഭക്ഷണ സാധനങ്ങളുമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രഭാതഭക്ഷണങ്ങൾ എപ്പോഴും വളരെ ലളിതവും, ആരോഗ്യകരവുമായിരിക്കണം. നമ്മുടെ നിത്യശീലങ്ങളിൽപ്പെട്ട, എന്നാൽ ഒഴിവാക്കേണ്ട ചില പ്രഭാതഭക്ഷണങ്ങൾ.
പാലിനൊപ്പം കഴിക്കുന്ന സിറിയൽ
പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ശരീരാരോഗ്യത്തിന് ഗുണകരമാണ്, അതിനാൽ രാവിലെ ഒരു ഗ്ലാസ് പാല് കുടിക്കുന്നത് ശരീരാരോഗ്യത്തെ പിന്തുണയ്ക്കുന്നു. എന്നാൽ പാലിനൊപ്പം പലതരം ധാന്യങ്ങളുടെ സിറിയലുകൾ ഉപയോഗിക്കുന്നത് നല്ലതല്ല. പാലിൽ കലക്കി ഉപയോഗിക്കാൻ മാത്രം പറ്റുന്ന പാക്കറ്റിൽ പ്രത്യേകമായി വരുന്ന സിറിയലുകളെക്കുറിച്ചാണ് നമ്മൾ പറയുന്നത്. കോൺഫ്‌ളേക്‌സ്, റൈസ് ഫ്‌ളേക്‌സ്, മറ്റ് ധാന്യങ്ങൾക്കൊണ്ടുണ്ടാക്കുന്ന ഇത്തരം വസ്തുക്കൾ പ്രഭാതഭക്ഷണത്തിന് ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കുന്ന ഇത്തരം ഭക്ഷണങ്ങൾ ആളുകൾ കൂടുതലായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെടാറുണ്ട്. എന്നാൽ ഇത് കഴിക്കുന്നതിലൂടെ വയറ് നിറയുന്നു എന്നതിനപ്പുറം ആരോഗ്യകരമായ മറ്റ് ഗുണങ്ങളില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇത്തരത്തിൽ പാക്ക് ചെയ്യപ്പെട്ട സിറിയൽസിൽ പ്രോട്ടീനിന്റെയോ ധാതുക്കളുടെയോ അംശം കാണാൻ പോലും കഴിയില്ല. മാത്രമല്ല പാലിൽ കലക്കി ഉപയോഗിക്കാൻ മാത്രമായി പുറത്തിറക്കുന്ന ഇത്തരം സാധനങ്ങളിൽ ആവിശ്യത്തിലധികം പഞ്ചസാരയും അടങ്ങിയിരിക്കും. ഇത് ശരീരത്തന് ഗുണത്തേക്കാളധികം ദോഷം ചെയ്യുകയും, ശരീരത്തിലെ ഷുഗർ ലെവൽ കൂടാൻ കാരണമാവുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.
ജ്യൂസും ടോസ്റ്റും
ആഹ്ഹാ… കേൾക്കുമ്പോൾ തന്നെ വളരെ ആരോഗ്യകരവും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും കഴിക്കാവുന്നതുമായ ഭക്ഷണം അല്ലെ. എന്നാൽ അതിലും നിരവധി പ്രശ്‌നങ്ങളുണ്ട്. എന്താണെന്നല്ലേ, ഇത് പഞ്ചസാരയുടെ ഒരു കലവറ തന്നെയാണ്. ദിവസത്തിന്റെ ആരംഭത്തിൽ തന്നെ ശരീരത്തിന് ഇത്രയും പണി കൊടുക്കുന്നത് ഒരു കണ്ണിൽ ചോരയില്ലാത്ത കാര്യമാണെന്ന് നിങ്ങൾക്കും തോന്നുന്നുണ്ടാകുമല്ലോ. എന്നാൽ ഇതിന് പകരമായി നിങ്ങൾക്ക് പഴങ്ങൾ അങ്ങനെ തന്നെ കഴിക്കാൻ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ കൂടെ പ്രോട്ടീൻ ലഭിക്കുന്നതിനായി മുട്ടയോ, പാലോ ഉൾപ്പെടുത്താനാവും.
സാൻഡ്‌വിച്ച്
ഇന്ത്യക്കാർക്ക് അത്ര പരിചിതമായ ഭക്ഷണമായിരുന്നില്ല സാൻഡ്‌വിച്ച് പോലുള്ളവ എങ്കിലും, കുറച്ച് കാലങ്ങളായി കേരളത്തിലെ ആളുകളെങ്കിലും ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് ഉപയോഗിക്കുന്നവരാണ്. പെട്ടെന്ന് ഉണ്ടാക്കാൻ കഴിയുന്നതിനാൽ ജോലിക്ക് പോകുന്ന ആളുകൾ പ്രഭാതഭക്ഷണമായി സാൻഡ്‌വിച്ചിനെ ഉപയോഗിക്കുന്നു. ബ്രെഡും, പച്ചക്കറികളും പ്രധാനമായി ഉപയോഗിക്കുന്നതിനാൽ സാൻഡ്‌വിച്ച് ഒരു ആരോഗ്യകരമായ ഭക്ഷണമാണ് എന്ന തെറ്റിദ്ധാരണ നമുക്കുണ്ട്. അതുകൊണ്ടാണ് പലപ്പോഴും രാവിലെ കുട്ടികളുടെ ടിഫിൻ ബോക്‌സിൽ പോലും പലരും സാൻഡ്‌വിച്ച് ഉൾപ്പെടുത്തുന്നത്. എന്നാൽ, പലരും സാൻഡ്‌വിച്ചിനായി ഉപയോഗിക്കുന്നത് മൈദ കൊണ്ട് ഉണ്ടാക്കിയ ബ്രെഡ് ആണ്. ഇത് രാവിലെ കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. റിഫൈൻ ചെയ്ത ബ്രെഡിനൊപ്പം നമ്മൾ ഉണ്ടാക്കിയ ഫില്ലിങ് വച്ച് തയ്യാറാക്കുന്ന സാൻഡ്‌വിച്ച് ഒട്ടും ഗുണപ്രദമല്ലെന്നാണ് റിപ്പോർട്ടുകൾ, ഇത്തരം ഭക്ഷണം അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാധീതമായി വർധിക്കാനും കാരണമാകുന്നു.
ചായ, കാപ്പി, ബിസ്‌കറ്റ്
രാവിലെ വയർ നിറഞ്ഞാൽ മാത്രം മതി എന്ന ചിന്തയിൽ ചായയോ, കാപ്പിയോ, ബിസ്‌കറ്റോ കഴിച്ച് അഡ്ജസ്റ്റ് ചെയ്യുന്നവരാണ് ജോലിക്കാരിൽ പലരും. ഒറ്റയ്ക്ക് താമസിക്കുന്നവരാണ് പലപ്പോഴും ഇത്തരത്തിൽ എളുപ്പത്തിലുള്ള ഭക്ഷണങ്ങളെ ആശ്രയിക്കുന്നത്. ജോലിക്ക് പോകുന്നതിന് മുൻപ് എന്തെങ്കിലുമൊന്ന് കഴിക്കണം എന്ന വിചാരത്തോടെയാണ് ആളുകൾ പലപ്പോഴും ചായയെയും ബിസ്‌കറ്റിനെയുമൊക്കെ ആശ്രയിക്കാറ്. ന്യൂട്രീഷ്യനോ, മറ്റ് ശരീരത്തിന് ആവശ്യമായ ഗുണങ്ങളോ ഒന്നുമില്ലാത്ത ഈ ഭക്ഷണം വയറ് നിറയ്ക്കും എന്നതിനപ്പുറത്ത് നിങ്ങളുടെ ശരീരത്തിന് വേണ്ടി മറ്റൊന്നും ചെയ്യില്ല.
Content Highlight; Breakfast Blunders: Foods You Should Avoid in the Morning