സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കൊറിയന്‍ ഡയറ്റ്; ആഴ്ചകള്‍ക്കുള്ളില്‍ വണ്ണം കുറയുമോ?

'സ്വിച്ച് ഓണ്‍ ഡയറ്റ് ' എന്ന കൊറിയന്‍ ഡയറ്റാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്

dot image

ശരീരഭാരം കുറച്ച് സ്ലിം ആകാന്‍ പാടുപെടുന്നവരാണ് പലരും. അതുകൊണ്ടുതന്നെ വണ്ണം കുറയാനുള്ള എന്ത് മാര്‍ഗത്തെക്കുറിച്ച് കേട്ടാലും ആളുകള്‍ അത് പരീക്ഷിക്കാനും തയ്യാറാകും. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന കൊറിയന്‍ ഡയറ്റായ 'സ്വിച്ച് ഓണ്‍ ഡയറ്റ്' അത്തരത്തിലൊരു ഡയറ്റാണ്. ഒബിസിറ്റി എക്‌സ്‌പേര്‍ട്ടായ ഡോ. പാര്‍ക്ക് യോങ് വ്യൂ ആണ് ഈ ഡയറ്റിന്റെ കണ്ടുപിടുത്തക്കാരന്‍. പേശികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതെ കൊഴുപ്പിനെ അലിയിച്ചുകളയും എന്നതാണ് ഈ ഡയറ്റിന്റെ പ്രത്യേകതയത്രേ. കുടലിന്റെ ആരോഗ്യത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്ന, ഇടയ്ക്കിടെ ഉപവാസമെടുക്കലും ഒപ്പം പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ എന്നിവയെയൊക്കെ കേന്ദ്രീകരിച്ചാണ് ഈ ഡയറ്റിന്റെ ക്രമം. നാല് ആഴ്ചകൊണ്ടാണ് ഡയറ്റ് പൂര്‍ത്തിയാക്കുന്നത്.

എന്താണ് കൊറിയന്‍ സ്വിച്ച് -ഓണ്‍ ഡയറ്റ്?

ആദ്യത്തെ ആഴ്ചയില്‍ ഡയറ്റ് തുടങ്ങി മൂന്ന് ദിവസം ദഹന പ്രക്രീയയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ഭക്ഷണക്രമമാണ് പാലിക്കേണ്ടത്. രാവിലെ തുടങ്ങുമ്പോള്‍ തന്നെ ആദ്യം പ്രോബയോടിക്‌സ് എടുക്കണം. എല്ലാ ദിവസവും ഒരു മണിക്കൂര്‍ വീതം നടക്കണം. വിശക്കുമ്പോള്‍ തൈര്, ടോഫു, ക്യാബേജ്, കുക്കുംബര്‍ എന്നിവയിലേതെങ്കിലും കഴിക്കാം. ദിവസവും നാല് പ്രോട്ടീന്‍ ഷേക്കുകള്‍ ഡയറ്റിലുണ്ട്. തുടര്‍ന്നുവരുന്ന അടുത്ത നാല് ദിവസങ്ങളില്‍ കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ പ്രോട്ടീന്‍ സമ്പന്നമായ ഉച്ചഭക്ഷണം കഴിക്കേണ്ടതുണ്ട്. ഉച്ച ഭക്ഷണത്തില്‍ ചിക്കന്‍, ടോഫു, മത്സ്യം, മുട്ട, കൊഴുപ്പ് കുറഞ്ഞ ബീഫ് തുടങ്ങിയവ കഴിക്കാം. ഈ ദിവസങ്ങളില്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കണം.

രണ്ടാമത്തെ ആഴ്ചയില്‍ സംഗതി അല്‍പ്പം കടുപ്പമാണ്. ഈ ആഴ്ച തുടങ്ങുന്നതുതന്നെ ഉപവാസത്തോടെയാണ്. ഒരു വൈകുന്നേരം തുടങ്ങി അടുത്ത വൈകുന്നേരം വരെ ഉപവാസം എടുക്കണം. (ഉപവാസമുള്ള ദിവസങ്ങളില്‍ അമിതമായ വ്യായാമം വേണ്ട). ശേഷം പ്രോട്ടീന്‍ ധാരാളമടങ്ങിയ അത്താഴം കഴിക്കണം. എല്ലാ ദിവസവും രണ്ട് പ്രോട്ടീന്‍ ഷേക്ക്, കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ ഉച്ച ഭക്ഷണം, കാര്‍ബോ ഹൈഡ്രേറ്റ് ഒട്ടുമില്ലാത്ത അത്താഴം എന്നിങ്ങനെ വേണം ഭക്ഷണ രീതി. രാവിലെ ഒരു കപ്പ് കട്ടന്‍ കാപ്പികുടിക്കാം. ചോറിന്റെ അളവ് കുറച്ച് മതി.

മൂന്നാമത്തെയും നാലാമത്തെ ആഴ്ചയില്‍ ഉപവാസം എടുക്കുന്നത് അല്‍പ്പംകൂടി കടുപ്പമേറിയ രീതിയിലായിരിക്കും. മൂന്നാം ആഴ്ചയില്‍ തുടര്‍ച്ചയല്ലാതെ രണ്ട് തവണ 24 മണിക്കൂര്‍ നീണ്ട ഉപവാസം എടുക്കണം. നാലാമത്തെ ആഴ്ചയാകുമ്പോള്‍ ഉപവാസം മൂന്ന് വട്ടമായിരിക്കണം. കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണമായിരിക്കണം ഈ ആഴ്ചയിലും കഴിക്കേണ്ടത്. ദിവസവും ഉള്ള വ്യായാമത്തിന് ശേഷം പഴവും മധുരക്കിഴങ്ങും കഴിക്കാം. മാത്രമല്ല ദിവസവും രണ്ട് പ്രോട്ടീന്‍ ഷേക്കുകള്‍ കഴിക്കാവുന്നതാണ്.

സ്വിച്ച് - ഓണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

ആരോഗ്യകരമായ ഭക്ഷണക്രമങ്ങള്‍ പിന്തുടരുമ്പോള്‍ നിരവധി ഭക്ഷണ വിഭാഗങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. സോഫ്റ്റ് ഡ്രിങ്കുകള്‍, ലഘുഭക്ഷണങ്ങള്‍, മിഠായികള്‍, മധുര പലഹാരങ്ങള്‍ തുടങ്ങി പഞ്ചസാര അടങ്ങിയ ഉല്‍പ്പന്നങ്ങളും പഞ്ചസാര അടങ്ങിയ പാലും സോയ മില്‍ക്കും ഒഴിവാക്കുക. ബ്രഡ്, പാസ്ത, കേക്ക്, മാവ് കൊണ്ടുള്ള ഭക്ഷണങ്ങള്‍, മദ്യം എന്നിവ ഒഴിവാക്കുക. പോര്‍ക്ക് ഇറച്ചി, കുക്കികള്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവയും മധുര പലഹാരങ്ങളും, ഉപ്പിട്ട ലഘുഭക്ഷണങ്ങള്‍, സോസുകള്‍ ഇവയും ഒഴിവാക്കണം.

ഡയറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ധാരാളം ആളുകളാണ് ഈ രീതിയോട് വിമര്‍ശനങ്ങളുമായി എത്തുന്നത്. ഒന്നിലേറെ ദിവസങ്ങളില്‍ ഉപവാസമെടുക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ചിലര്‍ പറയുന്നത്. ഏത് ഡയറ്റിങ് രീതിയായാലും ഒരു ഡോക്ടറെയോ ഡയറ്റീഷ്യനെയോ കണ്ട് നിങ്ങള്‍ക്കനുയോജ്യമായവ തിരഞ്ഞെടുക്കുന്നതാവും എപ്പോഴും ഉത്തമം. സോഷ്യല്‍ മീഡിയയില്‍ കാണുന്ന ഡയറ്റിങ് രീതികള്‍ പരീക്ഷിക്കുന്നത് ചിലപ്പോള്‍ നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.

Content Highlights :Korean dietitian claims to lose weight in four weeks. A Korean diet called the 'Switch On Diet' is being widely circulated on social media

dot image
To advertise here,contact us
dot image