
കാര്‍സര്‍ സ്ഥിരീകരിക്കുന്നതില്‍ ആദ്യഘട്ടത്തിലുണ്ടായ വീഴ്ചയെ കുറിച്ച് പറയുകയാണ് യുകെ സ്വദേശിയായ 32-കാരി എമ്മ സിംസ്. കാലുകളില്‍ ചൊറിച്ചിലും ക്ഷീണവുമായിരുന്നു ആദ്യ ലക്ഷണങ്ങള്‍. ഏറെ പരിശോധനകള്‍ നടത്തിയെങ്കിലും കാര്യമായ പ്രശ്‌നങ്ങളില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
ഇതിനിടെ ശരീരഭാരവും കുറയാന്‍ ആരംഭിച്ചെന്ന് എമ്മ പറയുന്നു. രാത്രിയില്‍ വിയര്‍ക്കുന്നതും നെഞ്ചുവേദനയും പതിവായി. ഇതോടെ വീണ്ടും ഡോക്ടറെ സമീപിച്ചെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. മൂന്ന് തവണ ജനറല്‍ ഫിസിഷ്യന്മാരെ കണ്ടു. ബ്ലഡ് ടെസ്റ്റ് നടത്തിയിട്ടും ഗുരുതരമായതൊന്നും കണ്ടെത്താനായില്ല. ദിവസങ്ങള്‍ കഴിയുന്തോറും ആരോഗ്യാവസ്ഥ മോശമാകാന്‍ തുടങ്ങി. തനിക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നു. എന്നാല്‍ കണ്ട ഡോക്ടര്‍മാര്‍ എല്ലാവരും ഈ സംശയം തള്ളുകയാണ് ചെയ്തതെന്നും എമ്മ പറയുന്നു.
ലക്ഷണങ്ങള്‍ വഷളായതോടെയാണ് എമ്മയെ ഓക്‌സ്ഫോര്‍ഡിലെ ചര്‍ച്ചില്‍ ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗത്തിലേക്ക് റഫര്‍ ചെയ്തത്. അവിടെ നടത്തിയ സിടി സ്‌കാന്‍ പരിശോധനയില്‍ നെഞ്ചില്‍ 8 സെന്റീമീറ്റര്‍ വലിപ്പിത്തിലുള്ള ട്യൂമര്‍ കണ്ടെത്തുകയായിരുന്നു. ശ്വാസകോശത്തിലേക്ക് പടരുന്ന അവസ്ഥയിലായിരുന്നു ട്യൂമറെന്നും എമ്മ പറഞ്ഞു.
ഹോഡ്ജ്കിന്‍സ് ലിംഫോമ എന്ന അപൂര്‍വ രക്താര്‍ബുദമാണ് എമ്മയ്ക്ക് സ്ഥിരീകരിച്ചത്. 'ബയോപ്‌സിയിലൂടെ രോഗം സ്ഥിരീകരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ എനിക്ക് അതേകുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ രോഗത്തെ കുറിച്ച് മനസിലാക്കാനും കൂടുതല്‍ ചിന്തിക്കാനും സമയം ലഭിച്ചു. എങ്കിലും ആ റിസല്‍റ്റ് എന്നെ വലിയ രീതിയില്‍ ബാധിച്ചു. എങ്ങനെ ഇത് സംഭവിച്ചു? ഇത്രയും നാള്‍ ഈ രോഗം കണ്ടെത്താന്‍ സാധിക്കാതിരുന്നത് എന്തുകൊണ്ടാണെന്നുമാണ് ഞാന്‍ ചിന്തിച്ചത്', എമ്മ പറയുന്നു. ചികിത്സ തുടരുന്നതിനിടെ ടിക്‌ടോക്കിലൂടെയാണ് എമ്മ തന്റെ അനുഭവം പങ്കുവെച്ചത്.
Content Highlights: Woman’s itchy legs turn out to be rare cancer, dismissed symptoms for months