ശ്ശ്...ദോശ എ'റൗണ്ട്' ദി വേള്‍ഡ് ; ഈ ദോശ ജനിച്ചത് എവിടെയെന്നറിയാമോ?

ദോശ ജനിച്ചത് തമിഴ്‌നാട്ടിലോ കര്‍ണാടകയിലോ?

ഷെറിങ് പവിത്രൻ
1 min read|04 Feb 2025, 02:50 pm
dot image

ദോശ നല്ലൊരു ദോശ വേണം….
ദോശ തിന്നാന്‍ ആശവേണം…

ആര്‍ക്കാണ് ദോശ തിന്നാന്‍ ആശയില്ലാത്തത് അല്ലേ? നല്ല ചൂടുള്ള ദോശക്കല്ലില്‍ നെയ്യ് തടവി മുകളില്‍ മാവ് കോരിയൊഴിച്ച് പരത്തുമ്പോള്‍ ശ്ശ്…..എന്നൊരു ശബ്ദത്തോടെ ഒരു ദോശ ജനിക്കുകയായി. വെന്ത ദോശയുടെ മുകളില്‍ കുറച്ച് നെയ്യ് കൂടി തടവി അത് പ്ലേറ്റിലേക്കിട്ട് തേങ്ങ ചമ്മന്തിയോ, തക്കാളി ചമ്മന്തിയോ, സാമ്പാറോ ഒക്കെ കൂട്ടി കഴിച്ചാല്‍ കിട്ടുന്ന ആ സിംപ്ലിസിറ്റിയോ സുഖമോ വേറെ ഏത് പലഹാരം കഴിച്ചാല്‍ കിട്ടും.

നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ എവിടുന്നാണ് ഈ ദോശ ആദ്യം വന്നതെന്ന്? ആരാണ് ആദ്യം ദോശ ഉണ്ടാക്കിയതെന്ന്? ദോശയ്ക്ക് വെറൈറ്റികള്‍ വന്നതെങ്ങനെയാണെന്ന്? അങ്ങനെ ചുമ്മാ നിസാരക്കാരനായി തള്ളിക്കളയാവുന്ന ഒരാളല്ല ഈ ദോശ. ദോശയുടെ അവകാശത്തിന്റെ പേരില്‍ കാലങ്ങളായി നിലനിന്നുവരുന്ന അവകാശ തര്‍ക്കങ്ങള്‍വരെയുണ്ട്. ദോശ ജനിച്ചത് എവിടെയാണെന്നുള്ളതിനെ ചുറ്റിപ്പറ്റി.

ദക്ഷിണേന്ത്യയില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂജാതനായതാണ് ദോശയെന്നും അതല്ല കര്‍ണ്ണാടകയിലെ ഉഡുപ്പിയിലാണ് ഉത്ഭവിച്ചതെന്നും അതുമല്ല തമിഴ്‌നാട്ടിലാണെന്നുമൊക്കെ തര്‍ക്കങ്ങള്‍ ഇപ്പോഴുമുണ്ട്. മിടുക്കുള്ളതുകൊണ്ടുതന്നെ ദോശയെ അങ്ങനെ വിട്ടുകൊടുക്കാന്‍ ആരും തയ്യാറല്ല. അതാണ് ദോശയുടെ വില. അരിയും ഉഴുന്നും ചേര്‍ത്ത് തയ്യാറാക്കുന്ന ക്രിസ്പിയായ ഒരു ദക്ഷിണേന്ത്യന്‍ വിഭവമാണ് ദോശ.ഇന്ത്യയിലെതന്നെ ഏറ്റവും പഴക്കമേറിയ വിഭവങ്ങളിലൊന്നായി ദോശ മാറുകയും ചെയ്തു. 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകയിലാണ് ദോശ ഉണ്ടായതെന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്. പ്രത്യേകിച്ച് ഉഡുപ്പി മേഖലകളില്‍. അവിടങ്ങളിലെ റസ്റ്ററന്റുകളില്‍ ഇപ്പോഴും പരമ്പരാഗത വിഭവമായി ദോശ വിളമ്പുന്നുണ്ട്. ആദ്യകാലത്ത് കട്ടിയുള്ള പരുവത്തിലായിരുന്നു ദോശ ഉണ്ടാക്കിയിരുന്നത്. പിന്നീട് പരന്നതും നേര്‍ത്തതും കൂടുതല്‍ ക്രിസ്പിയുമായ രീതിയില്‍ ഉണ്ടാക്കാന്‍ തുടങ്ങി.

ദോശയുടെ കര്‍ണാടക ബന്ധം

ഭക്ഷ്യ ചരിത്രകാരനായ പി തങ്കപ്പന്‍ നായര്‍ പറയുന്നതനുസരിച്ച് ഇത് കര്‍ണാടകയിലെ ഉഡുപ്പി പട്ടണത്തിലാണ് ഉത്ഭവിച്ചത്. അതുകൊണ്ടാണ് ഇന്ത്യയിലുടനീളമുള്ള മിക്ക റസ്റ്ററന്റുകളുടെ പേരുകളിലും ഉഡുപ്പി എന്ന് ചേര്‍ത്തിരിക്കുന്നത്. മാത്രമല്ല കര്‍ണാടക ബന്ധത്തിന് മറ്റൊരു തെളിവായി പറയുന്നത് സോമേശ്വര മൂന്നാമന്‍ രാജാവ് എഴുതിയ 12ാം നൂറ്റാണ്ടിലെ 'മാനസോല്ലാസ' എന്ന സംസ്‌കൃത വിജ്ഞാന കോശത്തില്‍ 'ദോശക' എന്ന ഒരു പാചകക്കുറിപ്പ് ഉണ്ടായിരുന്നു എന്നതാണ്.

തമിഴ്‌നാട്ടിലെ കഥ

ഇനി തമിഴ്‌നാട്ടിലേക്ക് വരികയാണെങ്കില്‍ തമിഴ്‌നാട്ടിലെ പ്രധാന ഭക്ഷ്യചരിത്രകാരനായ കെ.ടി അച്ചായയുടെ 2003ല്‍ പുറത്തിറങ്ങിയ 'ദി സ്റ്റോറി ഓഫ് ഔര്‍ ഫുഡ്' എന്ന പുസ്തകത്തില്‍ എ ഡി ഒന്നാം നൂറ്റാണ്ട് മുതല്‍ തമിഴ് സംസ്‌കാരത്തില്‍ ദോശ എന്ന വിഭവമുണ്ടായിരുന്നതായി അദ്ദേഹം പറയുന്നു. തമിഴ് നാട്, പുതുച്ചേരി, കേരളം, ലക്ഷദ്വീപ്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പുരാതന തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു ദോശയെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ദോശയുടെ വെറൈറ്റികള്‍

ഓരോ നാട്ടിലെത്തുമ്പോഴും ദോശയ്ക്ക് ഓരോ രുചിയാണ്. ഇന്ത്യ ചന്ദ്രനില്‍ മംഗള്‍യാന്‍ ഇറക്കിയപ്പോള്‍ റോക്കറ്റിന്റെ ആകൃതിയില്‍ ദോശയുണ്ടാക്കിയ റസ്‌റ്റൊറന്റ് വരെയുണ്ട് നമ്മുടെ നാട്ടില്‍. 101 വെറൈറ്റി ദോശകള്‍ വരെയുണ്ടാക്കുന്നയിടങ്ങളുമുണ്ട് ഇവിടെ. മൈസൂരുവിലെ മസാല ദോശ, നീര്‍ദോശ, റവ ദോശ, റാഗി ദോശ, പെസരട്ടു, പ്ലയിന്‍ ദോശ, മസാല ദോശ, പൊടിദോശ, ഉളളി ദോശ, പനീര്‍ ദോശ തുടങ്ങി മുംബൈയിലെ മഹാരാജ ദോശയും, തമിഴ്‌നാട്ടിലെ അഞ്ചടി നീളമുളള ബാഹുബലി ദോശയുമെല്ലാം രുചിയുടെ വകഭേദങ്ങള്‍ തീര്‍ക്കുന്നവയാണ്.

ഇവയില്‍ വച്ചൊക്കെ ഏറ്റവും പേരുകേട്ട ദോശയാണ് നമ്മുടെ മസാല ദോശ. ദോശയില്‍ ഉരുളക്കിഴങ്ങ് കൂട്ടും മറ്റുപല കൂട്ടുകളും ഒക്കെ നിറച്ച് തയ്യാറാക്കിയ മസാല ദോശ. മസാല ദോശ വന്നതോടുകൂടി ദോശയേക്കാള്‍ ഡിമാന്‍ഡുളള വിഭവമായി അത് മാറി. മരിക്കുന്നതിന് മുന്‍പ് കഴിക്കാവുന്ന 10 വിഭവങ്ങളുടെ പട്ടികയില്‍ വരെ മസാലദോശ കയറിപ്പറ്റി. ഇന്ന് യുഎസ്, യുകെ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലുള്‍പ്പടെ പല രാജ്യങ്ങളിലും ദോശ ജനപ്രിയമാണ്. ചീസ് ദോശ, ചോക്ലേറ്റ് ദോശ എന്നിങ്ങനെയുള്ള പലതരം പുതിയ രുചികളുമായി സംഗതി അല്‍പ്പം മോഡേണ്‍ ആണെന്ന് മാത്രം.

Content Highlights : The Story of Dosa,Dosa originated in Tamil Nadu or Karnataka?

dot image
To advertise here,contact us
dot image