ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തില്‍ പുതിയ ഇനം ബാക്ടീരിയയെ കണ്ടെത്തി ശാസ്ത്രജ്ഞര്‍

ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സിസ്റ്റമാറ്റിക് ആന്‍ഡ് എവല്യൂഷണറി മൈക്രോബയോളജിയില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഈ കണ്ടെത്തലിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്

dot image

ചൈനയുടെ ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തില്‍ പുതിയ ഇനം ബാക്ടീരിയയെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. 'നിയാലിയ ടിയാന്‍ഗോങ്‌ജെന്‍സിസ്' എന്നാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ബാക്ടീരിയയ്ക്ക് ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്. 2023 ജൂണില്‍ ഭൂമിയിലേക്ക് തിരിച്ചെത്തിയ ഷെന്‍ഷോ 15 ക്രൂഡ് മിഷനില്‍ ടിയാന്‍ഗോങ്ങിന്റെ ഉപരിതലത്തില്‍ നിന്ന് ശേഖരിച്ച സൂക്ഷ്മജീവ സാമ്പിളുകളിലാണ് പുതിയ ബാക്ടീരിയയെ കണ്ടെത്തിയത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സിസ്റ്റമാറ്റിക് ആന്‍ഡ് എവല്യൂഷണറി മൈക്രോബയോളജിയില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഈ കണ്ടെത്തലിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

പുതിയ സൂക്ഷ്മാണുവിനെ എയറോബിക്, സ്‌പോര്‍ രൂപപ്പെടുത്തുന്നതും റോഡ് ഷേപ്പുള്ളതുമായ ബാക്ടീരിയ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെ ത്രീ-മൊഡ്യൂള്‍ ബഹിരാകാശ നിലയമായ ടിയാന്‍ഗോങ്ങില്‍ ഒരു പുതിയ ഇനത്തെ കണ്ടെത്തുന്നത് ഇത് ആദ്യമായാണ്. ഈ പുതിയ സ്‌ട്രെയിനിന് ഭൂമിയില്‍ കാണപ്പെടുന്ന നിയാലിയാ സര്‍ക്കുലാനുകളോട് സാമ്യമുള്ളതാണെങ്കിലും ബഹിരാകാശത്തേക്ക് എത്തുമ്പോള്‍ ജീവന്റെ പഠനത്തിന് ഗുണം ചെയ്യുന്ന നിരവധി വ്യതിയാനങ്ങള്‍ അഥവാ മ്യൂട്ടേഷനുകള്‍ ഇത് കാണിക്കുന്നുണ്ട്.

'ബഹിരാകാശയാത്രികരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ബഹിരാകാശ പേടകങ്ങളുടെ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തുന്നതിനും ദീര്‍ഘകാല ബഹിരാകാശ ദൗത്യങ്ങളിലെ സൂക്ഷ്മാണുക്കളുടെ സ്വഭാവസവിശേഷതകള്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്', സയന്‍സ് അലേര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ ബാക്ടീരിയയുടെ പ്രത്യേകതകള്‍

പുതിയ ബാക്ടീരിയയില്‍ ജെലാറ്റിനെ ഹൈഡ്രോലൈസ് ചെയ്യാനുള്ള അഥവാ വിഘടിപ്പിക്കാനുള്ള അസാധാരണമായ കഴിവ് ഉണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഇത് പരിമിതമായ പോഷകങ്ങളുള്ള അന്തരീക്ഷങ്ങളില്‍ വളരെ ഉപയോഗപ്രദമാകും. പുതിയ സ്‌ട്രെയിന്‍ രണ്ട് പ്രധാന പ്രോട്ടീനുകളിലെ 'ഘടനാപരവും പ്രവര്‍ത്തനപരവുമായ' വ്യത്യാസങ്ങള്‍ കാണിച്ചുവെന്നും ഇത് ബയോഫിലിം രൂപീകരണം, ഓക്‌സിഡേറ്റീവ് സ്‌ട്രെസ് പ്രതികരണം, റേഡിയേഷന്‍ കേടുപാടുകള്‍ പരിഹരിക്കല്‍ എന്നിവ 'വര്‍ദ്ധിപ്പിച്ചേക്കാം' എന്നും പ്രബന്ധത്തില്‍ പറയുന്നു.

ബഹിരാകാശ പരിസ്ഥിതിയുടെ എല്ലാ സാഹചര്യങ്ങളെയും അതിജീവിക്കാന്‍ സഹായിക്കുന്ന സംവിധാനങ്ങള്‍ സൂക്ഷ്മാണുക്കള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അതേസമയം ടിയാന്‍ഗോങ്ങിലെ ബഹിരാകാശയാത്രികരുടെ ആരോഗ്യത്തിന് പുതിയ ബാക്ടീരിയ എന്തെങ്കിലും ഭീഷണി ഉയര്‍ത്തുന്നുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ബഹിരാകാശ നിലയങ്ങളിലെ മലിനീകരണങ്ങള്‍ എങ്ങനെ നിയന്ത്രിക്കാമെന്നും ഒഴിവാക്കാമെന്നും മനസ്സിലാക്കാന്‍ ഏതൊക്കെ ബാക്ടീരിയകളാണ് ബഹിരാകാശ നിലയങ്ങളില്‍ അതിജീവിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പഠനം ആവശ്യമാണ്. ഇതാദ്യമായല്ല ബഹിരാകാശത്ത് ഒരു പുതിയ ഇനം ബാക്ടീരിയയെ കണ്ടെത്തുന്നത്. സ്‌പേസ്.കോമിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അന്താരാഷ്ട്ര ബഹിരാകാശ നിലയങ്ങളില്‍ നിന്ന് മുമ്പും നിരവധി പുതിയ ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്. ചൊവ്വയിലെ ബാക്ടീരിയകളുടെ സ്‌ട്രെയിനുകളടക്കം ഇതില്‍ ഉള്‍പ്പെടുന്നു. അടുത്തിടെ നാസയുടെ ക്ലീന്‍ റൂമുകളില്‍ നിന്ന് മുമ്പ് അറിയപ്പെടാത്ത 26 ബാക്ടീരിയല്‍ സ്പീഷീസുകളെയും കണ്ടെത്തിയിരുന്നു. മനുഷ്യരാശി നിര്‍മ്മിച്ച ഏറ്റവും അണുവിമുക്തമായ സ്ഥലങ്ങളിലൊന്നായാണ് നാസയുടെ ക്ലീന്‍ റൂമുകള്‍ അറിയപ്പെടുന്നത്.

Content Highlights: Chinese scientists discover mysterious bacteria on Tiangong space station

dot image
To advertise here,contact us
dot image