Top

'ഇപ്പോള്‍ ഞങ്ങള്‍ രാഷ്ട്രീയമായി ഒരു ഇടപെടല്‍ നടത്തേണ്ട ആവശ്യമില്ല'; നടിയെ ആക്രമിച്ച കേസിനേക്കുറിച്ച് പ്രതിപക്ഷ നേതാവ്

'കേരള സമൂഹത്തിന് വലിയ അപമാനമുണ്ടാക്കിയ സംഭവമാണത്'

19 May 2022 5:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇപ്പോള്‍ ഞങ്ങള്‍ രാഷ്ട്രീയമായി ഒരു ഇടപെടല്‍ നടത്തേണ്ട ആവശ്യമില്ല; നടിയെ ആക്രമിച്ച കേസിനേക്കുറിച്ച് പ്രതിപക്ഷ നേതാവ്
X

തൃക്കാക്കര: നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫോ പ്രതിപക്ഷമോ ഇപ്പോള്‍ ഒരു രാഷ്ട്രീയ ഇടപെടല്‍ നടത്തേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസിന്റെ രണ്ടാം ഘട്ടം അന്വേഷണം നടക്കുകയാണ്. അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്മാരെക്കുറിച്ച് യാതൊരു പരാതിയും വന്നിട്ടില്ല. പൊതു സമൂഹത്തിന്റെ ഇടയില്‍ നിന്നും അന്വേഷണത്തെക്കുറിച്ച് ഒരു ആക്ഷേപം വന്നാലല്ലേ ഇടപെടേണ്ട ആവശ്യമുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിപക്ഷം അതിജീവിതയ്ക്ക് ഒപ്പമാണ്. അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്, ആ നിലപാടുകള്‍ ഞങ്ങള്‍ സ്വീകരിച്ചിട്ടുമുണ്ട്. രാഷ്ട്രീയ ഇടപെടലല്ല ഇപ്പോള്‍ വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍:

നടിയെ ആക്രമിച്ച കേസും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമല്ലോ. കേരള സമൂഹത്തിന് വലിയ അപമാനമുണ്ടാക്കിയ സംഭവമാണത്. യുഡിഎഫിന് സ്ത്രീപക്ഷ നിലപാടാണ് ഉള്ളത്. അതില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. ഞങ്ങള്‍ സ്ത്രീപക്ഷമാണ്, ദളിത് പക്ഷമാണ്, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷമാണ്, കാരണം ആ മേഖല കേരളത്തില്‍ ശൂന്യമായി കിടക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു നേരത്തെ അവിടെ ഉണ്ടായിരുന്നത്. അവര്‍ വേറെ വഴിക്ക് പോയി. കേരളത്തിലെ കോണ്‍ഗ്രസും, യുഡിഎഫും ലെഫ്റ്റാണ്. നെഹ്‌റൂവിയന്‍ ലെഫ്റ്റാണത്. ഞങ്ങള്‍ക്ക് സ്ത്രീപക്ഷ നിലപാട് അല്ലാതെ മറ്റൊരു നിലപാട് എടുക്കാന്‍ കഴിയില്ല. ആര് സ്ത്രീവിരുദ്ധ നിലപാട് എടുത്താലും ഞങ്ങള്‍ക്ക് അതിനെതിരായേ നിലനില്‍ക്കാന്‍ സാധിക്കൂ.

അതിജീവിതയുടെ പ്രശ്‌നത്തില്‍ പി ടി തോമസാണ് അവര്‍ക്കൊപ്പം നിന്നത്. കേസ് അന്വേഷണം വേറെ വഴിക്ക് പോയ സമയത്ത് പി ടി തോമസ് നടത്തിയ സമരം, പാര്‍ട്ടി തീരുമാനിച്ച് നടത്തിയതാണ്. ഞങ്ങള്‍ എല്ലാവരും സമരത്തില്‍ പങ്കെടുത്തതാണ്. അതിന്റെ രണ്ടാം ഘട്ടം അന്വേഷണം നടക്കുകയാണ്. ഇപ്പോള്‍ ഞങ്ങള്‍ രാഷ്ട്രീയമായി ഒരു ഇടപെടല്‍ നടത്തേണ്ട ആവശ്യമില്ല. ഇത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്മാരെക്കുറിച്ച് യാതൊരു പരാതിയും വന്നിട്ടില്ല. അന്വേഷണ ഘട്ടത്തില്‍ യുഡിഎഫോ, പ്രതിപക്ഷമോ ഒരു അഭിപ്രായം പറയേണ്ട ആവശ്യമില്ല. പൊതു സമൂഹത്തിന്റെ ഇടയില്‍ നിന്നും അന്വേഷണത്തെക്കുറിച്ച് ഒരു ആക്ഷേപം വന്നാലല്ലേ ഇടപെടേണ്ട ആവശ്യമുള്ളൂ. സര്‍ക്കാര്‍ ഏജന്‍സിയായ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അവര്‍ അ്‌ന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയോ, ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയോ, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയോ, യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്താലല്ലേ ഇടപെടേണ്ട ആവശ്യമുള്ളൂ. അന്വേഷണം ഒരു വശത്തും, നിയമയുദ്ധം ഒരു വശത്തുകൂടിയും പോവുകയാണ്.

ഞങ്ങള്‍ അതിജീവിതയ്ക്ക് ഒപ്പമാണ്. അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്, ആ നിലപാടുകള്‍ ഞങ്ങള്‍ സ്വീകരിച്ചിട്ടുമുണ്ട്. രാഷ്ട്രീയ ഇടപെടലല്ല ഇപ്പോള്‍ വേണ്ടത്.

STORY HIGHLIGHTS: 'We do not need to intervene politically now'; Leader of the Opposition in the case of the attack on the actress

Next Story