Top

'കടിച്ചത് അണലിയാണെന്ന് അറിഞ്ഞത് പിന്നീട്, തുണി കഴുകാന്‍ വെളിയില്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം'; പതര്‍ച്ചയില്ലാതെ സൂരജ് അന്ന് പറഞ്ഞ കള്ളം

കുഞ്ഞിനെ ഉറക്കുകയും, എടുത്തോണ്ട് നടക്കുകയും എല്ലാം ചെയ്തിരുന്നു. പിന്നെയാണ് കാല് വേദന തുടങ്ങുന്നത്

13 Oct 2021 5:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കടിച്ചത് അണലിയാണെന്ന് അറിഞ്ഞത് പിന്നീട്, തുണി കഴുകാന്‍ വെളിയില്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം; പതര്‍ച്ചയില്ലാതെ സൂരജ് അന്ന് പറഞ്ഞ കള്ളം
X

കൊല്ലം അഞ്ചല്‍ ഉത്ര കൊലക്കേസില്‍ ഇന്ന് വിധി പറയാനിരിക്കെ ഭാര്യയെ അണലി കടിച്ചതിനെകുറിച്ച് പ്രതി സൂരജിന്റെ പ്രതികരണം ഞെട്ടിക്കുന്നതാണ്. യാതൊരു പതര്‍ച്ചയും കൂടാതെയാണ് സംഭവിച്ചതിനെകുറിച്ച് സൂരജ് വിശദീകരിക്കുന്നത്.

സൂരജിന്റെ വാക്കുകള്‍ ഇങ്ങനെ-

'വലത്തേക്കാലില്‍ ഉപ്പൂറ്റിക്ക് മുകളിലായാണ് വേദന ഉണ്ടായത്. അലക്ക് കല്ലിന്റെ അടുത്ത് വച്ചായിരുന്നു സംഭവം. ഉടന്‍ തന്നെ അച്ഛനെ വിളിച്ച്, അച്ഛന്‍ തുണിയെടുത്ത് കെട്ടി. അപ്പോഴേക്കും അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി. എന്താ കടിച്ചതെന്ന്അവിടെ അവര്‍ക്ക് ഉറപ്പിക്കാന്‍ പറ്റിയില്ല. അവിടുന്ന് ഹോളി ക്രോസിലേക്ക് കൊണ്ടുപോയി. രക്തം ടെസ്റ്റ് ചെയ്തപ്പോ വിഷം കേറിയിട്ടുണ്ട്, എന്തിന്റെയാണെന്ന് അറിയില്ലെന്ന് പറഞ്ഞു. അവര്‍ തന്നെ പുഷ്പഗിരിയിലേക്ക് വിട്ടു. അവിടെ വച്ചാണ് അണലി വര്‍ഗത്തിന്റെ കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചത്.

അഞ്ച് മണിക്ക് മുമ്പ് അവിടെയെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ തുണി കഴുകാന്‍ വൈകിട്ട് വെളിയില്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ആദ്യം തലവേദന എന്നാണ് പറഞ്ഞത്. അപ്പോള്‍ കാലിന് വേദന ഒന്നും തോന്നിയില്ല. തലവേദന ഉണ്ടെന്ന് പറഞ്ഞെങ്കിലും, എപ്പോഴും തലവേദന ഉള്ളതിനാല്‍ കാര്യമാക്കിയില്ല. കുഞ്ഞിനെ ഉറക്കുകയും, എടുത്തോണ്ട് നടക്കുകയും എല്ലാം ചെയ്തിരുന്നു. പിന്നെയാണ് കാല് വേദന തുടങ്ങുന്നത്. പാവാടയുടെ മുകളിലൂടെ കടിയേറ്റത് കാരണമാണ് അറിയാതിരുന്നത്. ഇത് ശ്രദ്ധിക്കാത്തതാണ് വിഷം കയറാന്‍ കാരണമായത്. പാമ്പ് കടിയേറ്റ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്'. സൂരജ് ട്വിന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു.

കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണു ഇന്ന് കേസില്‍ വിധി പറയുക. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യ പ്രതിയാണ് സൂരജ്. കഴിഞ്ഞദിവസം കൊല്ലത്തെ കോടതിവളപ്പില്‍ ഉത്രകേസിന്റെ വിധി കേള്‍ക്കാന്‍ എത്തിയ ആളിന്റെ പ്രതികരണമാണിത്. വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷനും കോടതിയോട് ആവശ്യപ്പെട്ടത്. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

Popular Stories

    Next Story