'ശ്രീനിജനെ നിലക്ക് നിര്‍ത്തണം, മാപ്പ് പറയട്ടെ'; ഇടതുപക്ഷം വോട്ട് മാത്രം ചോദിച്ചിട്ട് കാര്യമില്ലെന്ന് സാബു എം ജേക്കബ്
ഇടത് മുന്നണിക്ക് തുടര്‍ഭരണം ജനം വിലയിരുത്തും. സിലവര്‍ ലൈന്‍ ചര്‍ച്ചയാവും.
16 May 2022 5:39 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആംആദ്മി-ട്വന്റി ട്വന്റി സഖ്യം പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് രണ്ട് ദിവസത്തിനകം യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. കഴിഞ്ഞ ദിവസം മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്. മനസാക്ഷി വോട്ടാണോ, മുന്നണിക്ക് പിന്തുണ നല്‍കുമോയെന്ന് യോഗത്തില്‍ തീരുമാനിക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു.
ട്വന്റി ട്വന്റിക്ക് വളരെ സ്വാധീനമുള്ള മണ്ഡലമാണ് തൃക്കാക്കര. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 14000 വോട്ടാണെങ്കില്‍ ഇന്ന് ആ സാഹചര്യമല്ല. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ജയിക്കാമെന്ന സാഹചര്യം വരെ തൃക്കാക്കരയില്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച് എഎപിയും കെജ്രിവാളിന്റെ വരവും കൂടിയായപ്പോള്‍. മത്സരിച്ചാല്‍ പൂര്‍ണ വിജയം നേടുമെന്നായിരുന്നു അഭിപ്രായ സര്‍വ്വേയില്‍ നിന്നും ലഭിച്ചതെന്നും സാബു എം ജേക്കബ് പറഞ്ഞു.
കുന്നത്തുനാട് എംഎല്‍എ ശ്രീനിജന് മാപ്പ് പറയണമെന്നും സാബു എം ജേക്കബ് ആവശ്യപ്പെട്ടു. വ്യവസായ ശാലയിലേക്ക് തുടര്‍ച്ചയായ റെയിഡ് നടത്തി. വ്യവസായം തകര്‍ക്കാന്‍ ശ്രമിച്ചു. റെയിഡ് തെറ്റാണെന്ന് നടത്തിയവര്‍ അംഗീകരിക്കട്ടെ. റെയിഡ് നടത്തി നിയവിരുദ്ധമായി എന്ത് കണ്ടുപിടിച്ചുവെന്ന് പുറത്ത വരട്ടെ. 12 തവണയാണ് സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് റെയിഡ് നടത്തിയത്. നയം തെറ്റായിരുന്നുവെന്ന് അംഗീകരിക്കട്ടെ. തെറ്റ് തിരുത്താന്‍ തയ്യാറാവണം. വോട്ട് മാത്രം ചോദിച്ചിട്ട് കാര്യമില്ലെന്നായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം.
'ഞങ്ങള്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഭയന്നോടുകയാണെന്നും പേടികൊണ്ടാണ് ആളെ നിര്‍ത്താത്തതെന്നുമാണ് ശ്രീനിജന് എംഎല്‍എ പറഞ്ഞത്. ഇത്തരം മണ്ടത്തരങ്ങള്‍ പറയുന്നവരും ഇടത് മുന്നണിയുടെ കൂട്ടത്തിലുണ്ട്. ഔചിത്യമുള്ള ഒരാള്‍ പോലും പറയാത്തതാണ് അദ്ദേഹം പറഞ്ഞത്. മുന്നണിയിലെ അണികളെ നിലക്ക് നിര്‍ത്താന്‍ പറ്റുന്നില്ല. ഒരു നേതാവ് വിമര്‍ശിക്കുകയും മറ്റ് ചിലര്‍ വോട്ട് ചോദിക്കുകയും ചെയ്യുന്നത് ശരിയല്ല. നിലക്ക് നിര്‍ത്തണം. പാര്‍ട്ടി അച്ചടക്കമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.' സാബു എം ജേക്കബ് വിശദീകരിച്ചു.
ഇടത് മുന്നണിക്ക് തുടര്‍ഭരണം ജനം വിലയിരുത്തും. സിലവര്‍ ലൈന്‍ ചര്‍ച്ചയാവും. അക്രമ രാഷ്ട്രീയം ചര്‍ച്ചയാവും. 22 കിലോ മീറ്റര്‍ മാത്രമുള്ള മെട്രോ ലാഭകരമാക്കാന്‍ പറ്റാത്ത സര്‍ക്കാര്‍ എങ്ങനെ സില്‍വര്‍ ലൈന്‍ ലാഭകരമാക്കുമെന്നും അദ്ദേഹം ചോദിച്ചു.