Top

കെ സുധാകരന് എതിരെ കൊലവിളി പ്രസംഗം; കെപി അനില്‍കുമാറിനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്ക്

പേപ്പട്ടിയെ തല്ലി കൊല്ലുന്നതു പോലെ സുധാകരനെ കൈകാര്യം ചെയ്യാന്‍ കേരളത്തിലാളുണ്ടെന്ന് കെപി അനില്‍കുമാര്‍ പറഞ്ഞിരുന്നു.

14 Jan 2022 5:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ സുധാകരന് എതിരെ കൊലവിളി പ്രസംഗം; കെപി അനില്‍കുമാറിനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്ക്
X

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് നേതാവും നിലവില്‍ സിപിഐഎം നേതാവുമായ കെ പി അനില്‍ കുമാറിനെതിരെ കോണ്‍ഗ്രസ് നിയമ നടപടിക്ക്. അനില്‍ കുമാറിനെതിരെ കേസെടുക്കണമെന്നാവശ്യപെട് കോഴിക്കോട് ഡിസി സി പ്രസിഡന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കും. അനില്‍ കുമാര്‍ നടത്തിയത് കൊലവിളി പ്രസംഗമാണെന്നും കെ സുധാകരനെ കൊലപ്പെടുത്തുമെന്ന ഭീഷണി ഉയര്‍ത്തിയെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.

ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ എത്തിയ കെപി അനില്‍കുമാര്‍ രംഗത്ത് എത്തിയത്. പേപ്പട്ടിയെ തല്ലി കൊല്ലുന്നതു പോലെ സുധാകരനെ കൈകാര്യം ചെയ്യാന്‍ കേരളത്തിലാളുണ്ടെന്ന് കെപി അനില്‍കുമാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ രക്തസാക്ഷിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനുള്ള ശ്രമത്തെ തടുക്കുമെന്ന് കെ സുധാകരനും തിരിച്ചടിച്ചിരുന്നു.

സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ സിപിഐഎമ്മിന്റെ സംഘടിതവും ആസൂത്രിതവുമായ ആക്രമണം നടന്നിട്ടും പോലീസും മുഖ്യമന്ത്രിയും മൗനിബാബയെപ്പോലെ പെരുമാറുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആരോപിച്ചു. വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ കൈകാര്യം ചെയ്യാനാണ് സിപിഎമ്മിന്റെ തീരുമാനമെങ്കില്‍ കോണ്‍ഗ്രസ് അത് കൈയ്യും കെട്ടിനോക്കി നില്‍ക്കുമെന്ന് കരുതരുതെന്ന് സുധാകരന്‍ പറഞ്ഞു.

അണികളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം നേതൃത്വം തയ്യാറാകണം. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനും നേതാക്കള്‍ക്കും പിണറായി വിജയന്റെ പോലീസിന് സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഭംഗിയായി നിറവേറ്റാന്‍ പതിനായിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്നദ്ധരാണ്. ഉമ്മാക്കികാട്ടി കോണ്‍ഗ്രസിനെ ഭയപ്പെടുത്താമെന്ന് സിപിഎം കരുതിയെങ്കില്‍ അത് വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണന്നും സുധാകരന്‍ പറഞ്ഞു.

Next Story

Popular Stories