Top

'പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണം സമ്മതമെന്നതില്‍ ന്യായം'; വിചിത്ര വാദവുമായി എസ്‌കെഎസ്എസ്എഫ്

കോടതിയുടെ വിവാദ പരാമര്‍ശത്തില്‍ കഴമ്പുണ്ടെന്നാണ് സത്താര്‍ പന്തലൂര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്

18 Aug 2022 4:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണം സമ്മതമെന്നതില്‍ ന്യായം; വിചിത്ര വാദവുമായി എസ്‌കെഎസ്എസ്എഫ്
X

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ പ്രതികരണവുമായി എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തലൂര്‍. കോടതിയുടെ വിവാദ പരാമര്‍ശത്തില്‍ കഴമ്പുണ്ടെന്നാണ് സത്താര്‍ പന്തലൂര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. ലൈംഗികാകര്‍ഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാല്‍ പീഡനാരോപണം പ്രാഥമികമായി നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ വിചിത്ര ഉത്തരവ്. ഇതിനെ ശരിവയ്ക്കുന്ന തരത്തിലുള്ള വാദമാണ് എസ്‌കെഎസ്എസ്എഫ് നേതാവ് ഉന്നയിക്കുന്നത്. 'സമ്മതം' എന്നതിന് കൃത്യമായ നിര്‍വ്വചനം ഇല്ലാത്തിടത്തോളം കാലം 'പ്രലോഭിപ്പിക്കുന്ന' വത്രധാരണവും സമ്മതമായി കണക്കാക്കാം എന്നാണ് സത്താറിന്റെ വാദം.

'പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്ന കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജിയുടെ ഉത്തരവ് സമൂഹം ചര്‍ച്ച ചെയ്യേണ്ടതാണ്. പരാതിക്കാസ്പദമായ സംഭവം നടന്നിട്ടുണ്ടെങ്കില്‍ പ്രതി ശിക്ഷിക്കപ്പെടട്ടെ. 'സമ്മതം' ഉണ്ടെങ്കില്‍ ചിലര്‍ക്ക് എല്ലാമായല്ലോ. അത് എന്താണെന്ന് കൃത്യമായി നിര്‍വചിക്കപ്പെടാത്ത കാലത്തോളം, പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണവും ഒരു സമ്മതമായി കണക്കാക്കാം എന്ന വാദത്തിലും ന്യായം നിഴലിക്കുന്നുണ്ട്', സത്താര്‍ പന്തലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആഭാസകരമായ വസ്ത്രധാരണം പൊതുയിടങ്ങളില്‍ വര്‍ധിച്ചുവരുകയാണെന്നും അതിനെ വസ്ത്ര സ്വാതന്ത്ര്യത്തിന്റെ പട്ടികയില്‍പ്പെടുത്താന്‍ കഴിയില്ലെന്നും കുറിപ്പില്‍ പറയുന്നു. വസ്ത്ര ധാരണത്തില്‍ ശ്രദ്ധിക്കേണ്ടത് സ്ത്രീകളാണെന്ന ധ്വനിയാണ് കുറിപ്പിലൂടെ ലഭിക്കുന്നത്.

'ശരീരം 'തുറന്നിടുന്നതിന്' സമാനമായി വസ്ത്രം ധരിച്ചാല്‍ അത് സ്ത്രീകള്‍ക്ക് സുരക്ഷാ പ്രശ്‌നമുണ്ടാക്കുകയാണ് ചെയ്യുന്നത്. കോടതിയുടെ പരാമര്‍ശം സ്ത്രീ സമൂഹത്തില്‍ പോസിറ്റീവ് ചര്‍ച്ചകള്‍ക്ക് ഇടം നല്‍കുന്നതിന് പകരം വനിതാ കമ്മീഷന്‍ പോലുള്ള സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംവിധാനങ്ങള്‍ അതിനെ എതിര്‍ക്കുന്നത് അത്ഭുതകരമാണ്', എന്നും സത്താര്‍ പന്തലൂര്‍ കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: SKSSF Leader Sathar Panthaloor Supports Kozhikode Sessions Court Judgement on Case Against Civic Chandran

Next Story