Top

'മുഖ്യമന്ത്രിയുടെ പേര് പറഞ്ഞത് ഞാനല്ല'; അദ്ദേഹത്തിന് പങ്കുണ്ടോയെന്ന് സ്വപ്‌ന ചോദിക്കുകയായിരുന്നുവെന്ന് ഷാജ് കിരണ്‍

ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ടും സ്വപ്‌നയാണ് തന്നോട് ചോദിച്ചതെന്നും ഷാജ് പറഞ്ഞു

11 Jun 2022 5:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞത് ഞാനല്ല; അദ്ദേഹത്തിന് പങ്കുണ്ടോയെന്ന് സ്വപ്‌ന ചോദിക്കുകയായിരുന്നുവെന്ന് ഷാജ് കിരണ്‍
X

കൊച്ചി: കഴിഞ്ഞ ദിവസം പാലക്കാട് എച്ച്ആര്‍ഡിഎസ് ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്ന് ഷാജ് കിരണ്‍. താന്‍ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞു എന്ന് ആരോപിക്കുന്നതിന് തെളിവുകള്‍ ഇല്ലെന്ന് ഷാജ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കുണ്ടോയെന്ന് സ്വപ്‌ന തന്നോട് ചോദിക്കുകയായിരുന്നു. ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ടും സ്വപ്‌നയാണ് തന്നോട് ചോദിച്ചതെന്നും ഷാജ് പറഞ്ഞു.

അതേസമയം, ഷാജ് കിരണും ഇബ്രഹിമും ചെന്നൈയിലാണെന്ന് ഇരുവരും റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. സ്വപ്‌നയുമായി ബന്ധപ്പെട്ട് ഡിലീറ്റഡ് വീഡിയോ വീണ്ടെടുക്കാനാണ് ചെന്നെയിലേക്ക് പോകുന്നതെന്നും ഇരുവരും പറഞ്ഞു.

തന്റെ ഫോണില്‍ സ്വപ്‌നയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം സ്വപ്‌നയെ കാണാന്‍ പോയപ്പോള്‍ റെക്കോര്‍ഡ് ചെയ്തതാണ് അത്. അത് സ്വപ്‌നയ്ക്ക് വളരെ ദൂഷ്യം ചെയ്യും എന്നതിനാല്‍ അത്മസുഹൃത്ത് എന്ന നിലയില്‍ അത് ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അത് വീണ്ടെടുക്കാന്‍ ചെന്നൈയില്‍ പോകുന്നതെന്നും ഷാജ് കിരണ്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. വീണ്ടെടുത്താല്‍ അത് മാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്നും സ്വപ്‌ന പത്ര സമ്മേളനത്തില്‍ ആരോപിച്ച 'സെക്‌സ്' വീഡിയോ അല്ല അതെന്നും ഷാജ് പറഞ്ഞു.

ആര്‍ക്ക് വേണ്ടിയാണ് സ്വപ്‌ന രഹസ്യമൊഴി നല്‍കിയതെന്നും എച്ച്ആര്‍ഡിഎസിന്റെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ടായെന്നും സ്വപ്‌ന പറയുന്നതാണ് ഈ വീഡിയോയില്‍ ഉള്ളത്. അറസ്റ്റിനെ തങ്ങള്‍ ഭയക്കുന്നില്ലെന്നും ഷാജ് കൂട്ടിച്ചേര്‍ത്തു.

ഷാജ് കിരണിന്റെ വാക്കുകള്‍:

സ്വപ്‌ന പറയുന്നതെല്ലാം പച്ചക്കള്ളമാണ്. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞു എന്നുള്ളതിന് ഓഡിയോ ക്ലിപ്പുണ്ടോ. ഞാന്‍ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ കാര്യമല്ല. അവര്‍ എന്റെയടുത്താണ് മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കുണ്ടോ. നിങ്ങള്‍ ബിലീവേഴ്‌സ് എന്ന് പറയുന്ന സ്ഥാപനം, അപ്പൊ ഞാന്‍ പറഞ്ഞു എന്റെ സ്ഥാപനമല്ല ബിലീവേഴ്‌സ്. പണ്ട് ഞാനും നിങ്ങള്‍ പറഞ്ഞോണം കേട്ടിട്ടുണ്ട്. എന്ന് പറഞ്ഞ സാധനം എനിക്ക് എതിരെ ഉപയോഗിക്കുകയാണ് ചെയ്തത്.

STORY HIGHLIGHTS: Shaj Kiran alleges that Swapna asked him whether Chief Minister Pinarayi Vijayan has role in case related to gold smuggling

Next Story