Top

തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആലപ്പുഴയില്‍ ക്യാമ്പുകള്‍ തുറന്നു

ആലപ്പുഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

14 Nov 2021 6:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആലപ്പുഴയില്‍ ക്യാമ്പുകള്‍ തുറന്നു
X

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അതേസമയം തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ആലപ്പുഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. അപ്പര്‍കുട്ടനാട് മേഖലയിലാണ് ക്യാമ്പുകള്‍ തുറന്നത്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നെല്ല് സംഭരണവും പ്രതിസന്ധിയിലാണ്.

കനത്ത മഴയില്‍ കുട്ടനാട് അപ്പര്‍കുട്ടനാട് മേഖലയില്‍ ജലനിരപ്പ് ഉയര്‍ന്നു. വീയപുരം, തലവടി, എടത്വ നീരേറ്റുപുറം എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. രണ്ടാഴ്ച മുമ്പ് പെയ്ത മഴയുടെയും ബണ്ട് തകര്‍ന്നതിന്റയും വെള്ളക്കെട്ട് ഒഴിയുന്നതിന് മുമ്പ് വീണ്ടും മഴ എത്തിയതോടെ കൈനകരി, കാവാലം, കുപ്പപ്പുറം മേഖലകളില്‍ വെള്ളക്കെട്ട് രൂക്ഷമായി.

പമ്പ, അച്ചന്‍കോവില്‍, മണിമലയാറുകളില്‍ ജലനിരപ്പുയരുന്നത് കുട്ടനാടിന് ആശങ്കയാണ്. നദീതീരത്തുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപ്പര്‍കുട്ടനാടന്‍ മേഖലയായ വെണ്‍മണി, ചെറിയനാട്, എണ്ണയ്ക്കാട് എന്നിവിടങ്ങളില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 11 കുടുംബങ്ങളിലെ 29 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് ജലം വറ്റിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്.

മഴമുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. ജില്ലയില്‍ അടിയന്തര സേവനത്തിനായി പൊലീസ് തയ്യാറെടുപ്പുകള്‍ നടത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കുന്നതിന് ക്യൂ ആര്‍ ടി സ്‌ട്രൈക്കര്‍ എന്നീ ടീമുകളെ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി ജി ജയദേവ് പറഞ്ഞു.

അതേസമയം ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് തുറക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് 40 സെന്റിമീറ്റര്‍ ഉയര്‍ത്തി ജലനിരപ്പ് നിയന്ത്രിക്കാനാണ് തീരുമാനമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പെരിയാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിനിടെ, മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയില്‍ എത്തിയതായി തമിഴ്നാട് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വീണ്ടും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കി വിടാന്‍ സാധ്യതയുണ്ട്. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.

Next Story