Top

'ഇന്നത്തെ ദിവസം ഐ.പി ബിനുവിന്റേത് കൂടി'; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അറസ്റ്റിന് പിന്നാലെ അന്‍വര്‍

എകെജി സെന്റര്‍ ആക്രമണകേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ അറസ്റ്റിലായത് ചൂണ്ടിക്കാണിച്ചാണ് അന്‍വറിന്റെ പരാമര്‍ശങ്ങള്‍.

22 Sep 2022 4:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്നത്തെ ദിവസം ഐ.പി ബിനുവിന്റേത് കൂടി; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അറസ്റ്റിന് പിന്നാലെ അന്‍വര്‍
X

എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെടുത്തി ഐപി ബിനുവിന് നേരെ നടത്തിയ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി പിവി അന്‍വര്‍. കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ അറസ്റ്റിലായത് ചൂണ്ടിക്കാണിച്ചാണ് അന്‍വറിന്റെ പരാമര്‍ശങ്ങള്‍.

എകെജി സെന്റര്‍ അക്രമണവുമായി ബന്ധപ്പെട്ട് ബിനുവിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുവാന്‍ കോണ്‍ഗ്രസും സംഘപരിവാറും മത്സരിച്ച് രംഗത്തെത്തിയിരുന്നു. ബിജെപിക്കാര്‍ സ്വന്തം വീട് എറിഞ്ഞ് തകര്‍ത്തപ്പോള്‍, അന്ന് രാത്രി തന്നെ ഒരു മറയുമില്ലാതെ ബിജെപിയുടെ സംസ്ഥാന കമ്മറ്റി ഓഫീസ് അടിച്ച് തകര്‍ത്തത് മുതല്‍ സംഘപരിവാറിന്റെ കണ്ണിലെ കരടാണ് ഐ.പി.ബിനുവെന്ന് അന്‍വര്‍ പറഞ്ഞു.

പിവി അന്‍വര്‍ പറഞ്ഞത്: ''ഇന്നത്തെ ദിവസം സഖാവ് ഐ.പി.ബിനുവിന്റേത് കൂടിയാണ്. പാര്‍ട്ടിയുടെ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ലോക്കല്‍ കമ്മറ്റിയായ പാളയം ലോക്കല്‍ കമ്മറ്റിയുടെ സെക്രട്ടറിയാണ് സഖാവ്. കഴിഞ്ഞ തവണത്തെ കോര്‍പ്പറേഷന്‍ ഭരണസമിതി അംഗമായ ഐ.പി.ബിനു ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.''

''എകെജി സെന്റര്‍ അക്രമണവുമായി ബന്ധപ്പെട്ട് സഖാവ് ഐ.പി.ബിനുവിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുവാന്‍ കോണ്‍ഗ്രസും സംഘപരിവാറും മത്സരിച്ച് രംഗത്തെത്തിയിരുന്നു.കെപിസിസി നേതൃത്വവും ബിജെപി നേതൃത്വവും ഒറ്റക്കെട്ടായി ഈ ആരോപണം ഉയര്‍ത്തി.മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മഞ്ഞപത്രം നടത്തുന്ന അഖില ലോക അലവലാതി ദിവസവും അഞ്ചെന്ന കണക്കിലാണ് ഐ.പി.ബിനുവിനെതിരെ വീഡിയോ പടച്ച് വിട്ടത്.ബിജെപിക്കാര്‍ സ്വന്തം വീട് എറിഞ്ഞ് തകര്‍ത്തപ്പോള്‍,അന്ന് രാത്രി തന്നെ ഒരു മറയുമില്ലാതെ ബിജെപിയുടെ സ്റ്റേറ്റ് കമ്മറ്റി ഓഫീസ് അടിച്ച് തകര്‍ത്തത് മുതല്‍ സംഘപരിവാറിന്റെ കണ്ണിലെ കരടാണ് ഐ.പി.ബിനു.''

''കിട്ടിയ അവസരത്തില്‍ അങ്ങ് ഇല്ലാതാക്കിക്കളയാം എന്ന ധാരണയില്‍ ഐ.പി.ബിനുവിനെതിരെ വ്യാജവാര്‍ത്ത പടച്ച് വിട്ടവന്മാര്‍ക്കെതിരെ സഖാവ് മുന്‍പേ തന്നെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.തീയില്‍ കുരുത്തതൊന്നും വെയിലത്ത് വാടില്ല എന്ന് ഇവന്മാര്‍ക്കൊന്നും ഇന്നും മനസ്സിലായിട്ടില്ല.''

തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഐപി ബിനുവും രംഗത്തെത്തിയിട്ടുണ്ട്. എകെജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചതിന് കേരള പൊലീസിന് നന്ദിയുണ്ടെന്ന് ബിനു പറഞ്ഞു. എത്ര മറച്ചാലും സത്യം ഒരു നാള്‍ ആ മറയെല്ലാം നീക്കി പുറത്ത് വരും. അത് പുറത്ത് വരുമ്പോള്‍ ഇന്ന് വിളറി വെളുത്ത പോലെ ഇനിയും മുഖം വിളറുമെന്ന് ഐപി പറഞ്ഞു.

ഐപി ബിനു പറഞ്ഞത്: ''കേരളാ പോലീസിന് ഹൃദയം നിറഞ്ഞ നന്ദി.. ഞങ്ങളുടെ എ കെ ജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചതിന്.. ഈ സംഭവത്തിന്റെ പേരില്‍ എന്നെയും എന്റെ പ്രസ്ഥാനത്തേയും വേട്ടയാടിയവര്‍ ഇപ്പോഴെങ്കിലും ഓര്‍ക്കണം , എത്ര മറച്ചാലും സത്യം ഒരു നാള്‍ ആ മറയെല്ലാം നീക്കി പുറത്ത് വരും..അത് പുറത്ത് വരുമ്പോള്‍ ഇന്ന് വിളറി വെളുത്ത പോലെ ഇനിയും നിങ്ങളുടെ മുഖം വിളറും.. എ കെ ജി സെന്റര്‍ ആക്രമണം നടന്ന് രണ്ടാഴ്ച്ച കഴിയുമ്പോഴാണ് ഏതോ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിയെ ഐ പി ബിനുവിന് അറിയാമെന്ന കഥയിറങ്ങുന്നത്.''

''മുന്‍കൂട്ടി തയ്യാറാക്കിയ കഥയ്ക്ക് കൈയടിക്കാന്‍ ചില മാധ്യമങ്ങള്‍ മത്സരിച്ചു.. അവരുടെ പേര് പറയാത്തതും എഴുതാത്തതും ഈ വാള് വൃത്തികേടാക്കരുതല്ലോ എന്നോര്‍ത്തിട്ടാണ്. കെ സുധാകരനൊക്കെ സി ഐ ഡി വേഷം കെട്ടിയാടുകയായിരുന്നു..ഇപ്പോള്‍ ചോക്ലേറ്റിനെ കുറ്റം പറയുന്ന കെ പി സി സി അധ്യഷന്‍ അന്ന് എന്തടിസ്ഥാനത്തിലാണ് എന്റെ പേര് പറഞ്ഞത്? ഗുണ്ടയെന്ന് വിളിച്ചായിരുന്നല്ലോ അധിക്ഷേപം..''

''ഞാനും എന്റെ കുടുംബവും കഴിഞ്ഞ ദിവസങ്ങളില്‍ കടന്നു പോയ മാനസിക സംഘര്‍ഷം എന്തായിരുന്നു എന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? ചില മാധ്യമങ്ങളും പ്രതിപക്ഷവും ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ചാര്‍ത്തിത്തന്ന ഗുണ്ടാപ്പട്ടം എന്റെ മക്കളില്‍ ഉണ്ടാക്കിയ സങ്കടം നിങ്ങള്‍ക്ക് മനസിലാകുമോ? നിങ്ങളുടെ അപവാദ പ്രചരണങ്ങളിലും അസംബന്ധ ഗവേഷണങ്ങളിലും പതറാതെ എന്നെ ഇവിടെ പിടിച്ച് നിര്‍ത്തിയത് എന്റെ പാര്‍ട്ടിയും അതിന്റെ സഖാക്കളുമാണ്. തിരിച്ചറിവായ കാലം മുതല്‍ ഈ പാര്‍ട്ടിയും എ കെ ജി സെന്ററും ജീവിതത്തിന്റെ ഭാഗമാണ്. ഇരുട്ടിന്റെ മറപറ്റി ഞങ്ങളുടെ ഓഫീസ് ആക്രമിച്ചിട്ട് ഞങ്ങള്‍ക്ക് നേരേ വിരല്‍ ചൂണ്ടുന്ന നിങ്ങളുടെ മനസ് എത്രത്താളം വികൃതമാണ്..''

''രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയം മാത്രമല്ല ഇത്തരം നെറികേടുകളും നിങ്ങള്‍ക്ക് ഉണ്ടെന്നറിയാം. ആയിരം തവണ ആവര്‍ത്തിച്ചാലും കള്ളം കള്ളമല്ലാതാകില്ല എന്ന് ഓര്‍ക്കുക.. അസത്യത്തിന്റേയും അപവാദ പ്രചരണങ്ങളുടേയും കാറും കോളും നീങ്ങി സത്യം നക്ഷത്രത്തെ പോലെ തിളങ്ങുന്നു... ഈ പാര്‍ട്ടി എന്ന സൂര്യനെ, അതിന്റെ പ്രകാശത്തെ കെടുത്താന്‍ നിങ്ങള്‍ക്കിനിയും ജന്മങ്ങള്‍ വേണ്ടി വരും.''

Next Story