Top

'ധീരജിന് അവഹേളനം'; ഷമ മുഹമ്മദ് മാപ്പ് പറയണമെന്ന് പിവി അന്‍വര്‍

''മാഡം ഷമ മുഹമ്മദ്..ധീരജിന്റെ അമ്മയ്ക്കും മകനെ കുറിച്ച് ഒരുപാട് ഓര്‍മ്മകള്‍ ഉണ്ടായിരുന്നു''

12 Jan 2022 3:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ധീരജിന്  അവഹേളനം; ഷമ മുഹമ്മദ് മാപ്പ് പറയണമെന്ന് പിവി അന്‍വര്‍
X

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തെ കര്‍മ്മഫലമെന്ന് വിശേഷിപ്പിച്ചതില്‍ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് മാപ്പ് പറയണമെന്ന് പിവി അന്‍വര്‍. ധീരജിന്റെ കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തത് ഷമ കൂടി ഭാഗമായ പൊളിറ്റിക്കല്‍ സിസ്റ്റമാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് മാപ്പ് പറയണമെന്ന ആവശ്യം അന്‍വര്‍ മുന്നോട്ടുവച്ചത്.

പിവി അന്‍വര്‍ പറഞ്ഞത്: സ്വന്തം വേരിഫൈഡ് ഫേസ്ബുക്ക് പേജില്‍ 'ഓര്‍മ്മകള്‍, മാതൃത്വം' എന്നൊക്കെയുള്ള ഹാഷ് ടാഗില്‍ സ്വന്തം മക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം എ.ഐ.സി.സി വ്യക്താവ് ഷമ മുഹമ്മ്ദ് നേരേ പോയത് ട്വിറ്ററിലേക്കാണ്. അവരുടെ പാര്‍ട്ടിക്കാരാല്‍ കൊല്ലപ്പെട്ട, ഒരു ഇരുപത്തിയൊന്ന് വയസ്സുകാരന്റെ മരണ വാര്‍ത്ത ഷെയര്‍ ചെയ്തിട്ട് ട്വിറ്ററില്‍ അവരിങ്ങനെ കുറിച്ചു. 'കര്‍മ്മ.'

മാഡം ഷമ മുഹമ്മദ്..നിങ്ങള്‍ക്കുള്ള പോലെ തന്നെ സഖാവ് ധീരജിന്റെ അമ്മയ്ക്കും മകനെ കുറിച്ച് ഒരുപാട് ഓര്‍മ്മകള്‍ ഉണ്ടായിരുന്നു. സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. അതൊക്കെ തല്ലി തകര്‍ത്തത് നിങ്ങള്‍ കൂടി ഭാഗമായ പൊളിറ്റിക്കല്‍ സിസ്റ്റമാണ്. നിങ്ങള്‍ക്കുള്ള അതേ ഓര്‍മ്മകളും മാതൃത്വവും അവര്‍ക്ക് നിഷേധിച്ചത് നിങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരാണ്. അതിനെ പരിഹസിച്ച്, നിങ്ങള്‍ നടത്തിയ സ്റ്റേറ്റ്മെന്റ് ധീരജിന്റെ അമ്മയുടെ മാതൃത്വത്തിന്റെ കടയ്ക്കല്‍..നിങ്ങളുടെ ആളുകള്‍ കത്തി വച്ചതിലും ക്രൂരമാണ്..നിങ്ങള്‍ മാപ്പ് പറയണം..ധീരജിന്റെ അമ്മയോട്..അവരുടെ മാതൃത്വത്തോട്..


ധീരജ് കൊലപ്പെട്ട വാര്‍ത്തയ്‌ക്കൊപ്പം കര്‍മഫലം എന്നായിരുന്നു ഷമ ട്വീറ്റ് ചെയ്തത്. ഈ പ്രതികരണത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്. മനുഷ്യത്വമില്ലാത്ത പ്രതികരണം എന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായപ്രകടനം.

സിപിഐഎം ഇരന്നു വാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേതെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്. ധീരജ് വധത്തില്‍ ഗൂഢാലോചനയില്ലെന്ന ജില്ലാ പൊലീസ് മേധാവിയുടെ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് സുധാകരന്‍ ധീരജിന്റെ കൊലപാതകത്തെ പ്രതിരോധിച്ചത്.

'മരണം ഇരന്നു വാങ്ങിയവന്‍' പരാമര്‍ശം; സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തെ ന്യായീകരിച്ച കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരണം ഇരന്നു വാങ്ങിയവന്‍ എന്ന് ഈ നാടിന്റെ മുന്നില്‍ പറയാന്‍ കോണ്‍ഗ്രസ് തയ്യാറായിയെന്നും എന്താണ് ഇതിന്റെ അര്‍ത്ഥമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു കാരണമില്ലാതെ ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിന് എവിടെ നിന്ന് വന്നു. ധീരജ് കൊലപാതകത്തില്‍ പങ്കെടുത്ത എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ''നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. നിര്‍ഭാഗ്യകരമായ ഒരു സംഭവമാണ് കഴിഞ്ഞദിവസം നടന്നത്. കേരളത്തിലെ മനസാക്ഷിയുള്ള എല്ലാവരുടെയും മനസിലെ നീറ്റായി, വേദനയായി ധീരജ് നിലകൊള്ളുകയാണ്. വിദ്യാര്‍ഥികള്‍ കുടുംബത്തിന്റെ പ്രതീക്ഷയാണ്, നാടിന്റെ നാളത്തെ വാഗ്ദാനങ്ങളാണ്. ഒരു കാരണമില്ലാതെ ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിന് എവിടെ നിന്ന് വന്നു. എന്നിട്ട് അതിനെ ന്യായികരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. മരണം ഇരന്നു വാങ്ങിയവന്‍ എന്ന് ഈ നാടിന്റെ മുന്നില്‍ പറയാന്‍ കോണ്‍ഗ്രസ് തയ്യാറായി. എന്താണ് ഇതിന്റെ അര്‍ത്ഥം. ഇങ്ങനെയാണോ ഇത്തരം കാര്യങ്ങൡല്‍ പ്രതികരിക്കേണ്ടത്. അത്തരം സംഭവങ്ങളെ പ്രോത്സാഹിപ്പിക്കാമോ? ധീരജിനെ കൊന്നവരില്‍ ചിലരെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവരെ ഉടന്‍ പിടികൂടും. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.''

സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. ധീരജിനെ ഇനിയും അപമാനിക്കരുത്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഇരുന്നിട്ട് പറയാന്‍ പാടില്ലാത്തതാണ് ആ വാചകം. കൊല നടത്തിയിട്ടും വീണ്ടു കൊല നടത്തുന്നതിനും തുല്യമാണിത്. ഇത്തരം പരാമര്‍ശങ്ങള്‍ പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കമാണെന്നും കോടിയേരി പറഞ്ഞു.

''നാട്ടില്‍ കലാപം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇത്തരം നിലപാടില്‍ നിന്ന് പിന്‍വാങ്ങാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. ഒരാള്‍ കൊല്ലപ്പെട്ടാല്‍ സന്തോഷിക്കുന്നതാണ് കോണ്‍ഗ്രസിന്റെ സമീപനം. കോണ്‍ഗ്രസ് ആക്രമണരാഷ്ട്രീയം അവസാനിപ്പിക്കണം. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടും. കോണ്‍ഗ്രസ് പ്രകോപനത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കുടുങ്ങരുത്. ഓഫീസ് ആക്രമണം, കൊടിമരം തകര്‍ക്കല്‍ എന്നിവ ഒഴിവാക്കണം. കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. അവര്‍ക്ക് എന്ത് സ്ഥാനം നല്‍കണമെന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കും.'' -കോടിയേരി പറഞ്ഞു.

Next Story

Popular Stories