Top

'ക്ഷേത്രവാതിലുകള്‍ മനുഷ്യരായി ജനിച്ച മുഴുവന്‍ പേര്‍ക്കും മുന്നില്‍ തുറക്കട്ടെ'; മന്‍സിയക്ക് പുകസയുടെ ഐക്യദാര്‍ഢ്യം

'ദേവസ്വം നേതൃത്വം നര്‍ത്തകിയോട് മാപ്പു പറയണം'

29 March 2022 8:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്ഷേത്രവാതിലുകള്‍ മനുഷ്യരായി ജനിച്ച മുഴുവന്‍ പേര്‍ക്കും മുന്നില്‍ തുറക്കട്ടെ; മന്‍സിയക്ക് പുകസയുടെ ഐക്യദാര്‍ഢ്യം
X

തിരുവനന്തപുരം: നര്‍ത്തകി മന്‍സിയയെ ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച നൃത്തപരിപാടിയില്‍ നിന്ന് ഒഴിവാക്കിയ ദേവസ്വത്തിന്റെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി പുരോഗമന കലാസാഹിത്യസംഘം. പരിപാടി ചാര്‍ട്ട് ചെയ്തതിനു ശേഷമാണ് മന്‍സിയക്ക് അവസരം നിഷേധിച്ചത്. ഇതിനാല്‍ ദേവസ്വം നേതൃത്വം നര്‍ത്തകിയോട് മാപ്പു പറയണമെന്നും പുകസ ആവശ്യപ്പെട്ടു.

'സമുന്നത കലാപ്രവര്‍ത്തകര്‍, ഭരണാധികാരികള്‍ അടക്കമുള്ള ഇതരമതസ്ഥരായ പൗരന്മാര്‍ക്ക് കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല എന്ന പ്രാകൃതനിയമം നിലനില്‍ക്കുകയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് പ്രവേശിക്കണമെന്ന ഗായകന്‍ യേശുദാസിന്റെ ആഗ്രഹം ഇനിയും സഫലമായിട്ടില്ല. വിശ്വപ്രസിദ്ധ കഥകളി ഗായകന്‍ അന്തരിച്ച കലാമണ്ഡലം ഹൈദരാലിക്ക് ഒരിക്കലും ക്ഷേത്രവേദികളിലെ കളിയരങ്ങുകളില്‍ പാടാന്‍ കഴിഞ്ഞിട്ടില്ല. മകന്‍ മറ്റൊരു മതത്തില്‍ ജനിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ തെയ്യം കലാകാരനെ വിലക്കുന്ന അനീതിക്കും ഈയിടെ കേരളം സാക്ഷ്യം വഹിച്ചു', പുകസ ചൂണ്ടിക്കാട്ടി.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ദുരാചാരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കാന്‍ സുപ്രീംകോടതിയും സര്‍ക്കാരും ശ്രമിച്ചപ്പോള്‍ അതിനെ 'സുവര്‍ണ്ണാവസര'മായിക്കണ്ട് കലാപമുണ്ടാക്കാന്‍ മതഭീകരര്‍ ശ്രമിച്ചത് നമ്മള്‍ കണ്ടു. ഇതരമതസ്ഥര്‍ക്ക് മാത്രമല്ല, ഹിന്ദുമതത്തിലെ പിന്നോക്ക ദളിത് സമുദായങ്ങളില്‍ ജനിച്ചു എന്ന കുറ്റം ചുമത്തി സമുന്നത കലാകാരന്മാരെ പടിപ്പുറത്തു നിര്‍ത്തുന്ന സമ്പ്രദായം ചില ക്ഷേത്രങ്ങളില്‍ ഇന്നും തുടരുന്നു. വാദ്യകലാകാരന്മാരായ പെരിങ്ങോട് ചന്ദനും കല്ലൂര്‍ ബാബുവിനുമുള്ള ജാതിഭ്രഷ്ട് ഇന്നും തുടരുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

'അഹിന്ദുക്കള്‍ പ്രവേശനമില്ല' എന്ന ബോര്‍ഡ് ഇരുന്ന സ്ഥലത്ത് മുന്‍പ് 'അവര്‍ണ്ണര്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡാണ് ഉണ്ടായിരുന്നത് എന്ന കാര്യം നമ്മള്‍ ഓര്‍ക്കണം. കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്നിലെ വഴിയില്‍ കൂടി സഞ്ചരിക്കാന്‍ പോലും പിന്നാക്ക ജാതിക്കാര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. കമ്യൂണിസ്റ്റു പാര്‍ട്ടി സമരം ചെയ്താണ് ആ അവകാശം നേടിയെടുത്തത്. മന്‍സിയ നേരിട്ട അനീതിക്കെതിരായ പ്രതിഷേധത്തിലൂടെ കേരളത്തിലെ ക്ഷേത്രവാതിലുകള്‍ മനുഷ്യരായി ജനിച്ച മുഴുവന്‍ പേര്‍ക്കും മുന്നില്‍ തുറക്കട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത്തരം ഭ്രഷ്ടുകള്‍ക്കെതിരെ നിയമനിര്‍മ്മാണം ഉണ്ടാകണം. അതിനാവശ്യമായ ബഹുജനവികാരമാണ് ആദ്യം ഉയര്‍ന്നു വരേണ്ടതെന്നും പ്രസിഡന്റ് ഷാജി എന്‍ കരുണും ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവിലും സംയുക്തമായി അറിയിച്ചു.

STORY HIGHLIGHTS: Purogamana Kala Sajithya Sangam expresses solidarity with Mansiya

Next Story