Top

ചെറുവത്തൂരിലെ കിണറ്റിലെ ജലത്തിൽ ഷിഗല്ല സാന്നിദ്ധ്യം; അടിയന്തിര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

ചെറുവത്തൂരിലെ ഭക്ഷ്യവിൽപ്പന ശാലകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഈ മാസം നാലാം തീയതിയാണ് പരിശോധനയ്ക്ക് അയച്ചത്

17 May 2022 11:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെറുവത്തൂരിലെ കിണറ്റിലെ ജലത്തിൽ ഷിഗല്ല സാന്നിദ്ധ്യം; അടിയന്തിര യോഗം വിളിച്ച് ആരോഗ്യവകുപ്പ്
X

കാസർഗോഡ്: ഷവർമ്മ കഴിച്ച് വിദ്യാർത്ഥി മരിച്ച ചെറുവത്തൂരിലെ കിണറ്റിലെ ജലത്തിൽ ഷിഗല്ല സാന്നിദ്ധ്യം കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഷിഗല്ല കണ്ടെത്തിയത്. പരിശോധനയ്ക്ക് അയച്ച 30 സാമ്പിളുകളിൽ അഞ്ചെണ്ണത്തിൽ ഷിഗല്ലയും 12എണ്ണത്തിൽ ഇകോളി ബാക്ടീരിയ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്.

ചെറുവത്തൂരിലെ ഹോട്ടലുകൾ അടക്കമുള്ള ഭക്ഷ്യവിൽപ്പന ശാലകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഈ മാസം നാലാം തീയതിയാണ് പരിശോധനയ്ക്ക് അയച്ചത്. 30 സാമ്പിളുകളിലെ 23 എണ്ണത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ഡിഎംഒ ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.

ചെറുവത്തൂരിലെ കൂൾബാറിൽ നിന്നും കുട്ടികൾ കഴിച്ച ഷവർമയിൽ ഭക്ഷ്യ വിഷബാധക്ക് കാരണം ഷിഗല്ല ബാക്റ്റീരിയയാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഭക്ഷ്യ വിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ പരിശോധിച്ചതിൽ നിന്നാണ് ഷിഗല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഐഡിയൽ കൂൾബാറിലെ ജലസ്രോതസും വകുപ്പ് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിസരത്തെ മറ്റ് ഹോട്ടലുകളിലെയും ഭക്ഷ്യ വിൽപ്പനശാലകളിലെയും ജല സ്രോതസുകൾ പരിശോധിനയ്ക്ക് അയക്കാൻ തീരുമാനിച്ചത്.

കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിക്കുകയും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് കൂൾബാറിൽ ഷവർമ്മ നിർമ്മിച്ചിരുന്നത് എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

STORY HIGHLIGHTS: Presence of Shigella bacteria found in the well water at Cheruvathur

Next Story

Popular Stories