Top

സമരക്കാരെ ചവിട്ടല്‍: മംഗലപുരം സ്റ്റേഷനിലെ സിപിഒയ്‌ക്കെതിരെ അന്വേഷണം

തിരുവനന്തപുരം റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് ചുമതല.

21 April 2022 11:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമരക്കാരെ ചവിട്ടല്‍: മംഗലപുരം സ്റ്റേഷനിലെ സിപിഒയ്‌ക്കെതിരെ അന്വേഷണം
X

തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ റെയില്‍ സില്‍വര്‍ ലൈന്‍ പ്രക്ഷോഭകരെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. മംഗലപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഷബീറിനെതിരെയാണ് അന്വേഷണം. തിരുവനന്തപുരം റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് ചുമതല.

രാവിലെ കഴക്കൂട്ടം കരിച്ചാറയിലാണ് സംഭവമുണ്ടായത്. കഴക്കൂട്ടത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് നടപടിയില്‍ ചിലര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് കൂടുതല്‍ പ്രതിഷേധക്കാര്‍ സ്ഥലത്തെത്തി. ഉന്തിനും തളളിനും ഇടയില്‍ പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്ത്തി. ഇതില്‍ ഒരാള്‍ നിലത്ത് കിടന്നുകൊണ്ട് പ്രതിഷേധിച്ചു. ഒരു പ്രകോപനവുമില്ലാതെ പൊലീസ് അടിക്കുകയായിരുന്നുവെന്ന് സമരക്കാരന്‍ പറഞ്ഞു.

പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്തയാകുകയും സമൂഹമാധ്യമങ്ങളിലെത്തുകയും ചെയ്തതോടെ വിവാദമായി. രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തി. കഴക്കൂട്ടത്തേത് ജഹാംഗിര്‍പുരിയിലെ അതിക്രമത്തിന് സമമാണെന്ന് സതീശന്‍ പറഞ്ഞു. കല്ലിടലിനിടെയുണ്ടായ ആക്രമണം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് കാണുന്നുണ്ടോ?. പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമം വെച്ചുവാഴിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. പൊലീസ് നരനായാട്ട് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ജനം തെരുവില്‍ നേരിടുമെന്നും കെ സുധാകരന്‍ പ്രസ്താവിച്ചു.

Story Highlights: brutality against kazhakoottam k rail protest police starts probe on cpo gesture

Next Story