Top

'സുധാകരന്‍ തോക്ക് കൊണ്ടു നടക്കുന്ന കോണ്‍ഗ്രസുകാരന്‍'; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുധാകരനെ തള്ളിപ്പറയുമെന്ന് പി സി ചാക്കോ

സില്‍വര്‍ലൈനില്‍ പ്രതിപക്ഷം നടത്തുന്നത് നിലനില്‍പ്പിനായുള്ള സമരമാണെന്നും പി സി ചാക്കോ കുറ്റപ്പെടുത്തി.

17 Jan 2022 6:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുധാകരന്‍ തോക്ക് കൊണ്ടു നടക്കുന്ന കോണ്‍ഗ്രസുകാരന്‍; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുധാകരനെ തള്ളിപ്പറയുമെന്ന് പി സി ചാക്കോ
X

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. സുധാകരന്‍ തോക്ക് കൊണ്ടു നടക്കുന്ന കോണ്‍ഗ്രസുകാരനാണെന്ന് പി സി ചാക്കോ പറഞ്ഞു. അധികം താമസിയാതെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുധാകരനെ തള്ളിപ്പറയും. സില്‍വര്‍ലൈനില്‍ പ്രതിപക്ഷം നടത്തുന്നത് നിലനില്‍പ്പിനായുള്ള സമരമാണെന്നും പി സി ചാക്കോ കുറ്റപ്പെടുത്തി.

ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ കൊല്ലപ്പെട്ട ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ നടത്തിയ പ്രതികരണത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.

കെ സുധാകരന്‍ പറഞ്ഞത്: ''ധീരജിനെ നിഖില്‍ കുത്തുന്നത് കണ്ടിട്ടില്ല. ആരാണ് കുത്തിയതെന്ന് അവിടെയുള്ളവര്‍ക്ക് അറിയില്ല. ആകസ്മികമായി നടത്തിയ ദുരന്തം കെപിസിസി അധ്യക്ഷന്റെ തലയില്‍ കെട്ടി വയ്ക്കാന്‍ ശ്രമിക്കേണ്ട. ആരാണ് കുത്തിയതെന്ന് പൊലീസ് കണ്ടെത്തണം. അതിന് മുന്‍പ് നിഖിലാണ് കുത്തിയതെന്ന് വിധി കല്‍പ്പിക്കുന്നത് പാതകമാണ്. അറസ്റ്റിലായ ബാക്കി അഞ്ച് പേരും സംഭവസമയത്ത് സ്ഥലത്ത് ഇല്ലായിരുന്നു. തോന്നിയവരെ പ്രതിയാക്കി കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ സര്‍ക്കാരിന് കനത്ത വില നല്‍കേണ്ടി വരും.''

''ഞാന്‍ കൊലപാതകത്തെ അപലപിക്കണമെങ്കില്‍ കുത്തിയത് നിഖിലാണെന്ന് ബോധ്യം വരണം. ആരാണ് കുത്തുന്നത് കണ്ടത്. ഇക്കാര്യത്തില്‍ പൊലീസിനും വ്യക്തതയില്ല. കുത്തിയത് നിഖിലാണെന്ന് തെളിഞ്ഞാല്‍ അപലപിക്കാന്‍ എനിക്ക് അറിയാം. അല്ലാതെ പാര്‍ട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച പ്രവര്‍ത്തകനെ തള്ളി പറയാന്‍ കെപിസിസി കസേരയില്‍ ഇരുന്ന് സുധാകരന്‍ മിനകെടില്ല. അവര്‍ നിരപരാധികളാണെന്നാണ് വിശ്വാസം. അവര്‍ക്ക് കോണ്‍ഗ്രസ് നിയമസഹായം നല്‍കും.''

Next Story