Top

'വാഹനം അമിത വേഗത്തിലായിരുന്നു, ചോദിച്ചപ്പോള്‍ സാരമില്ലെന്നായിരുന്നു മറുപടി': വിദ്യാര്‍ത്ഥികള്‍

അമിത വേഗതയിലെത്തിയ ബസ് വലതുഭാഗത്ത് പിന്നില്‍ വന്നിടിക്കുകയായിരുന്നുവെന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പറഞ്ഞു

6 Oct 2022 2:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാഹനം അമിത വേഗത്തിലായിരുന്നു, ചോദിച്ചപ്പോള്‍ സാരമില്ലെന്നായിരുന്നു മറുപടി: വിദ്യാര്‍ത്ഥികള്‍
X

പാലക്കാട്: യാത്ര പുറപ്പെട്ടത് മുതല്‍ ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍. ബസിന് വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ പരിചയ സമ്പന്നയായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടി. എണ്‍പത് കിലോമീറ്റര്‍ വേഗതയിലാണ് ബസ് ഓടിയിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അമിത വേഗതയിലെത്തിയ ബസ് വലതുഭാഗത്ത് പിന്നില്‍ വന്നിടിക്കുകയായിരുന്നുവെന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പറഞ്ഞു. പെട്ടെന്ന് പിന്നിലുണ്ടായ ഇടിയില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ഏറെ സമയമെടുത്തു. പെട്ടെന്ന് ബ്രേക്ക് പിടിച്ച് കെഎസ്ആര്‍ടിസി ബസ് നിര്‍ത്തുകയായിരുന്നുവെന്നും ഡ്രൈവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് മറ്റ് വാഹനങ്ങള്‍ക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്ക് എത്തിയതെന്ന് ദൃക്‌സാക്ഷികളും പ്രതികരിച്ചു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചത്. ക്രെയിന്‍ ഉപയോഗിച്ച്് ടൂറിസ്റ്റ് ബസ് ഉയര്‍ത്തിയാണ് കുട്ടികളെ പുറത്തെടുത്തത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. കൊട്ടാരക്കര കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.

Story highlights: 'Vehicle was speeding, when asked it didn't matter': Students

Next Story