Top

സിനിമാ മേഖലയിലെ പരാതി പരിഹാര സെല്‍: ഹൈക്കോടതി ഉത്തരവില്‍ അഭിമാനത്തോടെ വനിതാ കമ്മീഷനും

കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കമ്മിഷനെ സന്ദര്‍ശിച്ച ഡബ്ല്യുസിസി അംഗങ്ങള്‍ പരാതിയില്‍ ഫലപ്രദമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി.

17 March 2022 3:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിനിമാ മേഖലയിലെ പരാതി പരിഹാര സെല്‍: ഹൈക്കോടതി ഉത്തരവില്‍ അഭിമാനത്തോടെ വനിതാ കമ്മീഷനും
X

കോഴിക്കോട്: സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന് ഹൈക്കോടതി ഉത്തരവില്‍ ഡബ്ല്യുസിസിക്കൊപ്പം നിന്നതില്‍ വനിതാ കമ്മിഷനും അഭിമാനമുണ്ടെന്ന് അഡ്വ. പി സതീദേവി. സ്ത്രീകള്‍ക്കെതിരായ നീതിരഹിതമായ ഏത് നടപടികളിലും കമ്മിഷന്‍ ഇടപെടുമെന്നതിന് ഉദാഹരണമാണിതെന്നും സതീദേവി പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കമ്മിഷനെ സന്ദര്‍ശിച്ച ഡബ്ല്യുസിസി അംഗങ്ങള്‍ പരാതിയില്‍ ഫലപ്രദമായി ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. അന്നുതന്നെ രേഖാ മൂലം കമ്മിഷനില്‍ പരാതിയും നല്‍കിയിരുന്നുവെന്നും സതീദേവി പറഞ്ഞു.

സുപ്രീം കോടതി നിര്‍ദേശപ്രകാരമുള്ള പരാതി പരിഹാര സെല്‍ രൂപീകരിക്കുകയായിരുന്നു പരാതിയിലെ ആവശ്യം. വിഷയത്തില്‍ നിരവധി തവണ ചര്‍ച്ച നടത്തിയ വനിതാ കമ്മിഷന്‍ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക), മലയാളം സിനിമാ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (മാക്ട), അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ടിസ്റ്റ് (അമ്മ) എന്നിവരായിരുന്നു എതിര്‍കക്ഷികള്‍.

സിനിമ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ; ഡബ്ള്യൂസിസിയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

സിനിമ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി. ഡബ്ള്യൂസിസിയുടെ ആവശ്യത്തെ തുടർന്നാണ് ഹൈക്കോടതി അനുമതി നൽകിയത്. ഇതിനായി സുപ്രീം കോടതി മാർഗ നിർദേശങ്ങൾ നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ടതിന് ശേഷം 2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

വനിതാകൂട്ടായ്മയുടെ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കമ്മീഷനെ ജനുവരി 31-നാണ് ഹർജിയിൽ ഹൈക്കോടതി കക്ഷി ചേർത്തത്. മലയാളസിനിമാ രംഗത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് കഴിഞ്ഞ ദിവസം സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. വല്ലാത്ത ചൂഷണമാണ് പലപ്പോഴും സിനിമാരംഗത്ത് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നതെന്നും, ഇതിനെ നേരിടാൻ നിയമനിർമാണം അത്യാവശ്യമാണെന്നും സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.

സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുന്നതിനായിരുന്നു 2019ൽ സമിതി രൂപീകരിച്ചത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകളെ നേരിട്ട് കണ്ട് വിവരങ്ങൾ തേടുകയും സമിതിക്ക് മുന്നിൽ നിരവധി ലൈംഗികപീഡന പരാതികളും ഇതോടെ എത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി സിനിമാ സെറ്റുകളിൽ പോഷ് നിയമം നടപ്പാക്കണമെന്നും ഐസിസികൾ രൂപീകരിക്കണമെന്നും സമിതി റിപ്പോർട്ട് നൽകി.സമിതി റിപ്പോർട്ട് സമർപ്പിച്ച് ഇപ്പോൾ രണ്ട് വർഷം പിന്നിടുമ്പോഴാണ് ഹൈക്കോടതി ഐസിസിയ്ക്കായി അംഗീകാരം നൽകുന്നത്.

STORY HIGHLIGHTS: p sathidevi says women commission is proud of the ICC order of the High Court

Next Story