Top

1983ലെ ആക്രമണം; 'പ്രതികളെ പിടിച്ചത് ചെന്നിത്തലയുടെയും ബെഹനാന്റെയും മുറിയില്‍ നിന്ന്'; ചരിത്രം മനസിലാക്കണമെന്ന് മന്ത്രി രാജീവ്

''ചരിത്രം പ്രതിപക്ഷ നേതാവ് മനസിലാക്കുന്നത് അദ്ദേഹത്തിനും കോണ്‍ഗ്രസിനും നല്ലതാണ്.''

1 July 2022 9:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

1983ലെ ആക്രമണം; പ്രതികളെ പിടിച്ചത് ചെന്നിത്തലയുടെയും ബെഹനാന്റെയും മുറിയില്‍ നിന്ന്; ചരിത്രം മനസിലാക്കണമെന്ന് മന്ത്രി രാജീവ്
X

1983ലെ എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതികളെ അന്ന് എംഎല്‍എമാരായിരുന്ന രമേശ് ചെന്നിത്തലയുടെയും ബെന്നി ബെഹനാന്റെയും മുറികളില്‍ നിന്നാണ് പിടികൂടിയതെന്ന ചരിത്രം കോണ്‍ഗ്രസ് മനസിലാക്കണമെന്ന് മന്ത്രി പി രാജീവ്. കോണ്‍ഗ്രസിനെക്കുറിച്ച് നല്ല വ്യക്തത സിപിഐഎമ്മിനുണ്ട്. ആ കോണ്‍ഗ്രസ് ഇപ്പോഴത്തെ നേതൃത്വത്തിന്റെ കീഴില്‍ കുറെ കൂടി കലാപന്തരീക്ഷം സൃഷ്ടിക്കുന്നവരായി മാറിയെന്നും രാജീവ് പറഞ്ഞു. എകെജി സെന്റര്‍ ആക്രമണം പ്രകോപനമാണെന്നും അതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുങ്ങരുതെന്നും മന്ത്രി രാജീവ് ആവശ്യപ്പെട്ടു.

മന്ത്രി പി രാജീവിന്റെ വാക്കുകള്‍: ''എകെജി സെന്റര്‍ ആക്രമണത്തെ ഗൗരവത്തോടെ കാണണം. കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. കഴിഞ്ഞദിവസങ്ങളില്‍ കേരളത്തില്‍ നടന്ന കാര്യങ്ങള്‍ കൂടി ഇതിനോട് ചോര്‍ത്ത് വച്ച് പരിശോധിക്കണം.''

''സംഭവത്തില്‍ പൊലീസ് ഗൗരവത്തോടെ അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടു വരാന്‍ സാധിക്കും. നാട്ടില്‍ സമാധാനം നിലനില്‍ക്കരുതെന്ന് ആഗ്രഹിക്കുന്ന ശക്തികള്‍ ഇതിന് പിന്നിലുണ്ടെന്നാണ് അറിയുന്നത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും പ്രതികരണങ്ങള്‍ കണ്ടു. കഴിഞ്ഞദിവസങ്ങളില്‍ നടന്ന സംഭവങ്ങളില്‍ ഇവര്‍ സ്വീകരിച്ച സമീപനം ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ സ്വീകരിക്കുന്നതാണ് കണ്ടത്. ധീരജ് വധക്കേസ് പ്രതിയെയും സ്വീകരിച്ച് ഞങ്ങടെ കുട്ടികളാണെന്ന് കെപിസിസി അധ്യക്ഷന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. തുടര്‍ഭരണത്തിന് ശേഷം കോണ്‍ഗ്രസിന് വന്ന വിഭ്രാന്തി വല്ലാത്ത അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.''

''ചരിത്രം പ്രതിപക്ഷ നേതാവ് മനസിലാക്കുന്നത് അദ്ദേഹത്തിനും കോണ്‍ഗ്രസിനും നല്ലതാണ്. എകെജി സെന്ററിന് നേരെ കെഎസ്‌യു ആക്രമണം നടത്തിയിട്ട്, അതിലെ പ്രതികളെ പിടികൂടിയത് അന്ന് എംഎല്‍എമാരായിരുന്ന മുന്‍പ്രതിപക്ഷ നേതാവിന്റെയും മുന്‍ യുഡിഎഫ് കണ്‍വീനറുടെയും മുറികളില്‍ നിന്നായിരുന്നതും ചരിത്രത്തിന്റെ ഭാഗമാണ്. ആ കോണ്‍ഗ്രസിനെക്കുറിച്ച് നല്ല വ്യക്തതയുണ്ട്. ആ കോണ്‍ഗ്രസ് ഇപ്പോഴത്തെ നേതൃത്വത്തിന്റെ കീഴില്‍ കുറെ കൂടി കലാപന്തരീക്ഷം സൃഷ്ടിക്കുന്നവരായി മാറി. അക്രമികാരികളെല്ലാം കുട്ടികളാണെന്ന് പ്രഖ്യാപിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അവരുടെ പങ്ക് സംശയിക്കേണ്ടിയിരിക്കുന്നു.''

''പ്രകോപനങ്ങളില്‍ കുടുങ്ങരുതെന്ന് പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. കലാപം സൃഷ്ടിക്കാനുള്ള പ്രകോപനമാണിത്. കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടു മാസങ്ങളായി കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത്.''

സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന മുന്നേറ്റങ്ങളെ ഇല്ലാതാക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായാണ് എകെജി സെന്ററിന് നേരെ നടന്ന അക്രമമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.

''ആഗോളവത്ക്കരണ നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തിക്കൊണ്ട് രാജ്യത്താകമാനം മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. അത്തരം വികസന പ്രവര്‍ത്തനങ്ങളെ തടയിടുന്നതിനുള്ള ഇടപെടലാണ് ഇപ്പോള്‍ സംസ്ഥാനത്ത് വലതുപക്ഷ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍. അതിന്റെ ഭാഗമായാണ് എകെജി സെന്ററിന് നേരെ ഉണ്ടായിട്ടുള്ള അക്രമണങ്ങള്‍. പ്രകോപനങ്ങള്‍ സൃഷ്ടിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകുന്നതിനുള്ള അന്തരീക്ഷത്തെ ഇല്ലാതാക്കുക എന്നതുകൂടിയാണ് ഇതിന്റെ ലക്ഷ്യം. മുഖ്യമന്ത്രിക്ക് നേരെ നടന്ന അക്രമണത്തെ തള്ളിപറയാന്‍ തയ്യാറാവാത്ത കെപിസിസി പ്രസിഡന്റ് ഇപ്പോള്‍ എകെജി സെന്ററിന് നേരെയുള്ള അക്രമണത്തെയും ന്യായീകരിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയിരിക്കുകയാണ്.'' ഏത് അക്രമ പ്രവര്‍ത്തനത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നിലപാടുകള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.

Next Story