Top

'ഇത്ര അധഃപതിക്കാമോ? സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഇതിലും നിലവാരം'; ബല്‍റാമിനോട് ചിത്തരഞ്ജന്‍

''അപഹാസ്യങ്ങള്‍ തുടരട്ടെ.. ഇതില്‍ വാടില്ല ഈ എളിയ കമ്മ്യൂണിസ്റ്റ്.. ''

3 April 2022 4:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇത്ര അധഃപതിക്കാമോ? സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഇതിലും നിലവാരം; ബല്‍റാമിനോട് ചിത്തരഞ്ജന്‍
X

ഹോട്ടലില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കിയതിനെതിരെ പ്രതികരിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എ വി ടി ബല്‍റാം ഉന്നയിച്ച പരിഹാസത്തിന് മറുപടിയുമായി പി പി ചിത്തരഞ്ജന്‍ എംഎല്‍എ. കെപിസിസി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ വി ടി ബലറാം ഇത്ര അധഃപതിക്കാമോയെന്നാണ് ചിത്തരഞ്ജന്‍ ചോദിച്ചത്.

തന്റെ ഫോട്ടോ സഹിതം വില കുറഞ്ഞ നിലയിലാണ് ബല്‍റാം പ്രതികരിച്ചത്. ഒരു സാധാരണ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഇതിലും എത്രയോ നിലവാരമുണ്ടാവും. എകെജിയെ അടക്കം ഏറ്റവും മ്ലേച്ഛമായ നിലയില്‍ അധിക്ഷേപിച്ച ബല്‍റാമിന്റെ മുന്നില്‍ താന്‍ വെറുമൊരു പുഴു മാത്രമാണെന്നും ചിത്തരഞ്ജന്‍ പറഞ്ഞു.

സാധാരണ മത്സ്യത്തൊഴിലാളിയുടെ മകനായ താന്‍ അന്യായ വില കണ്ടപ്പോഴുണ്ടായ ധാര്‍മ്മിക രോഷമാണ് പ്രകടിപ്പിച്ചത്. അതൊരു പൊതുപ്രവര്‍ത്തകന്റെ ചുമതലയാണ്. ആക്ഷേപിക്കുന്നവര്‍ അമിതവില ഈടാക്കിയ സ്ഥാപനത്തിന്റെ പക്ഷത്തുനിന്ന് സാധാരണക്കാരായ ജനങ്ങള്‍ക്ക് എതിരെയാണ് സംസാരിക്കുന്നതെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് ചിത്തരഞ്ജന്‍ ബല്‍റാമിന് മറുപടിയായി പറഞ്ഞു.

പി പി ചിത്തരഞ്ജന്റെ വാക്കുകള്‍: ''അപഹാസ്യങ്ങള്‍ തുടരട്ടെ.. ഇതില്‍ വാടില്ല ഈ എളിയ കമ്മ്യൂണിസ്റ്റ്.. അന്യായമായ വില ചോദ്യം ചെയ്തതിന്റെ പേരില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ തികച്ചും രാഷ്ട്രീയ താല്പര്യത്തോടെ വ്യക്തിപരമായി എന്നെ ആക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളും തിമിര്‍ത്താടുകയാണ്. അതെല്ലാം കണ്ട് ബേജാറാവുന്നയാളല്ല ഞാന്‍ എന്ന വിവരം സൂചിപ്പിക്കട്ടെ.''

''ഞാന്‍ ചെയ്ത തെറ്റെന്താണ്?. സാധാരണക്കാരായ മഹാഭൂരിപക്ഷം ആളുകള്‍ ജീവിക്കുന്ന ഈ പ്രദേശത്ത് 5 രൂപയില്‍ താഴെ വിലയുള്ള കോഴിമുട്ട കൊണ്ടുള്ള കറിക്ക് 50 രൂപ ഉണ്ടാക്കിയപ്പോള്‍, ഒരു പാലപ്പത്തിന് 15 രൂപ ഈടാക്കിയപ്പോള്‍ ബില്ലിന്‍ പ്രകാരമുള്ള കാശ് കൊടുത്തതിനു ശേഷം ഇത് അമിതമായ നിരക്കാണെന്ന് പറഞ്ഞതാണോ എന്റെ തെറ്റ്.? ബന്ധപ്പെട്ട കടയുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇതെല്ലാം ബോധ്യപ്പെടുന്നതാണ്. എന്ത് ചെയ്താലും ട്രോളുകളിലൂടെ ആരെയും അധിക്ഷേപിക്കുന്ന കുറെ പേരുണ്ട് എന്ന് നമുക്കറിയാം.''

''എന്നാല്‍ കെപിസിസി വൈസ് പ്രസിഡണ്ടും മുന്‍ എംഎല്‍എയുമായ വി ടി ബലറാം ഇത്ര അധഃപതിക്കാമോ ? ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവര്‍ത്തകനായ എന്റെ ഫോട്ടയടക്കം ഇട്ട് എത്ര വില കുറഞ്ഞ നിലയിലാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്. ഒരു സാധാരണ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഇതിലും എത്രയോ നിലവാരമുണ്ടാവും. മഹാനായ എകെജിയെ അടക്കം ഏറ്റവും മ്ലേച്ഛമായ നിലയില്‍ അധിക്ഷേപിച്ചിട്ടുള്ള ബല്‍റാമിന്റെ മുന്നില്‍ ഞാന്‍ വെറുമൊരു പുഴു മാത്രം.''

''സാധാരണ ഒരു മത്സ്യത്തൊഴിലാളിയുടെ മകനായ എനിക്ക് ഈ അന്യായ വില കണ്ടപ്പോഴുണ്ടായ ധാര്‍മ്മിക രോഷമാണ് ഞാന്‍ പരാതിയിലൂടെ പ്രകടിപ്പിച്ചത്. അതൊരു പൊതുപ്രവര്‍ത്തകന്റെ ചുമതലയാണെന്നാണ് എന്റെ വിശ്വാസം. പക്ഷേ എന്നെ ആക്ഷേപിക്കുന്നവര്‍ അമിതവില ഈടാക്കിയ സ്ഥാപനത്തിന്റെ പക്ഷത്തുനിന്ന് സാധാരണക്കാരായ ജനങ്ങള്‍ക്ക് എതിരെയാണ് സംസാരിക്കുന്നത് എന്ന് അവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. എന്നെ നിങ്ങള്‍ക്ക് ആക്ഷേപിക്കാം, അപഹസിക്കാം, അത് തുടരട്ടെ. ഇതിലൊന്നും വാടി പോകുന്നവനല്ല ഈ എളിയ കമ്യൂണിസ്റ്റുകാരനെന്ന് ഓര്‍മ്മിപ്പിക്കട്ടെ..''

Next Story