Top

ഒമിക്രോണ്‍ രോഗിയെത്തിയത് മാക്‌സിലും ന്യൂക്ലിയസ് മാളിലും; റൂട്ട് മാപ്പ് പുറത്ത്

പതിനൊന്നാം തീയതി വീണ്ടും പാലാരിവട്ടത്തെ ആശുപത്രിയിലെത്തിയതായും റൂട്ട് മാപ്പില്‍ പറയുന്നു.

16 Dec 2021 4:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒമിക്രോണ്‍ രോഗിയെത്തിയത് മാക്‌സിലും ന്യൂക്ലിയസ് മാളിലും; റൂട്ട് മാപ്പ് പുറത്ത്
X

കഴിഞ്ഞദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച കോങ്കോയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം. ഡിസംബര്‍ ഏഴ് മുതല്‍ 11 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവന്നിരിക്കുന്നത്.

ഡിസംബര്‍ ഏഴിന് പുലര്‍ച്ചെ മൂന്ന് മണിക്ക് ഫ്ളൈറ്റ് നമ്പര്‍ AI 934ല്‍ ഇയാള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. തുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ പോകുന്നതിന് പകരം വിവിധ ഇടങ്ങള്‍ സന്ദര്‍ശിച്ചു. ഒമ്പതാം തീയതി സ്വന്തം കാറില്‍ പുതിയകാവിലെ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി പോയി. പത്താം തിയതി യൂബര്‍ ടാക്സിയില്‍ പാലാരിവട്ടത്തെ റെനെയ് മെഡിസിറ്റി ആശുപത്രിയിലെത്തി. വൈകീട്ട് അഞ്ചു മണിയോടെ അറേബ്യന്‍ ഡ്രീംസ് ഹോട്ടലില്‍ എത്തി ഭക്ഷണം കഴിച്ചു. പിന്നീട് അബാദ് ന്യൂക്ലിയസ് മാളിലെ മാക്സ് സ്റ്റോറില്‍ കയറി. പതിനൊന്നാം തീയതി വീണ്ടും പാലാരിവട്ടത്തെ ആശുപത്രിയിലെത്തിയതായും റൂട്ട് മാപ്പില്‍ പറയുന്നു.



യുവാവിന്റെ സമ്പര്‍ക്ക പട്ടിക വിപുലമാണെന്ന് മന്ത്രി വീണാ ജോര്‍ജും വ്യക്തമാക്കിയിരുന്നു. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. എന്നാല്‍ ഇദ്ദേഹം ധാരാളം ആളുകളെത്തുന്ന ഷോപ്പിംഗ് മാളിലും റസ്റ്റോറന്റുകളിലും ഉള്‍പ്പെടെ പോയിരുന്നു. അതിനാല്‍ തന്നെ സമ്പര്‍ക്ക പട്ടിക താരതമ്യേന വലുതാണ്. രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണ്. റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകള്‍ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തീയറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


Next Story