Top

'ആര്‍ക്കും പ്രത്യേക പട്ടം ചാര്‍ത്തി കൊടുത്തിട്ടില്ല'; ഊരാളുങ്കലിന് താക്കീതുമായി മന്ത്രി മുഹമ്മദ് റിയാസ്

മറ്റിടങ്ങളില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നതിന്റെ പേരില്‍ ആര്‍ക്കും ഇളവുകള്‍ നല്‍കിലെന്നും മന്ത്രി പറഞ്ഞു.

24 Dec 2021 12:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്‍ക്കും പ്രത്യേക പട്ടം ചാര്‍ത്തി കൊടുത്തിട്ടില്ല; ഊരാളുങ്കലിന് താക്കീതുമായി മന്ത്രി മുഹമ്മദ് റിയാസ്
X

പൊതുമരാമത്തു പ്രവര്‍ത്തി നടത്തുന്നതില്‍ ആര്‍ക്കും പ്രത്യേക പട്ടം ചാര്‍ത്തി നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് പരോക്ഷ താക്കീതുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തിരുവനന്തപുരം ശംഖുമുഖം എയര്‍പോര്‍ട്ട് റോഡിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ താക്കീത് രൂപത്തിലുള്ള പ്രതികരണം. മറ്റിടങ്ങളില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നതിന്റെ പേരില്‍ ആര്‍ക്കും ഇളവുകള്‍ നല്‍കിലെന്നും മന്ത്രി പറഞ്ഞു.

നേരത്തെ എയര്‍പോര്‍ട്ട് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്താന്‍ വിളിച്ച യോഗത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ മന്ത്രി മുഹമ്മദ് റിയാസ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ടൈംലൈന്‍ പ്രകാരമാണ് മുന്നോട്ട് പോകുന്നത്. പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് ഇന്‍സെന്റ്‌റീവ് ഏര്‍പ്പെടുത്താനും, കാലതാമസം വരുത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കാനും വകുപ്പ് ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു.

റോഡ് നിര്‍മ്മാണം വൈകിയാല്‍ യുഎല്‍സിസിക്ക് എതിരെ നടപടി എടുക്കുമെന്നാണ് കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ മുഹമ്മദ് റിയാസ് മുന്നറിയിപ്പ് നല്‍കിയത്. റോഡ് നിര്‍മ്മാണം വൈകിയതാണ് മന്ത്രി റിയാസിനെ ചൊടിപ്പിച്ചത്. ശംഖുമുഖം-വിമാനത്താവളം റോഡ് പ്രവൃത്തി വിലയിരുത്താന്‍ വിളിച്ച യോഗത്തില്‍ ഊരാളുങ്കലിന്റെ പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് മന്ത്രി റിയാസ് പ്രകോപിതനായത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിളിച്ചാല്‍ മാത്രമെ പ്രധാനികള്‍ക്ക് വരാന്‍ പറ്റുള്ളൂ എന്ന് യോഗത്തില്‍ മന്ത്രി പറഞ്ഞു. യുഎല്‍സിസിയുടെ സമീപനം ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story