Top

നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ അന്വേഷിക്കും; എഡിജിപി എസ് ശ്രീജിത്ത്

പ്രത്യേക അന്വേഷണ സംഘം കൊച്ചിയിൽ ചേർന്ന യോ​ഗത്തിന് ശേഷമാണ് എഡിജിപി എസ് ശ്രീജിത്ത് മാധ്യമങ്ങളെ കണ്ടത്.

8 Jan 2022 1:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ അന്വേഷിക്കും; എഡിജിപി എസ് ശ്രീജിത്ത്
X

നടി ആക്രമണ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. പുതിയ വെളിപ്പെടുത്തലുകൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിൽപ്പെടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോടതി നിർദ്ദേശം അനുസരിച്ചു കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകും. അന്വേഷണം സത്യസന്ധമായി നടക്കുമെന്നും എഡിജിപി വ്യക്തമാക്കി.

പ്രത്യേക അന്വേഷണ സംഘം കൊച്ചിയിൽ ചേർന്ന യോ​ഗത്തിന് ശേഷമാണ് എഡിജിപി എസ് ശ്രീജിത്ത് മാധ്യമങ്ങളെ കണ്ടത്. എന്നാൽ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ദിലീപിനെതിരെ നീക്കങ്ങളുണ്ടാവുമോയെന്ന കാര്യത്തിൽ അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞില്ല. മാധ്യമങ്ങളെ അതത് സമയത്ത് കാര്യങ്ങൾ അറിയിക്കുമെന്ന് അദ്ദേഹം വ്യക്താമക്കി. പൊലീസ് ക്ലബിൽ നടന്ന യോ​ഗത്തിൽ പ്രത്യേക അന്വേഷണസം​ഘത്തിലെ അം​ഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് സൂചന.

റിപ്പോർട്ടർ ടിവി പുതിയ തെളിവുകൾ പുറത്തുവിട്ട പശ്ചാത്തലത്തിൽ സംവിധായകൻ ബാലചന്ദ്രകുമാറിൻറെ രഹസ്യമൊഴി ബുധനാഴ്ച്ച രേഖപ്പെടുത്തും. കേസിൽ നിർണായകമായേക്കാവുന്ന തെളിവുകളാണ് ബാലചന്ദ്രകുമാർ സമീപ ദിവസങ്ങളിൽ പുറത്തുവിട്ടത്. അതേസമയം കേസിൽ തുടരന്വേഷണത്തിനായി പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്റി. ഹർജിയിൽ പ്രോസിക്യൂഷൻ വാദങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും വിമർശനങ്ങളുണ്ടായിരുന്നു. ദിലീപിനെതിരെ ഇപ്പോൾ സംവിധായകൻ ബാലചന്ദ്രകുമാർ ഉയർത്തിയ ആരോപണങ്ങളും കേസും തമ്മിലുള്ള ബന്ധമെന്തെന്ന് കോടതി ചോദിച്ചു. കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണക്കോടതിക്കെതിരായ ഹർജി പരിഗണിക്കവെയാണ് പരാമർശം.

പ്രോസിക്യൂഷൻ പാളിച്ചകൾ മറികടക്കാൻ ആകരുത് വീണ്ടും വിസ്തരിക്കുന്നത്. സാക്ഷികളെ വിസ്തരിച്ച് മാസങ്ങൾ കഴിഞ്ഞാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കണം. കേസിന് അനുസൃതമായി സാക്ഷിമാെഴി ഉണ്ടാക്കാനുള്ള പ്രോസിക്യൂഷൻ ശ്രമമാണിതെന്ന് സംശിയിക്കാമെന്നും കോടതി പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ 16 സാക്ഷികളുടെ പുനർവിസ്താരത്തിനാണ് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നത്. 16 പേരുടെ പട്ടികയിൽ ഏഴു പേർ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരിൽ നിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം വിചാരണ കോടതി തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് പേരുടെ പുനർവിസ്താരത്തിന് മാത്രമായിരുന്നു വിചാരണ കോടതി അനുമതി നൽകിയത്.

Next Story