Top

വി അബ്ദുറഹ്മാന് പുതിയ വസതി; റോസ് ഹൗസ് വളപ്പില്‍ പുതിയ മന്ത്രി മന്ദിരമുയരും

നിലവില്‍ സംസ്ഥാനത്ത് 21 മന്ത്രിമാര്‍ക്ക് 20 വസതികളാണുളളത്. ഇതില്‍ കായിക മന്ത്രി വി അബ്ദു റഹ്മാന്‍ വസതിയില്ലാത്തതിനാല്‍ വാടക വീട്ടിലാണ് താമസം.

2 Jan 2022 8:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വി അബ്ദുറഹ്മാന് പുതിയ വസതി; റോസ് ഹൗസ് വളപ്പില്‍ പുതിയ മന്ത്രി മന്ദിരമുയരും
X

സംസ്ഥാനത്ത് പുതിയ മന്ത്രി മന്ദിരം നിര്‍മ്മിക്കാനൊരുങ്ങി സര്‍ക്കാര്‍. പുതിയ വസതി നിര്‍മ്മിക്കുന്നതിനായി വഴുതക്കാട് റോസ് ഹൗസ് വളപ്പില്‍ സ്ഥലം കണ്ടെത്തി. നിലവില്‍ സംസ്ഥാനത്ത് 21 മന്ത്രിമാര്‍ക്ക് 20 വസതികളാണുളളത്. ഇതില്‍ കായിക മന്ത്രി വി അബ്ദു റഹ്മാന്‍ വസതിയില്ലാത്തതിനാല്‍ വാടക വീട്ടിലാണ് താമസം. ഭീമമായ തുക വാടക നല്‍കേണ്ടതിനാലും മറ്റു ചിലവുകളും ഒഴിവാക്കാനാണ് ഒരു മന്ത്രി മന്ദിരം കൂടി പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

റോസ് ഹൗസിന് പിന്നിലായാണ് പുതിയ വസതി നിര്‍മ്മിക്കുന്നത്. പൊതു വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയാണ് റോസ് ഹൗസ്. എന്നാല്‍ കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തയ്യാറായില്ല എന്നാണ് പൊതുമരാമത്ത് വകുപ്പ് നല്‍കുന്ന വിശദീകരണം. മന്ത്രി വി അബ്ദു റഹ്മാനായിരിക്കും പുതിയ വീട്ടില്‍ താമസിക്കുക എന്നാണ് വിവരം.

മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസില്‍ ഏഴു മന്ത്രി മന്ദിരങ്ങളുണ്ട്. പ്രശാന്ത്, പെരിയാര്‍, പൗര്‍ണമി, അശോക, നെസ്റ്റ്, പമ്പ, എസ്സെന്‍ ഡെന്‍ എന്നിങ്ങനെയാണ് ക്ലിഫ് ഹൗസിലെ വസതികളുടെ പേരുകള്‍. നന്ദന്‍കോട് രണ്ടും വഴുതക്കാട് മൂന്നും മന്ത്രി മന്ദിരങ്ങളാണുളളത്.

ഒന്നാം പിണറായി മന്ത്രിസഭയില്‍ ബന്ധു നിയമനത്തെ തുടര്‍ന്ന് രാജിവെച്ച ഇ പി ജയരാജന്‍ തന്റെ രണ്ടാം വരവില്‍ താമസിച്ച വഴുതക്കാട്ടെ വാടക വീട്ടിലാണ് ഇപ്പോള്‍ അബ്ദുറഹ്മാന്‍ കഴിയുന്നത്. വീട് നിര്‍മ്മാണത്തിനുളള പ്രാഥമിക നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

Next Story