Top

ദേശീയ പണിമുടക്ക് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കടക്കം പണിമുടക്ക് ദിവസം ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

26 March 2022 2:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേശീയ പണിമുടക്ക് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം; ഹൈക്കോടതിയില്‍  ഹര്‍ജി
X

കൊച്ചി: ഈ മാസം 28 നും 29 നും നടക്കുന്ന ദേശീയ പണിമുടക്ക് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ദ്വിദിന ദേശീയ പണിമുടക്കിനെതിരെ ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കടക്കം പണിമുടക്ക് ദിവസം ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്രത്തില്‍ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമാകും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങിയ ട്രേഡ് യൂണിയന്‍ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പൊതുപണിമുടക്ക് നടക്കുക. മാര്‍ച്ച് 28 രാവിലെ ആറ് മണി മുതല്‍ 30 രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്

തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക, സ്വകാര്യവത്കരണവും ദേശീയ ആസ്തി വില്‍പനയും നിര്‍ത്തിവെക്കുക, തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ഉയര്‍ത്തുക, അസംഘടിത തൊഴിലാളികള്‍ക്ക് സാര്‍വത്രിക സാമൂഹിക സുരക്ഷാ പദ്ധതി നടപ്പിലാക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള കേന്ദ്ര എക്‌സൈസ് നികുതി വെട്ടിക്കുറക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

അതേസമയം ബിപിസിഎല്‍ തൊഴിലാളികളുടെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള അഞ്ച് യൂണിയനുകള്‍ക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഭാരത് പെട്രോളിയം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ട്രേഡ് യൂണിയനുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബിപിസിഎല്ലിന്റെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ഹൈക്കോടതിയുടെ അറിയിപ്പുണ്ട്. ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് ബിപിസിഎല്‍ തൊഴിലാളികള്‍ പണിമുടക്കാന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ കമ്പനിയിലെ തൊഴിലാളികളെല്ലാം പണിമുടക്കിയാല്‍ രാജ്യത്തെ പ്രധാന ഭാഗങ്ങളിലേക്കുള്ള ഇന്ധന വിതരണം പ്രയാസത്തിലാകുമെന്ന് കാണിച്ചാണ് ഭാരത് പെട്രോളിയം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരുടെ ആശങ്ക കോടതിക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് അമിത് പി റാവല്‍ അറിയിക്കുകയായിരുന്നു.

STORY HIGHLIGHTS: National strike must be declared unconstitutional; plea in kerala high court

Next Story