Top

'പ്രശ്‌നങ്ങള്‍ക്കിടയിലും അനുപമ കാണാതെ അജിത്ത് വിളിക്കാറുണ്ടായിരുന്നു'; വിശ്വസിക്കാന്‍ പറ്റാത്തയാളെന്ന് നസിയ

23 Oct 2021 4:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രശ്‌നങ്ങള്‍ക്കിടയിലും അനുപമ  കാണാതെ അജിത്ത് വിളിക്കാറുണ്ടായിരുന്നു;  വിശ്വസിക്കാന്‍ പറ്റാത്തയാളെന്ന് നസിയ
X

അനുപമയുടെ ഭര്‍ത്താവ് അജിത്ത് വിശ്വസിക്കാന്‍ പറ്റാത്തയാളാണെന്ന് മുന്‍ ഭാര്യ നസിയ. കുഞ്ഞിന്റെ വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടയിലും അജിത്ത് തന്നെ വിളിക്കാറുണ്ടായിരുന്നെന്നും ഒടുവില്‍ അനുപമ കുഞ്ഞിനെ തേടുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ഫോണ്‍വിളികളും മെസേജും നിലച്ചതെന്നും നസിയ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു. അനുപമ കാണാതെയായിരുന്നു വിളികളെന്നും നസിയ പറഞ്ഞു. അനുപമക്കെതിരെയും നസിയ ആരോപണമുയര്‍ത്തി.

'തന്റെ ഒമ്പത് വര്‍ഷത്തെ ജീവിതം തകര്‍ത്താണ് ഇരുവരും ജീവിതം തുടങ്ങിയത്. എന്നെ മാനസികമായി എല്ലാ തരത്തിലും അവള്‍ തകര്‍ത്തു. അനുപമ പറയുന്നത് പോലെ എന്നെ ആരും ഇറക്കിയതല്ല. ഇത്രയും നാള്‍ ഞാന്‍ ഇറങ്ങാതിരുന്നത് ഉമ്മച്ചിയെയും ബാപ്പച്ചിയെയും കരുതിയാണ്. 2011 ലായിരുന്നു ഞങ്ങളുടെ വിവാഹം. മൂന്ന് വര്‍ഷം മുമ്പ് വരെ സന്തോഷകരമായ ജീവിതം ആയിരുന്നു. അനുപമയെ കണ്ടതിനു ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്'

പാര്‍ട്ടി കമ്മിറ്റികളില്‍ ഇവര്‍ തമ്മില്‍ ഒട്ടി ഇരിക്കുന്നത് കണ്ട് ഞാന്‍ ചോദിക്കാറുണ്ടായിരുന്നു. അന്ന് എന്നോടാണ് അയാള് ചൂടായിരുന്നത്. അന്നൊന്നും ബന്ധമുള്ളത് എനിക്കറിയില്ലായിരുന്നു. അനുപമയുടെ അച്ഛന്‍ എനിക്ക് ജോലിയോ പണമോ വാഗ്ദാനം ചെയ്തിട്ടില്ല. പണമായിരുന്നു എനിക്ക് വേണ്ടതെങ്കില്‍ അജിത്തിന്റെ കൈയ്യില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാമായിരുന്നല്ലോ. നഷ്ടപരിഹാരം വാങ്ങാതെയാണ് ഞാന്‍ അവിടെ നിന്ന് ഇറങ്ങിയത്. ഡിവോഴ്‌സ് തരാന്‍ പറ്റില്ലെന്ന് ഞാന്‍ പല തവണ അനുപമയോട് പറഞ്ഞതാണ്. ഒടുവില്‍ ഗതികെട്ടാണ് ഡിവോഴ്‌സ് നല്‍കിയത്. ഇരുവരും തമ്മിലുള്ള വീഡിയോ കോള്‍ എല്ലാം കണ്ട് സഹികെട്ടു. അജിത്ത് എന്റെ വീട്ടുകാരെ വിളിച്ച് ഇതിനെ പിടിച്ചു കൊണ്ട് പോ എന്ന് പറഞ്ഞെന്നും നസിയ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

വിവാഹമോചനത്തിനായി തന്നെ അജിത് ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ടെന്നും നസിയ പറഞ്ഞു. ഞാന്‍ തന്നെ വേണ്ടത് ചെയ്‌തോളാമെന്നും അബോഷന് അനുപമയെ സമ്മതിപ്പിക്കാമെന്നുമാണ് അജിത് അന്ന് വാക്കു നല്‍കിയത്. അതെല്ലാം കേട്ടാണ് ഏഴുമാസത്തോളം ഞാന്‍ സമാധാനമായിരുന്നത്. പിന്നീട് എന്റെ മുന്നിലിരുന്ന് അനുപയെ വിളിച്ച് മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അരിവാള് ചൂണ്ടിവരെ അജിത് ഡിവോഴ്‌സിനായി എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇക്കാലത്തെല്ലാം എന്നെ വീട്ടില്‍ തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നു. അതിനെക്കുറിച്ചും ഞാനിതുവരെ പരാതിപ്പെട്ടിട്ടില്ല. ഇതിന്റെയെല്ലാം വീഡിയോ തെളിവായി തന്റെ പക്കലുണ്ടെന്നും നസിയ പറഞ്ഞു.

Next Story