Top

'പുതിയ നേതാക്കളെ കണ്ടെത്തൂ'; ബിജെപി കേരള നേതൃത്വത്തോട് നരേന്ദ്രമോഡി, അതൃപ്തിയില്‍ പ്രധാനമന്ത്രി

11 Sep 2022 1:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുതിയ നേതാക്കളെ കണ്ടെത്തൂ; ബിജെപി കേരള നേതൃത്വത്തോട് നരേന്ദ്രമോഡി, അതൃപ്തിയില്‍ പ്രധാനമന്ത്രി
X

കൊച്ചി: സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. സെപ്തംബര്‍ ഒന്നിന് നടന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തിലാണ് പ്രധാനമന്ത്രി സംസ്ഥാന ഘടകത്തോടുള്ള തന്റെ അതൃപ്തി രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ നിലവിലെ അന്തരീക്ഷം ബിജെപി പ്രത്യയശാസ്ത്രത്തിന് വളരാന്‍ കഴിയാവുന്നതാണ്. എന്നാല്‍ തീരെ ചെറിയ മുന്നേറ്റം മാത്രമേ ഉണ്ടാവുന്നുള്ളൂവെന്ന് മോഡി എടുത്തു പറഞ്ഞു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ് എന്നതിന്റെ മുന്‍തൂക്കം ഉപയോഗപ്പെടുത്താനുള്ള ഒരു നടപടിയും സംസ്ഥാന നേതൃത്വം എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോള്‍ നടന്നതും മുന്‍പേ നടന്നതുമായ പരിപാടികളുടെ വിശദമായ റിപ്പോര്‍ട്ട് താന്‍ പരിശോധിച്ചു. പക്ഷെ അത് പേപ്പറില്‍ മാത്രമേ ഉള്ളൂ, ഗുണപരമായ മാറ്റം യഥാര്‍ത്ഥത്തില്‍ ഉണ്ടാക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പല പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തിക്കുന്നില്ല. പുതിയ നേതാക്കളെ കണ്ടെത്തണം. സമുദായങ്ങളുമായുള്ള ബന്ധം ശക്തിപ്പെടണമെന്നും പ്രധാനമന്ത്രി സംസ്ഥാന നേതൃത്വത്തോട് പറഞ്ഞു. അതേ സമയം സംസ്ഥാന നേതൃത്വത്തില്‍ മൊത്തത്തില്‍ അഴിച്ചുപണി വേണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയങ്ങളെ കുറിച്ച് അന്വേഷിക്കാനെത്തിയ കേന്ദ്ര മന്ത്രിമാര്‍ ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത ഉണ്ടായിട്ടും പരാജയപ്പെട്ട 144 മണ്ഡലങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ നേരിട്ട് സന്ദര്‍ശനം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. അമിത് ഷായും ജെപി നദ്ദയും ഉള്‍പ്പെട്ട സമിതിയാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്. തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം, എന്നീ ലോക്‌സഭാ മണ്ഡലങ്ങളാണ് കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ടില്‍ പരിഗണിച്ചത്.

ന്യൂനപക്ഷങ്ങളെ പാര്‍ട്ടിക്ക് ഒപ്പം നിര്‍ത്താന്‍ കഴിയുന്നില്ല, പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗത്തെ സ്വാധീനിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല, ക്രൈസ്തവ വോട്ട് ബാങ്കിലേക്ക് പാര്‍ട്ടിക്ക് എത്തിച്ചേരാനാകുന്നില്ല എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ പ്രധാന വിലയിരുത്തലുകള്‍. കൂടാതെ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ സാധിക്കുന്നില്ല എന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനുളള അനുകൂല സാഹചര്യം കേരളത്തില്‍ ഉണ്ടെങ്കിലും അതിനെ ശക്തമായ വോട്ട് ബാങ്ക് ആക്കി മാറ്റാന്‍ സാധിക്കുന്നില്ല. മറ്റ് പാര്‍ട്ടികളില്‍ നിന്നും പലരും ബിജെപിയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരെ കൊണ്ടുവരാനായി പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായിട്ടുളള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും വിമര്‍ശനമുണ്ട്.

അതേസമയം തമിഴ്‌നാട്ടിലും തെലങ്കാനയിലും പ്രതികൂല സാഹചര്യം ആയിരുന്നിട്ടും സംഘടനാ സംവിധാനം മെച്ചപ്പെട്ട രീതിയില്‍ നടക്കുന്നുണ്ട്. ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ ഈ രണ്ട് സംസ്ഥാന നേതൃത്വങ്ങള്‍ക്കും സാധിക്കുന്നുണ്ട്. അതിനാല്‍ കേരളം, തമിഴ്‌നാടിനെയും തെലങ്കാനയെയും മാതൃകയാക്കണമെന്നാണ് നിര്‍ദേശം. ഒക്ടോബര്‍ മുതല്‍ ജനുവരി വരെ ഈ ലോക്‌സഭ മണ്ഡലങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ വീണ്ടും സന്ദര്‍ശനം നടത്തും.

Story Highlights: Narendra Modi has expressed his displeasure at the sad state of affairs plaguing the party's unit in kerala

Next Story