Top

'ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, കണ്ടെത്തിയത് രക്തം വാര്‍ന്ന നിലയില്‍'; കുതിരവട്ടത്തെ അന്തേവാസിയുടെ മരണത്തില്‍ ദുരൂഹത

സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

11 Feb 2022 4:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, കണ്ടെത്തിയത് രക്തം വാര്‍ന്ന നിലയില്‍; കുതിരവട്ടത്തെ അന്തേവാസിയുടെ മരണത്തില്‍ ദുരൂഹത
X

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണത്തില്‍ ദുരൂഹത. അന്തേവാസിയായ യുവതിയുടെ ശരീരം മുഴുവന്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തി. കഴുത്തിന് പിന്‍വശത്തായി അടിയേറ്റ മുഴയും കാണാനാകും. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വാര്‍ന്നിട്ടുണ്ട്. പക്ഷേ അടിപിടി നടന്ന സമയത്ത് യുവതിയ്ക്ക് പരുക്കേറ്റിട്ടില്ല എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. അതേസമയം, മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കും.

ഇന്നലെയാണ് മഹാരാഷ്ട്ര സ്വദേശിനിയായ ജിയോറാം ജിലോട്ടിനെ ആശുപത്രിയിലെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ ദിവസം വൈകിട്ട് ആശുപത്രി സെല്ലില്‍ അന്തേവാസികള്‍ തമ്മില്‍ അടിപിടിയുണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഭര്‍ത്താവിനെ തേടി തലശ്ശേരിയില്‍ എത്തിയ ജിയോറാം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 28നാണ് പൊലീസ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Next Story