'ബിജെപിയുടെ സോഷ്യല്‍ എന്‍ജിനീയറിങ് കേരളത്തില്‍ ഫലപ്രദമാകില്ല'; തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവനയില്‍ എം വി ഗോവിന്ദന്‍
ഏതെങ്കിലും ഒരു തുറുപ്പ് ചീട്ട് വെച്ച് കേരളത്തെ പിടിക്കാമെന്ന് ആരും കരുതേണ്ടെന്നും എം വി ഗോവിന്ദന്‍
19 March 2023 5:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: ബിജെപിയുടെ സോഷ്യല്‍ എന്‍ജിനീയറിങ് കേരളത്തില്‍ നടപ്പാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. റബ്ബറിന്റെ വില ഉയര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.
'തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന സംബന്ധിച്ച് അറിയില്ല. ഞാന്‍ പ്രതികരിക്കേണ്ട കാര്യമില്ല. മതനിരപേക്ഷ ഉള്ളടക്കമാണ് ഇവിടുത്തെ പ്രശ്‌നം. ഹിന്ദുത്വ രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബിജെപി. അവിടെ റബ്ബറിന്റെ വില മാത്രമല്ല പ്രശ്‌നം. ക്രിസ്ത്യന്‍ മുസ്ലിം ന്യൂനപക്ഷത്തെയും ഹിന്ദു ഭൂരിപക്ഷത്തെയും കൂടെ നിര്‍ത്താനുള്ള ശ്രമമാണ്. ത്രിപുരയില്‍ നൂറുകണക്കിന് പശുക്കളെയാണ് ബിജെപിക്കാര്‍ കൊന്നത്. കമ്മ്യൂണിസ്റ്റുകാരന്റെ വീട്ടിലെ പശു കമ്മ്യുണിസ്റ്റുകാരനാണോ? ഏതെങ്കിലും ഒരു തുറുപ്പ് ചീട്ട് വെച്ച് കേരളത്തെ പിടിക്കാമെന്ന് ആരും കരുതേണ്ട. അതൊന്നും കേരളത്തില്‍ വിലപ്പോകില്ല', എം വി ഗോവിന്ദന്‍ പറഞ്ഞു.
റബ്ബറിന്റെ വില 300 രൂപയായി ഉയര്‍ത്തിയാല്‍ പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നും അംഗങ്ങളില്ലെന്ന പരാതി മാറ്റിത്തരാമെന്നായിരുന്നു തലശ്ശേരി ബിഷപ്പിന്റെ വാഗ്ദാനം. കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് ക്രൈസ്തവ സഭയുടെ പിന്തുണയ്ക്ക് ബിജെപി ശ്രമിക്കുന്നതിനിടെയാണ് ബിഷപ്പിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
Story Highlights: MV Govindan's Reaction On Thamarassery Bishop's Statement