Top

'വലത് വിദ്യാര്‍ത്ഥി സംഘടനകള്‍ കലാലയങ്ങളെ കലാപവത്കരിക്കാന്‍ ശ്രമിക്കുന്നു'; അപര്‍ണയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ എംവി ഗോവിന്ദന്‍

''ലഹരി മാഫിയക്കെതിരെ നിരന്തരപോരാട്ടം നടത്തുന്ന സഖാവിനെ കോളേജ് തെരഞ്ഞെടുപ്പിനിടെയാണ് ഈ സംഘം ആക്രമിച്ചത്. ''

3 Dec 2022 11:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വലത് വിദ്യാര്‍ത്ഥി സംഘടനകള്‍ കലാലയങ്ങളെ കലാപവത്കരിക്കാന്‍ ശ്രമിക്കുന്നു; അപര്‍ണയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ എംവി ഗോവിന്ദന്‍
X

തിരുവനന്തപുരം: മേപ്പാടി പോളിടെക്‌നിക്ക് കോളേജിലെ എസ്എഫ്‌ഐ നേതാവ് അപര്‍ണ ഗൗരിയെ ലഹരി മാഫിയ സംഘം മര്‍ദിച്ച സംഭവം ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലഹരിയുടെ മൊത്ത വിതരണക്കാരായി മാറുന്ന വലതു വിദ്യാര്‍ത്ഥി സംഘടനകള്‍ കലാലയങ്ങളെ കലാപവത്കരിക്കാന്‍ ശ്രമിക്കുകയാണ്. ഈ ശ്രമങ്ങളെ വിദ്യാര്‍ത്ഥി സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

എംവി ഗോവിന്ദന്റെ പ്രസ്താവന: ''വയനാട് മേപ്പാടി പോളിടെക്‌നിക്ക് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അപര്‍ണയെ വലതു വിദ്യാര്‍ത്ഥി സംഘടനകളുടെ ലഹരി മാഫിയ സംഘം അതിക്രൂരമായി മര്‍ദ്ധിച്ച സംഭവം ഞെട്ടിക്കുന്നതും അപലപനീയവുമാണ്. ലഹരി മാഫിയക്കെതിരെ നിരന്തരപോരാട്ടം നടത്തുന്ന സഖാവിനെ കോളേജ് തെരഞ്ഞെടുപ്പിനിടെയാണ് ഈ സംഘം ആക്രമിച്ചത്. സഖാവ് മേപ്പാട് മിംസ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അക്രമത്തെ റിപ്പോര്‍ട്ട് ചെയ്യാനോ അപലപിക്കാനോ മാധ്യമങ്ങള്‍ ഈ നിമിഷം വരെ തയ്യാറായിട്ടില്ല. ലഹരിയുടെ മൊത്ത വിതരണക്കാരായി മാറുന്ന വലതു വിദ്യാര്‍ത്ഥി സംഘടനകള്‍ കലാലയങ്ങളെ കലാപവത്കരിക്കാന്‍ ശ്രമിക്കുകയാണ്. ഈ ശ്രമങ്ങളെ വിദ്യാര്‍ത്ഥി സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യും.''

ഇന്നലെയായിരുന്നു അപര്‍ണ ഗൗരിക്ക് നേരെ ആക്രമണമുണ്ടായത്. കോളേജില്‍ 'ട്രാബിയൊക്ക്' എന്ന പേരില്‍ അറിയപ്പെടുന്ന മയക്കുമരുന്ന് സംഘമാണ് അപര്‍ണയെ ആക്രമിച്ചതെന്ന് എസ്എഫ്‌ഐ പറഞ്ഞു. ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ അപര്‍ണയെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു അക്രമണം. സംഘമായെത്തിയവര്‍ അപര്‍ണയുടെ മുടിക്ക് കുത്തി പിടിച്ച് മതിലിനോട് ചേര്‍ത്ത് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. മതിലിന്റെ മുകളില്‍ നിന്ന് തള്ളിയിട്ട് ചവിട്ടുകയും ചെയ്‌തെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അപര്‍ണയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ കിരണ്‍ രാജ്, കെടി അതുല്‍, ഷിബിലി, അബിന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Next Story

Popular Stories