Top

'സ്തുതിപാഠകരെ വെച്ച് കോണ്‍ഗ്രസിന് മുന്നോട്ടു പോകാനാകില്ല'; തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

നിര്‍ഭയമായി സംസാരിക്കാന്‍ പാര്‍ട്ടി വേദികളില്‍ അവസരം ഉണ്ടാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

13 March 2022 2:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്തുതിപാഠകരെ വെച്ച് കോണ്‍ഗ്രസിന് മുന്നോട്ടു പോകാനാകില്ല; തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
X

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്തുതിപാഠകരെ വെച്ച് കോണ്‍ഗ്രസിന് ഇനി മുന്നോട്ടു പോകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപൂജയും ബിംബവത്ക്കരണവും ഒരിക്കലും ജയിച്ചിട്ടില്ല. ആദര്‍ശവും ആശയ വ്യക്തതയുമുള്ള നേതാക്കളാണ് പാര്‍ട്ടിക്ക് ആവശ്യമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശയിലാക്കി. പ്രവര്‍ത്തകരുടെ മനോവീര്യം തണുത്തുകൊണ്ടിരിക്കുകയാണ്. നിര്‍ഭയമായി സംസാരിക്കാന്‍ പാര്‍ട്ടി വേദികളില്‍ അവസരം ഉണ്ടാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം അവലോകനം ചെയ്യുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനം. ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുള്‍ വാസ്നികിന്റെ പേര് നിര്‍ദേശിച്ച് ജി 23 നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് തൊട്ടുമുന്‍പായിരുന്നു ജി 23 നിര്‍ദേശം. നിലവില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് മുകുള്‍ വാസ്നിക്. എന്‍എസ്യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ ദേശീയ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009-14 വരെ മഹാരാഷ്ട്രയിലെ രാംടെക് മണ്ഡലത്തെ പ്രതിനിധീകരിച്ചു. കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് അശോക് ഗെലോട്ട് രംഗത്തെത്തി. പാര്‍ട്ടിയിലെ ഐക്യത്തിന് ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് വേണമെന്നും അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടു.

സോണിയ അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കോണ്‍ഗ്രസ്. എന്‍ഡിടിവി പുറത്തുവിട്ട വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഉത്തരവാദിത്വങ്ങള്‍ ഒഴിയുമെന്നാണ് എന്‍ഡിടിവി ഇന്നലെ പുറത്തുവിട്ട വാര്‍ത്ത.

2019ലെ പൊതു തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. ഉത്തരവാദിത്വം സോണിയാ ഗാന്ധി ഏറ്റെടുത്തു. എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയും ചുമതലയേറ്റു. അഭിമാന പോര് നടന്ന ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞതും പ്രിയങ്കയായിരുന്നു. അനൗദ്യോഗികമായി വഹിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ നിന്ന് രാഹുലും അധ്യക്ഷ സ്ഥാനത്തു നിന്ന് സോണിയയും എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് പ്രിയങ്കയും ഒഴിഞ്ഞാല്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയാവും.

STORY HIGHLIGHTS: Mullappally ramachandran criticizes Aicc

Next Story

Popular Stories