'ബിബിസിയുടേത് അപവാദപ്രചരണം'; അഭിമാനമുള്ള പൗരന്മാര് രാജ്യത്തിനൊപ്പം നില്‍ക്കണമെന്ന് എംടി രമേശ്
ഡിവൈഎഫ്ഐയുടെ കൊടിയില്‍ മാത്രമല്ല വെള്ളനിറമുള്ളത്. അവര്‍ക്ക് വെള്ളക്കാരുടെ മനസ്സാണെന്നും അദ്ദേഹം ആരോപിച്ചു
24 Jan 2023 10:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്ന 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററി ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ബിജെപി നേതാവ് എംടി രമേശ്. രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ ഒരു വിദേശ മാധ്യമം അപവാദ പ്രചരണം നടത്തുമ്പോള്‍ അഭിമാനമുള്ള പൗരന്മാര് രാജ്യത്തിനൊപ്പം നില്‍ക്കുകയാണ് ചെയ്യുക. എന്നാല്‍ ഒറ്റുകാരുടെ പാരമ്പര്യമുള്ളതുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷുകാരുടെ ഒപ്പം നില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു എംടി രമേശ്. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തതും ക്യാബിനറ്റ് മിഷന് മുന്നില്‍ രാജ്യത്തിന്റെ അഖണ്ഡതയെ തള്ളിപ്പറഞ്ഞതുമാണ് രാജ്യത്തെ കമ്മ്യൂണിസ്റ്റുകാരുടെ ചരിത്രം. ഡിവൈഎഫ്ഐയുടെ കൊടിയില്‍ മാത്രമല്ല വെള്ളനിറമുള്ളത്. അവര്‍ക്ക് വെള്ളക്കാരുടെ മനസ്സാണെന്നും അദ്ദേഹം ആരോപിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
രാജ്യത്തിന്റെ പ്രധാനമന്ത്രിയ്ക്കെതിരെ ഒരു വിദേശമാധ്യമം അപവാദ പ്രചരണം നടത്തുമ്പോള്‍ അഭിമാനമുള്ള പൗരന്മാര് രാജ്യത്തിനൊപ്പം നില്ക്കും. പക്ഷെ ജനിതക ഘടനയില്‍ തന്നെ ഒറ്റുകാരുടെ പാരമ്പര്യമുളള കമ്മ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നില്ക്കും. സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഈ ജനിതക വൈകല്യം കാണിച്ചിട്ടുണ്ട്. ആഗസ്റ്റ് പതിനഞ്ച് ആപത്ത് പതിനഞ്ചായതും ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തതും ക്യാബിനറ്റ് മിഷന് മുന്നില്‍ രാജ്യത്തിന്റെ അഖണ്ഡതയെ തള്ളിപ്പറഞ്ഞതും ചരിത്രം. വിത്തുഗുണം കാണിക്കാതെ വയ്യ കുട്ടി സഖാക്കള്‍ക്ക്-ഡിവൈഎഫ്ഐയുടെ കൊടിയില്‍ മാത്രമല്ല മനസ്സിലും വെള്ളയും വെള്ളക്കാരോടുള്ള കൂറുമാണ്.
ഡോക്യുമെന്ററിക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതോടെയാണ് സംസ്ഥാന വ്യാപക പ്രദര്‍ശനവുമായി ഡിവൈഎഫ്ഐയും എസ്എഫ്ഐയും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയത്. ഗുജറാത്ത് വംശഹത്യയിലെ മോദിയുടെ പങ്ക് പറയുന്നതായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യഭാഗം. അധികാരം നിലനിര്‍ത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെ കുറിച്ചാണ് രണ്ടാംഭാഗമെന്ന് ബിബിസി നേരത്തെ വ്യക്തമാക്കിയിരുന്നു.
STORY HIGHLIGHTS: MT Ramesh reaction about DYFI screening BBC documentary
- TAGS:
- MT Ramesh
- BJP
- BBC Documentary
- DYFI