Top

'പുലിയെ ഇറക്കിയത് വനം വകുപ്പ്'; വനസംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകരെ ദ്രോഹിക്കുകയാണെന്ന് എം എം മണി

'റിസര്‍വ്വ് വനമായി കരട് വിജ്ഞാപനമിറക്കിയതിന് പിന്നാലെയാണ് മേഖലയില്‍ പുലിയുടെ സ്ഥിരം സാന്നിധ്യമുണ്ടായത്'

14 Oct 2022 4:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുലിയെ ഇറക്കിയത് വനം വകുപ്പ്; വനസംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകരെ ദ്രോഹിക്കുകയാണെന്ന് എം എം മണി
X

ഇടുക്കി: ചെങ്കുളത്ത് പുലിയുടെ സ്ഥിരം സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ പരാതിയിൽ വനംവകുപ്പിനെ വിമർശിച്ച് ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി. പുലിയെ ഇറക്കിയത് വനം വകുപ്പ് ആണെന്ന് എംഎൽഎ ആരോപിച്ചു. വന സംരക്ഷണത്തിന്റെ പേരിൽ കര്‍ഷകരെ ദ്രോഹിക്കുകയാണ്. വന നിയമവും ഭേദഗതി ചെയ്യണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും എം എം മണി പ്രതികരിച്ചു.

'1980ല്‍ ഇന്ദിരാ ഗാന്ധി കൊണ്ടുവന്ന വന സംരക്ഷണ നിയമം മലയോര കര്‍ഷകരുടെ വായിലേക്ക് മണ്ണിടുന്ന പണിയാണ് ചെയ്തത്. ഫോറസ്റ്റുകാര് വിളയുകയാണ്. പുലിയേയും കടുവയേയും ഇവിടെ കൊണ്ടുപോയി വളര്‍ത്തുകയാണ്. ഇവിടെ ഇടുകയാണ്. ഞങ്ങള്‍ കൊണ്ടുവന്നതാണോ? അവര്‍ കൊണ്ടുവന്ന നിയമമാണ്. വനം സംരക്ഷിക്കപ്പെടണം,' എം എം മണി പറഞ്ഞു.

'പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തണം. അതിന് കൃഷിക്കാര്‍ താമസിക്കുന്നിടത്ത് ആനച്ചാലുകളില്‍ കൊണ്ടുവന്ന്, അവിടെ കുറച്ച് സ്ഥലമുണ്ട് ഡാമിന്റെ കരയ്ക്ക്, അവിടെ പുലിയെ കൊണ്ടുപോയി ഇട്ടിരിക്കുകയാണ്. ഫോറസ്റ്റുകാരാണ് ചെയ്യുന്നത്. പിണറായി വിജയനാണോ പുലിയെ കൊണ്ടിടുന്നത്. പിണറായി ആണോ 80ലെ വന സംരക്ഷണ നിയമം കൊണ്ടുവന്നത്. നായനാര്‍ സര്‍ക്കാരോ മറ്റ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളോ ആണോ? കേന്ദ്ര സര്‍ക്കാര്‍ ആണ് വന സംരക്ഷണ നിയമം കൊണ്ടുവന്നത്,' എം എം മണി പ്രതികരിച്ചു.

കഴിഞ്ഞ ദിവസം പുലിയെ നേരില്‍ കണ്ടതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ചെങ്കുളം ഉൾപ്പെടുന്ന ഇടുക്കി ആനച്ചാലിലെ 87 ഹെക്ടര്‍ ഭൂമി റിസര്‍വ്വ് വനമായി കരട് വിജ്ഞാപനമിറക്കിയതിന് പിന്നാലെയാണ് മേഖലയില്‍ പുലിയുടെ സ്ഥിരം സാന്നിധ്യമുണ്ടായത്. ഇതിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.

രാത്രികാല പട്രോളിങ്ങിനിറങ്ങിയ പൊലീസുകാരാണ് ആദ്യം പ്രദേശത്ത് പുലിയെ കണ്ടത്. കഴിഞ്ഞ ദിവസം പുലി പ്രധാന റോഡില്‍ വാഹനത്തിന് കുറുകെ ചാടിയിരുന്നു. ഇതോടെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും പ്രത്യക്ഷ സമരവുമായി രം​ഗത്തുണ്ട്. അതേസമയം പുലിയുടെ ആക്രമണം മേഖലയില്‍ ഉണ്ടായിട്ടില്ലെന്ന് മൂന്നാര്‍ ഡിഎഫ്ഒ രാജു ഫ്രാന്‍സിസ് പറഞ്ഞു. ചെങ്കുളം മേഖലയിലെ പുലിയെ നിരീക്ഷിക്കാനും കണ്ടെത്താനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വനംവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഡിഎഫ്ഒ വ്യക്തമാക്കി

STORY HIGHLIGHTS: MM Mani Criticizing forest department on tiger nuisance in idukki

Next Story