ലൗ ജിഹാദോ എന്താണത്?; മിശ്ര വിവാഹങ്ങള്‍ക്ക് യാതൊരു തടസ്സവുമില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍
5 May 2022 5:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂഡല്‍ഹി: വ്യത്യസ്ത വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന മനുഷ്യര്‍ക്ക് നിയമപരമായ പ്രായപൂര്‍ത്തിയായാല്‍ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കുന്നതില്‍ യാതൊരു തടസവുമില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുര. ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ മക്കള്‍ മിശ്രവിവാഹത്തിന് നിര്‍ബന്ധിക്കപ്പെട്ടുവെന്നാരോപിച്ച് മാതാപിതാക്കളില്‍ നിന്ന് കമ്മീഷന് മുമ്പ് ചില പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതികളില്‍ പലതും സത്യമാണെന്ന് പിന്നീട് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
'എന്താണ് ലൗ ജിഹാദ്?, ഒരു ഡിക്ഷണറിയിലും ഞാന്‍ ഈ പദം കണ്ടിട്ടില്ല', രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലൗ ജിഹാദ് നടന്നിട്ടുണ്ടെന്ന് ബിജെപി പ്രചരണം നടത്തുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
'ഏതെങ്കിലും പ്രത്യേക സമുദായം ലൗ ജിഹാദുണ്ടെന്ന തരത്തില്‍ പരാതി പറയുന്നത് ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ ബിജെപി പ്രതിനിധിയോ വക്താവോ അല്ല. ബിജെപിക്കേ അതിനെ കുറിച്ച് പറയാന്‍ കഴിയൂ'വെന്നും അദ്ദേഹം പറഞ്ഞു.
മതത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ഏതെങ്കിലും ഒരു സമുദായത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല. മിശ്രവിവാഹത്തിന് തടസ്സങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
'തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച് മതം മാറ്റുന്ന ചില ഒറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം പരാതികള്‍ പരിശോധിച്ച് സംസ്ഥാനങ്ങള്‍ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. കേരളത്തിലെ ക്രൈസ്തവര്‍ക്ക് പരാതികളുണ്ടെങ്കില്‍ താന്‍ ഇടപെടാം. താനും ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളും ഇതിനായി കേരളത്തിലെത്താം. പരാതിക്കാരുമായി സംസാരിക്കാം', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: minority commision says no bar on interfaith marriage