Top

'പാലാരിവട്ടം പാലം പോലെയല്ല കൂളിമാട് പാലം'; ആരേയും മാലയിട്ട് സ്വീകരിച്ചില്ലെന്ന് മന്ത്രി റിയാസ്

പ്രതിപക്ഷ എംഎൽഎമാർ തന്നെ ഊരാളുങ്കൽ കമ്പനിയെ നിയോഗിക്കണം എന്ന് കത്ത് നൽകിയിട്ടുണ്ട്.

4 July 2022 5:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലാരിവട്ടം പാലം പോലെയല്ല കൂളിമാട് പാലം; ആരേയും മാലയിട്ട് സ്വീകരിച്ചില്ലെന്ന് മന്ത്രി റിയാസ്
X

തിരുവനന്തപുരം: കോഴിക്കോട് കൂളിമാട് പാലം തകർന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ കൃത്യമായ നടപടി സ്വീകരിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിര്‍മ്മാണ സമയത്ത് ബീം സ്ഥാപിക്കുന്നതിനിടെ തകര്‍ന്നുവീണത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കണ്ടത്. ഉടന്‍ പ്രവൃത്തി നിര്‍വ്വഹണ ചുമതലയുളള പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിനെ വിവരം അറിയിച്ചിരുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തെ ചുമതലപ്പെടുത്തി. വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ശാസ്ത്രീയവും വിശദവുമായ പരിശോധനയ്ക്ക് ശേഷമാണ് വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജാക്കിയുടെ പ്രവര്‍ത്തനത്തിലുണ്ടായ അപാകതയാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കരാര്‍ കമ്പനി നിയോഗിച്ച ജീവനക്കാര്‍ക്ക് പ്രവൃത്തി പരിചയമുണ്ടെന്നും, അപകടത്തില്‍ മൂന്ന് ബീമുകള്‍ക്ക് കേടുപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് മന്ത്രി സൂചിപ്പിച്ചു.

പാലാരിവട്ടം പാലവും കൂളിമാട് പാലവും രണ്ടും രണ്ടാണ്. കൂളിമാട് പാലത്തിന്റെ കാര്യത്തിൽ വകുപ്പും സർക്കാരും കൃത്യമായ സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പാലാരിവട്ടം പാലം ഫ്‌ളൈ ഓവര്‍ നിര്‍മ്മാണത്തിലെ കരാര്‍ കമ്പനിയായ ആര്‍ഡിഎസിന് പിഡബ്ല്യൂഡി മാന്വലിലെ നടപടിക്രമങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ടും കമ്പനി ഫയല്‍ ചെയ്ത സിവില്‍ കേസിന് മേല്‍ അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയ ശേഷവും കരിമ്പട്ടികയില്‍ പെടുത്തുവാന്‍ ദേശീയ ഹൈവേ വിഭാഗം ആവശ്യപ്പെട്ടിരുന്നു. അത് കൊണ്ടു തന്നെ രണ്ടു പാലവുമായി ബന്ധപ്പെട്ട കേസും രണ്ടാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

സർക്കാരിന് ഏതെങ്കിലും ഒരു പ്രത്യേക കമ്പനിയോട് പ്രത്യേക മമതയോ വിദ്വേഷമോ ഇല്ല. പ്രതിപക്ഷ എംഎൽഎമാർ തന്നെ ഊരാളുങ്കൽ കമ്പനിയെ നിയോഗിക്കണം എന്ന് കത്ത് നൽകിയിട്ടുണ്ട്. അത് നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്. ഈ കമ്പനിക്ക് അക്രെഡിറ്റഡ് ഏജന്‍സി എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയത് യുഡിഎഫ് ഭരിക്കുമ്പോഴാണ്. നല്ല പ്രവൃത്തി ചെയ്യുന്ന കമ്പനിയാണ് അതുകൊണ്ട് എന്തും ചെയ്യാമെന്ന് പറയുന്ന സര്‍ക്കാരല്ല ഇത്. പാലാരിവട്ടത്തിന്റെ ഹാങ്ങ്‌ ഓവർ മാറാത്തവരാണ് പ്രതിപക്ഷത്തിരിക്കുന്നത് എന്നും മന്ത്രി വിമർശിച്ചു. ബർമുഡ ഇട്ടാൽ ബർമുഡ ഇട്ടു എന്ന് തന്നെ പറയും അത് എന്ത് തന്നെ പറഞ്ഞിട്ടും കാര്യമില്ല. ബർമുഡ ഊരി പാന്റോ മറ്റോ ഇടുന്നതാണ് നല്ലതെന്നും മന്ത്രി പരിഹസിച്ചു.

STORY HIGHLIGHTS: Minister Riyas Says Koolimadu Bridge is not Like Palarivattam Bridge

Next Story