Top

'ഡബ്ല്യുസിസിയുടെ കത്തില്‍ ഹേമ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യമില്ല'; വിവാദമാണോ പരിഹാരമാണോ വേണ്ടതെന്ന് മന്ത്രി പി രാജീവ്

അന്ന് അവര്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും ഇത് വ്യക്തമാണെന്ന് മന്ത്രി രാജീവ്.

2 May 2022 12:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡബ്ല്യുസിസിയുടെ കത്തില്‍ ഹേമ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യമില്ല; വിവാദമാണോ പരിഹാരമാണോ വേണ്ടതെന്ന് മന്ത്രി പി രാജീവ്
X

ഡബ്ല്യുസിസി നല്‍കിയ കത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി പി രാജീവ്. സംക്ഷിപ്ത രൂപത്തോടൊപ്പം ശുപാര്‍ശകള്‍ പ്രസിദ്ധപ്പെടുത്തി നടപടികള്‍ ആരംഭിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്ന് അവര്‍ തന്നെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും വ്യക്തമാണെന്ന് മന്ത്രി രാജീവ് ചൂണ്ടിക്കാണിച്ചു. പരിഹാരം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമായിരിക്കും വിവാദങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി രാജീവ് അറിയിച്ചു.

മന്ത്രി പി രാജീവ് പറഞ്ഞത്: കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പോയപ്പോള്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ idea Exchange പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ഒരു മണിക്കൂറിലധികം നീണ്ട ഗൗരവമായ ആശയസംവാദമായിരുന്നു അത്. ഇന്നത്തെ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ഒരു മുഴു പേജില്‍ അത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ കൂടുതല്‍ നിക്ഷേപം വരാനുള്ള സാധ്യതകള്‍ വിശദീകരിക്കാനാണ് ശ്രമിച്ചത്. ചിലതെല്ലാം പുതിയ കാര്യങ്ങളാണ്. എന്നാല്‍, ഭൂരിപക്ഷം മലയാള ചാനലുകളും അത് കണ്ടതേയില്ല. പകരം ഹേമ കമ്മീഷനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം വിവാദമാക്കാന്‍ ശ്രമിച്ചു. ഇത് ജനുവരി 21 ന് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയായിരുന്നു. അന്ന് അത് നല്‍കിയവര്‍ തന്നെ പുതിയ കാര്യമെന്ന മട്ടില്‍ വാര്‍ത്തകള്‍ നല്‍കാന്‍ തുടങ്ങി.

മലയാള സിനിമയുമായി ബന്ധപ്പെട്ട രണ്ടു ചോദ്യങ്ങളും മറുപടിയും ഇതോടൊപ്പം നല്‍കുന്നു. wcc ജനുവരിയില്‍ നല്‍കിയ കത്തിന്റെ കോപ്പി ഇപ്പോള്‍ അവരുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിലും റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. സംക്ഷിപ്ത രൂപത്തോടൊപ്പം ശുപാര്‍ശകള്‍ പ്രസിദ്ധപ്പെടുത്തി നടപടികള്‍ ആരംഭിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്ന് അവര്‍ തന്നെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും വ്യക്തമാണ്. വിവാദങ്ങള്‍ക്ക് അപ്പുറത്ത് അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് അവരും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്.

കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ സംസ്‌കാരിക മന്ത്രി തന്നെ നിയമസഭയില്‍ വ്യകതമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. എല്ലാ stake holders മായി ചര്‍ച്ച ചെയ്യണമെന്ന wcc യുടെ ആവശ്യം കൂടി പരിഗണിച്ച് മെയ് 4ന് മന്ത്രി ചര്‍ച്ചയും നടത്തുന്നുണ്ട്. ഇതിനൊന്നും പരിഹാരം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമായിരിക്കും വിവാദങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ മറുപടിയില്‍ വ്യക്തമാക്കുന്നത് പോലെ ശക്തമായ നടപടികളാണ് ഇത്തരം പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.




Next Story