Top

'തോൽവികളിൽ കിതയ്ക്കുന്നവരല്ല, കാര്യങ്ങൾ വിലയിരുത്തി കുതിക്കുന്നവരാണ് എൽഡിഎഫ്'; മന്ത്രി റിയാസിന്റെ പ്രതികരണം

3 Jun 2022 1:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തോൽവികളിൽ കിതയ്ക്കുന്നവരല്ല, കാര്യങ്ങൾ വിലയിരുത്തി കുതിക്കുന്നവരാണ് എൽഡിഎഫ്; മന്ത്രി റിയാസിന്റെ പ്രതികരണം
X

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവികളിൽ കിതയ്ക്കുന്നവരല്ല, കാര്യങ്ങൾ വിലയിരുത്തി കുതിക്കുന്നവരാണ് എന്നും എൽഡിഎഫെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജനവിധി അംഗീകരിക്കുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാൾ എൽഡിഎഫിന് വോട്ട് വർദ്ധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മറ്റു കാര്യങ്ങൾ എല്ലാം വിശദമായി തന്നെ എൽഡിഎഫ് നേതൃത്വം പരിശോധിക്കും. തെരഞ്ഞെടുപ്പ് തോൽവികളിൽ കിതയ്ക്കുന്നവരല്ല, കാര്യങ്ങൾ വിലയിരുത്തി കുതിക്കുന്നവരാണ് എന്നും എൽഡിഎഫെന്നും റിയാസ് പറഞ്ഞു.

നേരത്തെ കെ റെയിൽ പദ്ധതി തൃക്കാക്കര തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പ്രതികൂല സാഹചര്യമുണ്ടാക്കിയെന്ന് വിലയിരുത്തൽ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രം​ഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം കെ റെയിൽ വിഷയത്തിലെ ഹിതപരിശോധനയല്ല. കെറെയിൽ വിഷയം മുൻനിർത്തിയുണ്ടായ തെരഞ്ഞെടുപ്പ് അല്ല ഇത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് ഇത് സംബന്ധിച്ച നിർദേശം ഉണ്ടായത്. ആ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 99 സീറ്റ് ലഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അനുമതി ലഭിച്ചാൽ കെ റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും കോടിയേരി വ്യക്തമാക്കി.

തൃക്കാക്കരയിൽ യുഡിഎഫിന് അനുകൂലമായ ജനവിധി അംഗീകരിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല. ഇക്കാര്യം പരിശോധിച്ച് തുടർനടപടികളുമായി മുന്നോട്ടുപോകും. തെരഞ്ഞെടുപ്പ് ഫലം ഇടതു സർക്കാരിനെതിരായ ജനവികാരമാണെന്ന വിലയിരുത്തൽ ശരിയല്ലെന്നും കോടിയേരി വ്യക്തമാക്കി. തൃക്കാക്കര യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ്. തെരഞ്ഞെടുപ്പിൽ വിജയ പരാജയങ്ങൾ സ്വാഭാവികം. ഒരു തെരഞ്ഞെടുപ്പിൽ തോറ്റാൽ എല്ലാം പോയി എന്നില്ല. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 19 സീറ്റിൽ തോറ്റെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളിൽ ജയിച്ചുവെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു.

STORY HIGHLIGHTS: MINISTER MUHAMMAD RIYAS ON THRIKKAKARA BYPOLL RESULT

Next Story