'90 ലക്ഷം കുടുംബങ്ങളില്‍ ഓണക്കിറ്റ്; 60 ലക്ഷം പേര്‍ക്ക് 3200 രൂപ വീതം പെന്ഷന്'; ഓണാശംസകളുമായി മന്ത്രി കെഎന്‍ ബാലഗോപാല്‍
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബോണസ്/ ഉത്സവ ബത്ത / അഡ്വാന്‍സ് അനുവദിച്ചു.
7 Sep 2022 3:40 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്തെ 90 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. 60 ലക്ഷത്തോളം ആളുകള്‍ക്ക് 3200 രൂപ സാമൂഹ്യ ക്ഷേമ പെന്ഷന് വീടുകളിലെത്തിച്ചു. അഞ്ച് ലക്ഷത്തിലധികം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആയിരം രൂപ അലവന്‍സ് നല്‍കിയെന്നും കെഎന്‍ ബാലഗോപാല്‍ ഓണാശംസ സന്ദേശത്തില്‍ പറഞ്ഞു.
ഓണത്തെ വരവേല്‍ക്കാന്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ധനവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നത്. സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളിലേക്കും സര്‍ക്കാരിന്റെ സഹായങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നും ജനങ്ങളുടെ പക്ഷത്ത് നിലയുറപ്പിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞത്: ആദ്യം തന്നെ എല്ലാവര്ക്കും എന്റെയും ധനകാര്യവകുപ്പിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍. മഹാമാരിക്കാലത്തിനുശേഷം പരിപൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നമ്മുടെ ഓണാഘോഷങ്ങള്‍ തിരികെ വന്നിരിക്കുകയാണ്. നാടും നഗരവും വിപണികളുമെല്ലാം ഓണത്തിരക്കില്‍ സജീവമായിരിക്കുന്നു. ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ധനവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നത്. കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളിലേക്കും സര്‍ക്കാരിന്റെ സഹായങ്ങള്‍ ഈ ഓണക്കാലത്ത് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാനത്തെ 90 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യാന്‍ പണം അനുവദിച്ചു. 60 ലക്ഷത്തോളം വരുന്ന ആളുകള്‍ക്ക് 3200 രൂപ സാമൂഹ്യ ക്ഷേമ പെന്ഷന് ഓണം പ്രമാണിച്ച് വീടുകളിലെത്തിച്ചു. 5 ലക്ഷത്തിലധികം വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആയിരം രൂപ അലവന്‍സ് നല്കി. കയര്‍കശുവണ്ടി കൈത്തറി ഉള്‍പ്പെടെയുള്ള പരമ്പരാഗത തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍ക്കും ഓണ സഹായം എത്തിച്ചു. പൂട്ടിക്കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 2000 രൂപ എക്സ്ഗ്രേഷ്യ ധനസഹായം നല്കി. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് നല്കി.
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബോണസ്/ ഉത്സവ ബത്ത / അഡ്വാന്‍സ് അനുവദിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ഓണം അലവന്‍സ് നല്കി. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട അര്‍ഹമായ വരുമാനം തുടര്‍ച്ചയായി നിഷേധിക്കപ്പെടുകയും മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് സമ്പദ് വ്യവസ്ഥ പൂര്‍ണ്ണ മുക്തമാകാതിരിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തിലും കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും വിവിധ സഹായങ്ങള്‍ എത്തിച്ചത് ഏറെ അഭിമാനത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.
സംസ്ഥാനത്തിലെ ജനങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ട് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റ് മുന്നോട്ടു പോവുകയാണ്. എന്നും എപ്പോഴും ജനങ്ങളുടെ പക്ഷത്ത് നിലയുറപ്പിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയം. ഈ ഓണക്കാലവും മലയാളികളോട് സാക്ഷ്യം പറയുന്നത് അത് തന്നെയാണ്. ഒരിക്കല്‍ കൂടി എല്ലാവര്ക്കും സന്തോഷവും സമാധാനവും സ്നേഹവും നിറഞ്ഞ ഓണാശംസകള്‍.
- TAGS:
- Onam Kits
- Kerala
- KN Balagopal